ലാവ്‌ലിന്‍ പിണറായി – നരേന്ദ്ര മോദി സൗഹൃദത്തിന്റെ സ്തംഭം: കെ.ജയന്ത്

Spread the love

പിണറായി വിജയന്റെയും നരേന്ദ്ര മോദിയുടെയും സൗഹൃദത്തിന്റെ സ്തംഭമാണ് ലാവ്‌ലിന്‍ കേസിലെ കോടതി നടപടികളില്‍ സിബി ഐ സ്വീകരിക്കുന്ന നിലപാടും മെല്ലപ്പോക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി കെ.ജയന്ത്.


സുപ്രീംകോടതിയില്‍ ലാവ്‌ലിന്‍ കേസ് മാറ്റിവെയ്ക്കുന്ന പതിവ് ഇത്തവണയും തെറ്റിയില്ല. ഒരു കേസ് തുടര്‍ച്ചയായി 38 തവണമാറ്റിവെച്ച സംഭവം രാജ്യത്ത്് ഉണ്ടായിട്ടില്ല. പിണറായി വിജയനോട് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കുന്ന കരുതലിന്റെ പ്രകട ഉദാഹരണമാണ് ഈ നടപടി. ജനത്തെ വിഡ്ഢികളാക്കി ഈ ഒളിച്ചുകളി നിര്‍ബാധം തുടരുകയാണ്.

മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത്,ലൈഫ് ഉള്‍പ്പെടെയുള്ള അന്വേഷണങ്ങളിലും സിപിഎം നടത്തിയ സഹകരണ കൊള്ളയിലെ ഇഡിയുടെ അന്വേഷണവും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി എക്‌സാലോജികിനെതിരായ അന്വേഷണം എല്ലാം ഇത്തരത്തില്‍ എങ്ങുമെത്താതെ നിലയ്ക്കുന്നവയാണ്. എക്‌സാലോജിക് മാസപ്പടി കേസില്‍ എസ്എഫ്ഐഒയുടെ അന്വേഷണവും അക്കര കാണാന്‍ പോകുന്നില്ല.

പൊതുതിരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ കേരളത്തില്‍ സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പിണക്കാന്‍ നരേന്ദ്ര മോദിയും ഒരുക്കമല്ല. നയപ്രഖ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനം മയപ്പെടുത്തിയതും കേന്ദ്ര സര്‍ക്കാരിനെതിരായ നിയമസഭാ പ്രമേയത്തില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നതും നരേന്ദ്ര മോദിയെ വേദനിപ്പിക്കാന്‍ മുഖ്യമന്ത്രിയും തയ്യാറാല്ലെന്ന വ്യക്തമായ സൂചന നല്‍കുന്നതാണ്. സിപിഎമ്മിന്റെയും ബിജെപിയുടേയും തിരഞ്ഞെടുപ്പിലെ കൊടുക്കല്‍ വാങ്ങല്‍ ഇടപാടുകള്‍ക്ക് കളം ഒരുക്കുന്നതിന് ഈ കേസുകള്‍ക്കുള്ള പങ്ക് വലുതാണ്. രാജ്യത്ത് പ്രതിപക്ഷ നേതാക്കളെ കള്ളക്കേസുകളില്‍പ്പെടുത്തി കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടാന്‍ ഓടി നടക്കുമ്പോഴാണ് അവര്‍ക്കൊന്നും ഇല്ലാത്ത പരിഗണന പിണറായി വിജയന് മോദി നല്‍കുന്നതെന്നതും ഇതിനോടൊപ്പം കൂട്ടിവായിക്കണം.


പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവേളയില്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്ര മോദിയുടെ കരം കവര്‍ന്ന് നില്‍ക്കുന്ന കാഴ്ചയിലൂടെ തന്നെ ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാണ്. ബിജെപിയുമായി പ്രത്യക്ഷത്തില്‍ അകല്‍ച്ചയിലാണെന്ന് വരുത്തിതീര്‍ക്കാന്‍ പ്രസ്താവന യുദ്ധം മുഖ്യമന്ത്രി നടത്താറുണ്ടെങ്കിലും കടുത്ത പ്രതിഷേധ നടപടികളിലേക്ക് അദ്ദേഹം കടക്കാറില്ല. അതിന് മികച്ച ഉദാഹരണമാണ് കേന്ദ്ര സര്‍ക്കാരിനെതിരായ ഡല്‍ഹി പ്രക്ഷോഭം പെടുന്നനെ പൊതുസമ്മേളനമാക്കി മാറ്റിയ പിണറായി മാജിക്കെന്നും കെ.ജയന്ത് പരിഹസിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *