സമരാഗ്നിയുടെ ഭാഗമായി കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത്. (23/02/2024).
കുഞ്ഞനന്ദന്‍ ഭക്ഷ്യ വിഷബാധയേറ്റ് ജയിലില്‍ മരിച്ചതിനെ കുറിച്ചും അന്വേഷിക്കണം; വന്യജീവി ആക്രമണങ്ങളില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിസംഗത; ഫ്രാന്‍സിസ് ജോര്‍ജ് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ്.
ടി.പി കൊലക്കേസില്‍ കുറ്റവാളിയായ കുഞ്ഞനന്ദന്റെ മരണവുമായി ബന്ധപ്പെട്ട് ഗൗരവതരമായ ആരോപണമാണ് ലീഗ് നേതാവ് കെ.എം ഷാജി ഉന്നയിച്ചിരിക്കുന്നത്. ഫസല്‍ കേസിലേത് ഉള്‍പ്പെടെ പ്രതികള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ടി.പി കൊലക്കേസില്‍ സി.പി.എം നേതാക്കളുമായി ബന്ധപ്പെടുത്താവുന്ന കണ്ണിയായ കുഞ്ഞനന്ദന്‍ ഭക്ഷ്യ വിഷബാധയേറ്റ് ജയിലില്‍ മരിച്ചതിനെ കുറിച്ച് അന്വേഷിക്കേണ്ടതാണ്. ടി.പി കൊലക്കേസില്‍ ചാര്‍ജ് ഷീറ്റ് നല്‍കി അന്വേഷണം നടക്കുമ്പോള്‍ മറ്റൊരു അന്വേഷണത്തിന് സാധ്യതയില്ലായിരുന്നു. എന്നാലിപ്പോള്‍ ഹൈക്കോടതി കേസ് റീ ഓപ്പണ്‍ ചെയ്ത സാഹചര്യത്തില്‍ ടി.പി വധത്തിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണം. അന്വേഷണം എവിടെ പോയി നില്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. കുലംകുത്തിയെന്ന് ചന്ദ്രശേഖരനെ ആദ്യം ആക്ഷേപിച്ചത് മുഖ്യമന്ത്രിയാണ്. ഇതിന് പിന്നാലെയാണ് താഴെയുള്ള നേതാക്കള്‍ ചന്ദ്രശേഖരനെ വെള്ള പുതപ്പിച്ച് കിടത്തുമെന്നും തലച്ചോറ് പൂക്കുല പോലെ ചിതറിക്കുമെന്നുമൊക്കെ പ്രസംഗിച്ചത്. കുലംകുത്തിയായി പ്രഖ്യാപിച്ച് കൊലപ്പെടുത്തണമെന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും ഇവരുടെ ഫോണ്‍ സംഭാഷണങ്ങളും പരിശോധിച്ചാല്‍ ഉന്നതതല ഗൂഡാലോചന വ്യക്തമാകും.
വനാതിര്‍ത്തികളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന 30 ലക്ഷത്തോളം ജനങ്ങള്‍ വന്യജീവി ആക്രമണങ്ങളെ തുടര്‍ന്ന് ഭീതിയില്‍ കഴിയുമ്പോള്‍ ഒരു നടപടിയും സ്വീകരിക്കാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്. അക്രമകാരികളായ വന്യജീവികളെ കൈകാര്യം ചെയ്യാനുള്ള അധികാരം വൈല്‍ഡ് ലൈഫ് വാര്‍ഡന് ഉണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കുറെക്കൂടി അധികാരം വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. വന്യജീവി ആക്രമണത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ഹ്രസ്വ കാലത്തേക്കോ ദീര്‍ഘ കാലത്തേക്കോ ആക്ഷന്‍ പ്ലാനുകളില്ല. നിസംഗതയാണ് സര്‍ക്കാരിന്റെ മുഖമുദ്ര. ഒരു ഉത്തരവാദിത്തവും ഇല്ലാതെയുള്ള വനംമന്ത്രിയുടെ സംസാരം കേട്ടാല്‍ തന്നെ ജനങ്ങള്‍ ഭയപ്പെടും. നിഷ്‌ക്രിയത്വമാണ് വനംമന്ത്രിയുടെ മുഖമുദ്ര. തമിഴ്‌നാട്, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ വന്യജീവി ആക്രമണങ്ങള്‍ ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടും കേരളം കണ്ണടച്ച് ഇരിക്കുകയാണ്. കാര്‍ഷക മേഖല ദുരന്തപൂര്‍ണമായ അവസ്ഥയിലാണ്. വന്യജീവി അക്രമണത്തിന് ഇരയായ 7000 പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാനുള്ളത്.
റബറിനെ കുറിച്ച് പറഞ്ഞ കോട്ടയം എം.പിയെ നവകേരള സദസില്‍ മുഖ്യമന്ത്രി പരസ്യമായി അപമാനിച്ചു. തിരിച്ചു പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. വിനീത വിധേയരായി മുഖ്യമന്ത്രിക്ക് മുന്നില്‍ ഇവര്‍ കൈകൂപ്പി നിന്ന കാഴ്ച കോട്ടയത്തെ ജനങ്ങള്‍ മറക്കില്ല. അതുകൊണ്ടു തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് ഉജ്ജ്വല വിജയം നേടും. വിജയത്തിനായി കോണ്‍ഗ്രസ് നേതൃത്വം നല്‍കും.
ഡി.വൈ.എഫ്.ഐ നേതാക്കളാണ് ഉഴവൂരില്‍ എസ്.ഐയുടെ കരണക്കുറ്റിക്ക് അടിച്ചത്. ചാലക്കുടിയില്‍ പൊലീസ് ജീപ്പിന് മുകളില്‍ കയറി മുദ്രാവാക്യം വിളിക്കുകയും എസ്.ഐയെ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്നും ഡി.വൈ.എഫ്.ഐ നേതാവ് പ്രസംഗിച്ചു. പൊലീസിനെ ആക്രമിച്ചതിന് അറസ്റ്റിലായ ഡി.വൈ.എഫ്.ഐക്കാരനെ സി.പി.എം ലോക്കല്‍ സെക്രട്ടറി പൊലീസ് ജീപ്പില്‍ നിന്നും ഇറക്കിക്കൊണ്ടു പോയി. ആര്‍ക്കും എതിരെ ഒരു കേസുമില്ല.
പാര്‍ട്ടിക്കാര്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ്. ക്രിമിനലുകളെ പോലെയാണ് പെരുമാറുന്നത്. നവകേരളസദസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഈ ക്രിമിനലുകളെയാണ് മുഖ്യമന്ത്രി വിട്ടത്. പൊലീസുകാരന്റെ കരണക്കുറ്റി അടിച്ചു പൊട്ടിച്ചിട്ടും നടപടി എടുക്കാത്ത ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് നാണമുണ്ടോ. കക്കൂസ് കഴുകാന്‍ പൊയ്ക്കൂടെയെന്ന് ആക്ഷേപിച്ച എസ്.എഫ്.ഐ സെക്രട്ടറിയെ ചേര്‍ത്തുപിടിച്ചാണ് ഡി.വൈ.എസ്.പി കൊണ്ടു പോയത്. അതേസമയം ഞങ്ങളുടെ കുട്ടികളുടെ കഴുത്തിന് പിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും പെണ്‍കുട്ടികളുടെ മുടിയില്‍ ചവിട്ടുകയും മൂക്കിന്റെ പാലവും കയ്യും ഒടിക്കുകയും ചെയ്തു. പൊലീസിന് ഇരട്ടത്താപ്പാണ്. ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ ക്രിമിനലുകളെ താരാട്ടുപാടി കൊണ്ടു നടക്കുകയാണ് പൊലീസ്. അതിനുള്ള പ്രതിഫലം പൊലീസിന് കിട്ടുന്നുമുണ്ട്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കാണ് ഇതിന്റെ നാണക്കേട്.
കൊല്ലത്തും തിരുവനന്തപുരത്തും കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ടും കൊട്ടിഘോഷിച്ച് സ്ഥാപിച്ച എ.ഐ ക്യാമറകളില്‍ ഒരു ദൃശ്യം പോലും പതിഞ്ഞില്ല. എ.ഐ ക്യാമറ ജനങ്ങളുടെ പോക്കറ്റിലേക്ക് മാത്രമാണോ ഫോക്കസ് ചെയ്യുന്നത്? ക്രിമിനലുകളുടെ നീക്കം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്യുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. തിരുവനന്തപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയത് ആരാണെന്നും എന്തിനാണെന്നും അറിയാനുള്ള ഉത്കണ്ഠ കേരളത്തിനുണ്ട്. ഈ സംഭവങ്ങള്‍ കേരളത്തിലെ മാതാപിതാക്കഴള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്.