ന്യൂ യോർക്ക് : ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) 2024-2025 വര്‍ഷത്തെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. റോയല്‍ ആല്‍ബര്‍ട്സ് പാലസിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങ് കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ഒറ്റക്കെട്ടായ പ്രവര്‍ത്തനമായിരിക്കും ഇന്ത്യ പ്രസ്സ് ക്ലബ് എന്നും പിന്തുടരുക എന്നും എല്ലാവരുടെയും പിന്തുണ അതിന് അനിവാര്യമാണെന്നും സ്വാഗതം പറഞ്ഞ ഐപിസിഎന്‍എ സെക്രട്ടറി ഷിജോ പൗലോസ് ചൂണ്ടിക്കാട്ടി. നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടുപോകും. എല്ലാവരെയും ഒന്നിപ്പിച്ചു സംഘടനയെ ശക്തിപ്പെടുത്തുക എന്നതായിരിക്കും പ്രഥമ ദൗത്യമെന്നും ഷിജോ പൗലോസ് പറഞ്ഞു.
https://drive.google.com/file/d/1ECmlHEi1RYIz9w9DPguast7xUfpbfz4e/view?usp=sharing
അങ്കമാലി എം.എല്‍.എ റോജി എം.ജോണ്‍ നിലവിളക്ക് കൊളുത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. മുഖ്യാതിഥിയായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോൺസുൽ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍ പങ്കെടുത്തു. ജഡ്ജി ജൂലി മാത്യു ആയിരുന്നു മറ്റൊരു പ്രധാന അതിഥി. പ്രസ് ക്ലബ് പ്രസ് ക്ലബ് അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, ട്രെഷറർ വിശാഖ് ചെറിയാൻ, , ജോയിന്റ് സെക്രട്ടറി ആശ മാത്യു, ഫൊക്കാന പ്രസിഡന്റ് ഡോക്ടർ ബാബു സ്റ്റീഫൻ, ഫോമാ നാഷണൽ ട്രെഷറർ ബിജു തോണിക്കടവിൽ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, അഡ്വൈസറി ബോർഡ് അംഗങ്ങൾ, ആതിഥ്യമരുളുന്ന ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, മറ്റു ഭാരവാഹികളും സ്റ്റേജിൽ ഉപവിഷ്ടരായിരുന്നു. ഇതോടൊപ്പം തന്നെ പ്രസിഡന്റ് ഷോളി കുമ്പിളുവേലിയുടെ നെത്ര്വത്വത്തിലുള്ള ന്യൂ യോർക്ക് ചാപ്റ്ററിന്റെ ഉദ്‌ഘാടനവും റോജി ജോണിന്റെ സാന്നിധ്യത്തിൽ ഔദോദികമായി നിർവ്വഹിക്കപ്പെട്ടു.
റോജി ജോൺ എം. എൽ. എ. ഉദ്‌ഘാടന പ്രസംഗത്തിൽ തന്റെ രണ്ടു മുൻ സന്ദർശനങ്ങളും പ്രസ് ക്ലബുമായി ബന്ധപ്പെട്ടായിരുന്നു എന്ന് അനുസ്മരിച്ചു. ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ മാധ്യമ പ്രവർത്തനം വലിയ പ്രതിസന്ധി നേരിടുകയാണ്. ഭരണകൂടങ്ങളുടെ സമ്മർദ്ദം, മാധ്യമ മുതലാളിമാരുടെ സാമ്പത്തിക താൽപര്യം, സോഷ്യൽ മീഡിയയുടെ അതിപ്രസരം എല്ലാം മാധ്യമപ്രവർത്തനത്തിന് ഭീഷണിയാണ്. വേൾഡ് പ്രസ് ഫ്രീഡത്തിന്റെ കണക്കുകകൾ പുറത്തു വന്നപ്പോൾ ഇന്ത്യ ഏറെ പിന്നാലാണ് എന്ന വസ്തുത ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്.
മാധ്യമപ്രവർത്തകരെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങൾ ധാരാളം നടക്കുന്നു.
ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങൾ. ശബ്ദമില്ലാത്തവരുടെ ശബ്ദം.. അതുകൊണ്ട് മാധ്യമങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. അമേരിക്കയിലെ ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു .
‘ഗസ്റ്റ് ഓഫ് ഹോണറായി’ പങ്കെടുത്ത ന്യൂ യോർക്ക് ഇന്ത്യൻ കോൺസുൽ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍ കേരളവുമായി അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നു ചൂണ്ടിക്കാട്ടി. കൊച്ചിയിൽ പ്രവര്‍ത്തിച്ച പരിചയമുണ്ട്. പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറും, മറ്റു പ്രതിനിധികളുമായി കോൺസുലേറ്റിൽ നടന്ന യോഗത്തെക്കുറിച്ചു അദ്ദേഹം പരാമർശിച്ചു. വിവിധ വിഷയങ്ങളിൽ മാധ്യമപ്രവർത്തകരുമായി നടന്ന ചർച്ചകൾ വളരെ പ്രാധാന്യമുള്ളതായിരുന്നു എന്നദ്ദേഹം കൂടി ചേർത്തു.
ഫൊക്കാന, ഫോമാ, തുടങ്ങി വിവിധ സംഘടനാ നേതാക്കളുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. ഒ.സി.ഐ കാര്‍ഡുകള്‍ ലഭിക്കാന്‍ തടസ്സമുണ്ടെങ്കില്‍ അത് പരിഹരിക്കും. അതിനായി പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് ആരംഭിക്കും. ഇന്ത്യയും അമേരിക്കയും തമ്മില്‍ അടുത്ത സൗഹൃദമാണ് ഇപ്പോഴുള്ളത്. ആണവ പരീക്ഷണകാലത്ത് ഇന്ത്യക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ആ കാലമൊക്കെ മാറി. ഇപ്പോള്‍ നല്ല സൗഹൃദത്തിന്റെ കാലമാണെന്നും ദുബായിലെ പോലെ ന്യജേഴ്സില്‍ ഇന്ത്യ മാര്‍ട്ട് തുടങ്ങാനുള്ള ആലോചനകള്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അവരെ ഏറ്റവും സഹായിക്കാന്‍ സാധിക്കുക ഇന്ത്യന്‍ സമൂഹത്തിന് തന്നെയാണ്. അക്കാര്യങ്ങളും ഇവിടുത്തെ ഇന്ത്യന്‍ സമൂഹവുമായി ചര്‍ച്ച ചെയ്യുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
അമേരിക്കയിലെ മലയാളി സമൂഹത്തെ ഒന്നിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതില്‍ മാധ്യമ രംഗം വലിയ പങ്കാണ് വഹിക്കുന്നതെന്ന് ചടങ്ങില്‍ മൂഖ്യാതിഥിയായി പങ്കെടുത്ത ഹൂസ്റ്റണിലെ മലയാളി ജഡ്ജി ജൂലി മാത്യു അഭിപ്രായപ്പെട്ടു. ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും ജൂലി മാത്യു അറിയിച്ചു.
നവമാധ്യമ കാലത്തിലൂടെയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിലൂടെയും കടന്നു പോകുന്ന ഈ അവസരത്തിൽ ഇതൊക്കെ എങ്ങനെ മാധ്യമ രംഗത്ത് ഉപകാരപ്രദമാക്കാം എന്നതിനേക്കുറിച്ച ആലോചിക്കുകയും, അപഗ്രഥനം ചെയ്യുകയും, ഈ സാധ്യതകള്‍ ഉൾക്കൊള്ളാനും എങ്ങനെ ഇതിനെ പ്രായോജകമാക്കാം എന്നുള്ളതിനെക്കുറിച്ചു മനസ്സിലാക്കാനും ഇന്ത്യ പ്രസ് ക്ളബിന്റെ വരും വര്‍ഷങ്ങളിലെ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുമെന്നും അധ്യക്ഷത വഹിച്ച പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ ചൂണ്ടിക്കാട്ടി.
വാഗ്ദാനങ്ങളല്ല, പ്രവര്‍ത്തനം എന്ന ഉറപ്പാണ് നല്‍കാനുള്ളത്. കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും കൂടി വേദിയാണ് ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക എന്നും അതിന് ഉദാഹരണമാണ് എല്ലാ സംഘടനകളുടെയും ഈ പരിപാടിയിലെ പ്രാതിനിധ്യമെന്നും സുനില്‍ ട്രൈസ്റ്റാര്‍ പറഞ്ഞു. ഇന്ത്യ പ്രസ് ക്ളബിന്റെ മുന്‍ പ്രസിഡന്റുമാരും സെക്രട്ടറിമാരും എല്ലാ കാലത്തും സംഘടനയുടെ താങ്ങും തണലുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വന്ദേഭാരതിന്റെ വേഗതയില്‍ ഓടാന്‍ പുതിയ ഭരണസമിതിക്ക് കഴിയട്ടേ എന്ന് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം ആശംസിച്ചു. സമൂഹത്തിലെ കളകള്‍ പറിച്ചുമാറ്റുക എന്നതാണ് മാധ്യമ പ്രവര്‍ത്തകരുടെ ധര്‍മ്മം. എന്നാല്‍ അതിന് കൈവിലങ്ങിടുന്ന സാഹചര്യമാണ് ഇന്ത്യയിലും ലോകമെമ്പാടും ഉള്ളത്. അതൊക്കെ അതീജിവിച്ച് മുന്നോട്ടുപോകുന്ന കുറച്ചുമാധ്യമ പ്രവര്‍ത്തകരെങ്കിലും ഈ സംഘടനയിലും ലോകത്തും അവശേഷിക്കുന്നുണ്ടെന്ന് തൈമറ്റം പറഞ്ഞു.
ഇന്ത്യയില്‍ അടിയന്തിരാവസ്ഥ നിലനില്‍ക്കുന്നില്ലെങ്കിലും ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു. പുതിയ ഭരണസമിതിക്ക് ഫോമയുടെ എല്ലാ പിന്തുണയും അറിയിക്കുന്നുവെന്ന് ഫോമ നാഷണല്‍ ട്രഷറര്‍ ബിജു തോണിക്കടവില്‍ പറഞ്ഞു. മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതില്‍ വലിയ പങ്കാണ് അമേരിക്കയിലെ മലയാളി മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡബ്ള്യു എം.സി ഗ്ളോബല്‍ പ്രസിഡന്റ് തോമസ് മൊട്ടക്കൽ താൻ പ്രതിനിധാനം ചെയ്യുന്നത് ലോകമെമ്പാടുമുള്ള മലയാളികളാണെന്നും, എല്ലാവിധമായ സഹകരണവും പ്രസ് ക്ലബിന് വാഗ്ദാനം ചെയ്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എങ്ങനെ മാധ്യമ രംഗത്ത് ഉപയോഗിക്കാമെന്നതില്‍ സെമിനാറുകളും പരിശീലന പരിപാടികളും ഈ വര്‍ഷം സംഘടിപ്പിക്കുമെന്നും, നോർത്ത് അമേരിക്കയിലെ സംഘടനകളുമായും, നേതാക്കളുമായും ചർച്ചകൾക്കുള്ള വേദി ഒരുക്കാനും, കൂടുതലായി സംഘടനയുടെ കാര്യങ്ങൾ മാധ്യമത്തിലൂടെ അറിയിക്കാനും സഹകരണത്തിനും പുതിയ എക്സിക്യൂട്ടീവ് തീരുമാനമെടുത്തതായും ഐ.പി.സി.എന്‍.എ ജോയിന്റ് സെക്രട്ടറി ആശാ മാത്യു അറിയിച്ചു. കേരള മീഡിയ അക്കാദമിയുമായി സഹകരിച്ച് ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്നതിനുള്ള പുതിയ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതായും, കേരളത്തിലെയും ഗള്‍ഫ് മേഖലയിലെയും പ്രസ് ക്ളബുകളുമായി സഹകരിക്കാനായി ‘ പ്രസ് ക്ലബ് കണക്ട് ‘ തുടങ്ങും എന്നും ആശ പറഞ്ഞു. എല്ലാത്തിനും നോർത്ത് അമേരിക്കയിലെ മലയാളികളുടെ സഹകരണം അഭ്യർത്ഥിച്ചു.
ഐ.പി.സി.എന്‍.എ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഷോളി കുമ്പിളുവേലി തന്റെ പ്രസംഗത്തിൽ ന്യൂ യോർക്ക് ചാപ്റ്റർ പ്രസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ സജീവമാണെന്നും 2025 ഒക്ടോബറിൽ നടക്കാൻ പോകുന്ന അന്താരാഷ്ട്ര മാധ്യമ കോൺഫെറെൻസിന്റെ വിജയത്തിനായി പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അറിയിച്ചു. ട്രഷറര്‍ വിശാഖ് ചെറിയാന്‍ വേദിയിലും സദസ്സിലുമുള്ള എല്ലാവര്ക്കും നന്ദി അറിയിക്കുകയും, പ്രസ് ക്ലബ്ബുമായി സഹകരിക്കാനും അഭ്യർഥിച്ചു. ഇന്ത്യ പ്രെസ് ക്ലബ്ബിന്റെ വക ഫലകം നൽകി റോജി എം ജോൺ കോൺസുൽ ജനറൽ ബിനയ പ്രധാനെ ആദരിക്കുകയും ചെയ്തു.
https://drive.google.com/file/d/1ECmlHEi1RYIz9w9DPguast7xUfpbfz4e/view?usp=sharing
Byline: അനിൽകുമാർ ആറൻമുള
Sunil Tristar
President, India Press Club of North America