കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നഗരത്തിന്റെ മാലിന്യനിര്‍മാര്‍ജനത്തിനായി വിഭാവനം ചെയ്തിട്ടുള്ള സ്വീവറേജ് സംവിധാനത്തിന്റെ ഭാഗമായി പള്ളിത്തോട്ടം-താമരക്കുളം സ്വീവറേജ് ലൈനിന്റെ നിര്‍മാണോദ്ഘാടനം പള്ളിത്തോട്ടം പമ്പ് ഹൗസില്‍ മേയര്‍ പ്രസന്നാ ഏണസ്റ്റ് നിര്‍വഹിച്ചു. മാലിന്യസംസ്‌കരണ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നതെന്നും സിവറേജ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മേയര്‍ പറഞ്ഞു.
അമൃത്-2 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44.89 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ച പള്ളിത്തോട്ടം താമരക്കുളം മേഖലയിലെ പമ്പിങ് സ്റ്റേഷനുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും സ്വീവറേജ് സംവിധാനത്തിന്റെ പുനരുദ്ധാരണവും അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് ആരംഭിച്ചത്. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍, കോര്‍പ്പറേഷന്‍ എന്‍ജിനീയര്‍മാര്‍, അമൃത് പദ്ധതി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.