ജനവാസ മേഖലയിൽ വന്യജീവികളുടെ ആക്രമണങ്ങൾ പ്രതിരോധിക്കുമ്പോൾ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മുഖാമുഖം പരിപാടിയിൽ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണ പ്രതിരോധത്തിന് വലിയ പരിഗണന നൽകും. മേഖലകളിൽ മന്ത്രിതല സംഘത്തിന്റെ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തും. വനത്തിനോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജനകീയ കമ്മിറ്റികൾ രൂപീകരിക്കും. കൃത്യമായ ഇടവേളകളിൽ കമ്മിറ്റി യോഗം ചേർന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട തീരുമാനങ്ങൾ ഏകോകിപ്പിക്കാൻ കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഇന്റർ സ്റ്റേറ്റ് കോഓഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റിയിൽ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തും. ജനവാസ മേഖലയിൽ പോലീസ് സഹായത്തോടെ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. വന്യജീവി ആക്രമണങ്ങളിൽ പരുക്കേൽക്കുന്നവർക്ക് മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ചികിത്സകൾ ലഭ്യമാക്കും. ധനസഹായം നിലവിൽ നൽകി വരുന്നുണ്ട്.
റവന്യൂ, ഫോറസ്റ്റ്, തദ്ദേശസ്വയംഭരണം, പട്ടികജാതി വികസനം തുടങ്ങിയ വകുപ്പുകളുടെ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കും. പുതിയ രണ്ട് റാപ്പിഡ് റെസ്പോൺസ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. അതിർത്തി മേഖലകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കും. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെ സ്പെഷ്യൽ ഓഫീസറായി നിയമിക്കും. രാത്രികാല നിരീക്ഷണം ശക്തിപ്പെടുത്തും. വന്യ മൃഗങ്ങളുടെ ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തും.
വന്യജീവി ആക്രമണത്തിൽ സർക്കാർ എന്തെല്ലാം തീരുമാനങ്ങൾ നടപ്പിലാക്കി, ആക്രമണത്തിനിരയായവരുടെ ആശ്രിതർക്ക് സർക്കാർ നൽകിയ സഹായങ്ങൾ എന്തൊക്കെയാണെന്നും വയനാട്ടിൽ നിന്നുള്ള പ്രസന്നകുമാർ ഉയർത്തിയ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.