കേരളത്തിന് കേന്ദ്ര സഹായം എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കൽ

Spread the love

കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചതായ ചില പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. നികുതി വിഹിതമായി 2736 കോടി രൂപയും ഐജിഎസ്ടിയുടെ സെറ്റിൽമെന്റായി 1386 കോടി രൂപയുമാണ് കഴിഞ്ഞ ദിവസം ലഭ്യമാക്കിയത്. സാധാരണ ഗതിയിൽതന്നെ ബജറ്റ് അനുസരിച്ച് ഗഡുക്കളായി സംസ്ഥാനത്തിന് ലഭ്യമാക്കേണ്ട നികുതി വിഹിതമാണിവ.

കേന്ദ്ര സർക്കാർ സംസ്ഥാനത്തുനിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതി തുകയുടെ വിഹിതമായാണ് 2736 കോടി രൂപ തന്നിട്ടുള്ളത്. കേന്ദ്ര നികുതി വിഹിതം മാസ ഗഡുവായാണ് അനുവദിക്കുന്നത്. ഇത്തവണയും ആ തുകയാണ് ലഭ്യമാക്കിയത്. കേരളത്തിന് മാത്രമല്ല, എല്ലാ സംസ്ഥാനത്തിനും ആനുപാതിക വിഹിതം ലഭിച്ചിട്ടുണ്ട്.

അന്തർ സംസ്ഥാന ചരക്ക് നീക്കത്തിനും സേവനത്തിനും ഇടാക്കുന്ന ഐജിഎസ്ടി കേന്ദ്ര ഖജനാവിലാണ് എത്തുക. ഇത് സംസ്ഥാനങ്ങൾക്ക് വിഭിജിച്ചു നൽകുന്നതാണ് രീതി. സംസ്ഥാനത്തിന് അവകാശപ്പെട്ട ഐജിഎസ്ടി വിഹിതം അനുവദിച്ചതും കേന്ദ്ര സഹായമല്ല.

സാധാരണ ഗതിയിൽ കേരളത്തിന് അർഹമായും ലഭിക്കേണ്ട 13,609 കോടി രൂപയുടെ വായ്പാനുമതി കേന്ദ്രം നിഷേധിച്ചിരിക്കുകയാണ്. സുപ്രീംകോടതിയിൽ സംസ്ഥാനം നൽകിയ പരാതി പിൻവലിച്ചാൽ ഈ അനുമതി നൽകാമെന്നാണ് കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ വർധിച്ച ചെലവുകൾ വഹിക്കാൻ സംസ്ഥാനത്തിന് ഉപയോഗിക്കാനാകുന്ന തുകയാണ് ഒരു കാരണവുമില്ലാതെ തടഞ്ഞുവച്ചിരിക്കുന്നത്. എന്നാൽ, മറ്റ് സംസ്ഥാനങ്ങൾക്ക് ഇത്തരം തുകകൾ എടുക്കുന്നതിനുള്ള അനുമതികൾ നൽകിയിട്ടുമുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *