ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം

Spread the love

ഭരണഘടനയുടെ 202 അനുച്ഛേദം നിഷ്‌കര്‍ഷിക്കുന്ന വാര്‍ഷിക സാമ്പത്തിക രേഖയാണ് ബജറ്റ്. അതിനൊരു പവിത്രതയുണ്ട്. എന്നാല്‍ രാഷ്ട്രീയ പ്രസ്താവനകളും പ്രതിപക്ഷ വിമര്‍ശനവും കുത്തിനിറച്ച് ബജറ്റിന്റെ പവിത്രത ഇല്ലാതാക്കി. ഒരു വിശ്വാസ്യതയുമില്ലാത്തതാണ് ഈ ബജറ്റ്. കഴിഞ്ഞ ഏഴ് വര്‍ഷത്തെ നിങ്ങളുടെ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ എന്തൊക്കെയാണ് നടപ്പാക്കിയതെന്ന് പരിശോധിച്ചാല്‍ പ്രഖ്യാപനങ്ങളില്‍ ഒരു വിശ്വാസ്യതയും ഇല്ലെന്ന് വ്യക്തമാകും.

കേരളം വലിയൊരു മുന്നേറ്റത്തിന് തുടക്കം കുറിക്കുകയാണെന്നാണ് ബജറ്റില്‍ പറയുന്നത്. അതിന് കാരണമായി പറയുന്നത് യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയും കൊച്ചി മെട്രോയും വാട്ടര്‍മെട്രോയുമൊക്കെയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നപ്പോള്‍ 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടമാണെന്നാണ് അന്ന് പാര്‍ട്ടി സെക്രട്ടറിയും ഇപ്പോള്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പറഞ്ഞത്. ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസനത്തിനുള്ള കവാടമെന്നാണ് പണ്ട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞതിനെ ധനമന്ത്രി ഇപ്പോള്‍ തിരുത്തിപ്പറഞ്ഞിരിക്കുന്നത്. എന്തെല്ലാം ത്യാഗങ്ങള്‍ സഹിച്ചാണ് യു.ഡി.എഫ് ഈ പദ്ധതികൊണ്ടുവന്നത്. യു.ഡി.എഫ് കാലത്ത് ഗെയില്‍ പൈപ്പ് ലൈന്‍ നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ ഭൂമിക്കടയില്‍ കുഴിച്ചിട്ട ബോംബാണെന്ന് പറഞ്ഞയാള്‍ ഇന്ന് മന്ത്രിയാണ്.

കേരളത്തിന്റെ സമ്പദ്ഘടന സണ്‍റൈസ് സമ്പദ്ഘടന ആണെന്നാണ് വാദിക്കുന്നത്. സാമ്പത്തിക സ്ഥിതി സംബന്ധിച്ച അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ബജറ്റ് രേഖകളുടെ ഭാഗമായി സമര്‍പ്പിച്ച സാമ്പത്തിക സൂചികകള്‍. ധനസ്ഥിതി വിലയിരുത്താന്‍ ഉപയോഗിക്കുന്ന റവന്യൂ കമ്മി, ധനക്കമ്മി എന്നീ സൂചികകള്‍ വച്ചു പരിശോധിക്കുമ്പോള്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ ധനപ്രതിസന്ധി രൂക്ഷമാണ്. റവന്യൂ കമ്മി 2022-23 ല്‍ റവന്യൂ കമ്മി/ജി.എസ്.ഡി.പി അനുപാതം 0.88% ആയിരുന്നു. 2023-24(RE ) ല്‍ റവന്യൂ കമ്മി/ജി.എസ്.ഡി.പി അനുപാതം 2.09% ആയി ഉയര്‍ന്നു. റവന്യൂ കമ്മി ഈ കാലയളവില്‍ 9,226 കോടിയില്‍ നിന്നും 24,585 ആയി ഉയര്‍ന്നു. ഇരട്ടിയിലും കൂടുതല്‍. ധനക്കമ്മി 2022-23 ല്‍ ധനക്കമ്മി/ജി.എസ്.ഡി.പി അനുപാതം 2.44% ആയിരുന്നു. 2023-24 (RE ) ല്‍ ധനക്കമ്മി/ജി.എസ്.ഡി.പി അനുപാതം 3.45% ആയി ഉയര്‍ന്നു. ധനക്കമ്മി ഈ കാലയളവില്‍ 25,554 കോടിയില്‍ നിന്നും 40,461 ആയി ഉയര്‍ന്നു.

ജി.എസ്.ടി വരുമാനത്തില്‍ ഉണ്ടായ വര്‍ധനവ് നോക്കിയാലും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത വ്യക്തമാണ്. 2022-23 ല്‍ (Actuals) 29, 513 ആയിരുന്നു ജി.എസ്.ടി വരുമാനം. ഇത് 2023-24(RE ) പ്രകാരം 32,596 കോടിയായി വര്‍ധിച്ചു. അതായതു 10 ശതമാനം വര്‍ധന. മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും 20 ശതമാനമാണെന്നാണ് പറഞ്ഞത്. നികുതി പിരിവ് കാര്യക്ഷമമായിരുന്നെങ്കില്‍ 30 ശതമാനത്തിനും മുകളില്‍ ജി.എസ്.ടി വരുമാനം ഉയരേണ്ടതായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കുറവ് വരുമാനമുള്ള സംസ്ഥാനങ്ങളുടെ മുന്‍നിരയിലേക്ക് കേരളം പോയി. പ്രതിപക്ഷം പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിഞ്ഞില്ലേ.

സംസ്ഥാന സര്‍ക്കാര്‍ ജി.എസ്.ടിയില്‍ വലിയ വളര്‍ച്ച കൈവരിച്ചു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇത് 2021-22 നു ശേഷമുള്ള താഴ്ചയില്‍ നിന്നും ഉണ്ടായ സ്വാഭാവിക വളര്‍ച്ച മാത്രമായിരുന്നു. 2023-24 ല്‍ ഉണ്ടായ 10 ശതമാനം വളര്‍ച്ച റവന്യു ന്യൂട്രല്‍ നിരക്കായ 14 നേക്കാള്‍ കുറവാണ്. ജി.എസ്.ടി വരുമാനമായി 2023-24 ലെ ബജറ്റിലെ എസ്റ്റിമേറ്റിനേക്കാള്‍ (35,982 കോടി ) കുറവാണ് 2024-25 ലെ ബജറ്റിലെ എസ്റ്റിമേറ്റ് (35,874 കോടി). മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാകണം അടുത്ത വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റ്. നിങ്ങള്‍ ജി.എസ്.ടിയില്‍ നിന്ന് കൂടുതല്‍ വരുമാനം പ്രതീക്ഷിക്കുന്നില്ലേ? ഇതാണോ സണ്‍റൈസ് സമ്പദ്വ്യവസ്ഥ?

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നത് Tax and duties on electrictiy ആണ്. 2022-23 ല്‍ 72 കോടിയില്‍ നിന്നും 2023-24(RE ) ല്‍ 373 കോടി ആയി ഉയര്‍ന്നു. അതായത് മുന്നൂറു കോടിയുടെ വര്‍ധനവ്. സാധാരണക്കാരെ പിഴിഞ്ഞാണ് ഈ നേട്ടമുണ്ടാക്കിയത്. 2024-25 വര്‍ഷത്തെ എസ്റ്റിമേറ്റ് 1100 കോടിയാണ്. ഇത് ജനങ്ങളെ പിഴിയാനാണ്. വൈദ്യുതി വിതരണ ചട്ടങ്ങള്‍ (സപ്ലൈ കോഡ്) പരിഷ്‌കരിക്കുന്നതോടെ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിലെ നിരക്കുകളില്‍ വീണ്ടും വര്‍ധനയുണ്ടായേക്കും. വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളുടെ നിരക്ക് 85% വരെ വര്‍ധിപ്പിച്ചു. ഈ നിരക്കിനെക്കാള്‍ കൂടുതലായിരിക്കും സപ്ലൈ കോഡിലെ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നാലുണ്ടാകുന്നത്.

കോടികളുടെ കുടിശികയാണ് സര്‍ക്കാര്‍ വരുത്തിവച്ചിരിക്കുന്നത് 3000 കോടി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍- 5400 കോടി, കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി- 1128 കോടി, കാരുണ്യ ബെനെവെലന്റ് ഫണ്ട്-198 കോടി, ഡി.എ, ഡി.ആര്‍, പേ റിവിഷന്‍ അരിയര്‍, പെന്‍ഷന്‍ റിവിഷന്‍ അരിയര്‍, ലീവ് സറണ്ടര്‍- 40,000 കോടി, കരാറുകാര്‍ക്ക് 16,000 കോടി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാവാഹിനി പദ്ധതി- 6 കോടി, കെട്ടിട തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍: 1 വര്‍ഷം കുടിശിക, ഉച്ചഭക്ഷണം: 91.51 കോടി. ഇത്തരത്തില്‍ എല്ലാ സമൂഹിക സുരക്ഷാപദ്ധതികളും ഇല്ലാതായി. സണ്‍റൈസ് സമ്പദ് വ്യവസ്ഥയില്‍ സാമൂഹിക സുരക്ഷാ പദ്ധതികളൊക്കെ എവിടെപ്പോയി? പാവങ്ങളെ ചേര്‍ത്ത് നിര്‍ത്താന്‍ കാലാകാലങ്ങളായി ഭരിച്ച സര്‍ക്കാരുകള്‍ നടപ്പാക്കിയ സാമൂഹിക സുരക്ഷാ പദ്ധതികളാണ് ഇപ്പോള്‍ മുടങ്ങിയത്. എന്നിട്ടാണോ കേരളത്തിന് ഒരു കുഴപ്പവുമില്ലെന്ന് ധനകാര്യമന്ത്രി പറയുന്നത്. അപകടകരമായ നിലയിലേക്കാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി പോകുന്നത്.

സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഉപേക്ഷിച്ച് മോദി സര്‍ക്കാരിനെ പോലെ തീവ്രവലതുപക്ഷ രീതിയായ പ്രൊജക്ടുകള്‍ക്കു പിന്നാലെ പോകുകയാണ്. പ്ലാനില്‍ പിന്നാക്ക അവസ്ഥയും ഭൂമി ശാസ്ത്രപരുമായ മുന്‍ഗണനയുമൊക്കെയുണ്ട്. നെഹ്രുവിന്റെ ആശയങ്ങളെ ഇല്ലാതാക്കാന്‍ നരേന്ദ്രമോദി പ്ലാനിംഗ് കമ്മീഷനെ നിര്‍ജീവമാക്കി.

ഇതേ മാതൃകയില്‍ സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡിനെ നിര്‍ജീവമാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രധാന പദ്ധതികളെല്ലാം കിഫ്ബിയിലാണ് ചെയ്യുന്നത്. കിഫ്ബിയില്‍ എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്ക് എന്തെങ്കിലും മുന്‍ഗണനയുണ്ടോ?
ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് ജനസംഖ്യ അനുപാതത്തില്‍ പദ്ധതിയുടെ ശതമാനം നീക്കിവയ്ക്കുന്ന മികച്ച മാതൃകയാണ് കേരളത്തിനുള്ളത്. ഇത് പ്രകാരം സംസ്ഥാന പദ്ധതി അടങ്കലിന്റെ 10% എസ്.സി.പി. (special component plan), 2 % ടി.എസ്.പി. (Tribal sub plan) ആയി വകയിരുത്തണം. കിഫ്ബിയിലൂടെ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഈ വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളാണ് നഷ്ടമാകുന്നത്.

പ്ലാനിന്റെ ഭാഗമായി 2022-23 ല്‍ 32,749 കോടി രൂപ ചിലവഴിച്ചപ്പോള്‍ 2023-24 ലെ പ്ലാനിന്റെ ബജറ്റ് എസ്റ്റിമേറ്റ് 29,329 കോടിയായി കുറഞ്ഞു. 2024-25 ലെ ബജറ്റ് എസ്റ്റിമേറ്റ് 29,312 രൂപയായി വീണ്ടും കുറഞ്ഞു. യു.ഡി.എഫ്. സര്‍ക്കാര്‍ പദ്ധതി അടങ്കല്‍ മുന്‍ വര്‍ഷത്തേക്കാള്‍ പ്രതിവര്‍ഷം 10% വര്‍ധന വരുത്തിയപ്പോള്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ പദ്ധതി അടങ്കല്‍ തുകയില്‍ കാര്യമായ വര്‍ദ്ധനവ് വരുത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് സാധിച്ചില്ല.

വിദേശ സര്‍വകലാശാലകള്‍ അനുവദിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. യു.ജി.സിയുടെ ഈ തീരുമാനം വന്നപ്പോള്‍ സി.പി.എം പോളിറ്റ് ബ്യൂറോ അതിന് എതിരായ നിലപാടല്ലേ സ്വീകരിച്ചത്. പി.ബി അംഗമായ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കേരളത്തിലാണ് പി.ബി എതിര്‍ത്ത യു.ജി.സി നിര്‍ദ്ദേശം നടപ്പാക്കുന്നത്. നിങ്ങള്‍ എന്ത് പാര്‍ട്ടിയാണെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്ക്. സ്വകാര്യ സര്‍വകലാശാലകളെ കുറിച്ച് പഠനം നടത്താന്‍ തീരുമാനിച്ചപ്പോള്‍ ചെറുമകനാകാന്‍ പ്രായമുള്ള എസ്.എഫ്.ഐക്കാരനെ വിട്ട് അന്നത്തെ ഉന്നത വിദ്യാഭ്യാസ വൈസ് ചെയര്‍മാനായിരുന്ന ടി.പി ശ്രീനിവാസന്റെ കരണത്തടിച്ചു. അന്ന് പിണറായി വിജയനായിരുന്നു പാര്‍ട്ടി സെക്രട്ടറി. വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി ടി.പി ശ്രീനിവാസനോട് ക്ഷമ ചോദിക്കണം.

എന്‍.കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രി വിളിച്ച വിരുന്നിന് പോയതോടെ യു.ഡി.എഫും സംഘപരിവാറും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലാണ് ചിലര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചാല്‍ പ്രതിപക്ഷ നേതാവും പോകാറുണ്ട്. ഇതൊക്കെ സാധാരണമാണ്. ആര്‍.എസ്.എസ് മേധാവിയുടെ മാനസപുത്രനും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്ക്കരിക്കും കുടുംബത്തിനും മുഖ്യമന്ത്രി പിണറായി വിജയന്‍ വിരന്ന് ഒരുക്കിയില്ലേ. പക്ഷെ അതിനെ ഞങ്ങള്‍ വിമര്‍ശിച്ചില്ല. അതാണ് ഞങ്ങളും നിങ്ങളും തമ്മിലുള്ള വ്യത്യാസം. ഇനി പ്രേമചന്ദ്രനെതിരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി നാലു വിരലുകളും സ്വന്തം നെഞ്ചത്തേക്കാണെന്ന് ഓര്‍ക്കണം. ശ്രീ എം എന്നയാളുടെ മാധ്യസ്ഥതയില്‍ മാസ്‌കറ്റ് ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാക്കളും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ച എന്തിന് വേണ്ടിയാണെന്ന് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ശ്രീ എമ്മിന് നാല് ഏക്കര്‍ പതിച്ചു കൊടുക്കുകയും ചെയ്തു. അതേക്കുറിച്ച് ആര്‍ക്കും അറിയില്ല.

പ്രസംഗത്തിനും അപ്പുറമുള്ള സംസ്ഥാനത്തിന്റെ യാഥാര്‍ത്ഥ ധനസ്ഥിതി ഭയപ്പെടുത്തുന്നതാണ്. അതേക്കുറിച്ച് പരിശോധിച്ച് നികുതി വരുമാനം കൂട്ടാനും ചെലവ് കുറയ്ക്കാനും അഴിമതി കുറയ്ക്കാനും ധൂര്‍ത്ത് കുറയ്ക്കാനും കെടുകാര്യസ്ഥത മാറ്റിവയ്ക്കാനും സര്‍ക്കാര്‍ തയാറാകണം. വരാനിരിക്കുന്ന തലമുറയെ പോലും ബാധിക്കുന്ന രീതിയിലാണ് ധനസ്ഥിതി പോകുന്നത്. അതുകൊണ്ടാണ് പ്രതീക്ഷയ്ക്കു പോലും വക നല്‍കാത്ത ബജറ്റ് നിര്‍ദ്ദേശങ്ങളെ എതിര്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *