നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിലെ കലാലയങ്ങളിൽ റാഗിഗ് ചർച്ചയാകുകയാണ്. വയനാട് പൂക്കോട് വെറ്ററിനറി കോളേജ് കാമ്പസിൽ നിന്ന് പുറത്തേക്ക് എത്തുന്ന വാർത്തകൾ മനസാക്ഷിയെഞെട്ടിപ്പിക്കുന്നതാകുന്നു. രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർത്ഥിയായിരുന്ന ജെ.എസ്. സിദ്ധാർത്ഥന്റെ മരണം ഉണ്ടാക്കിയ ഞെട്ടിലിൽ തരിച്ചുനിൽക്കുകയാണ് പൊതുസമൂഹം. വാലന്റൈൻ പരിപാടിക്കിടെ നടന്ന ഒരു സാധാരണ സംഭവത്തിന്റെ പേരിൽ കോളേജ് ഭരിക്കുന്ന ഭൂരിപക്ഷം വിദ്യാർത്ഥികൾ കാട്ടിയ ക്രൂരത പ്രബുന്ധരെന്ന് സ്വയം വിശ്വസിക്കുന്ന മലയാളി സമൂഹത്തിന് യോജിച്ചതല്ല. വളരെ പ്രിയപ്പെട്ടവരും
സഹപാഠികളുമായവർ കാട്ടിയ ക്രൂരതയിൽ മനംനൊന്താകും സിദ്ധാർത്ഥ് ഒരു നിമിഷം കൊണ്ട് ജീവിതം അവസാനിപ്പിച്ചത്. ഹോസ്റ്റൽ മന്ദിരങ്ങൾക്കു നടുവിലെ കോർട്ടിൽ വച്ച് നിരന്തരം നേരിടേണ്ടിവന്ന പീഡനമുറകൾ ആ യുവാവിനെ മനസികമായി തളർത്തി. അട്ടഹസിച്ച് പരിഹസിക്കുന്ന വിദ്യാർത്ഥികൾക്കു നടുവിൽ ഉടുതുണിയില്ലാതെ മർദ്ദനം ഏറ്റുവാങ്ങുന്ന ഒരു യുവാവ്, ആർക്കും ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ് ആ നോവ്. മൂന്നുദിവസത്തെ തുടർച്ചയായ പീഡനവും ശാരീരികോപദ്രവങ്ങളും കൊണ്ട് തീരെ അവശനായിരുന്ന സിദ്ധാർത്ഥ് ജീവനൊടുക്കിയതാണെന്നാണ് പൊലീസ് നിഗമനം. എന്നാൽ സഹപാഠികളുടെ ക്രൂരമായ റാഗിംഗും തുടർച്ചയായ ഭീഷണിയും കാരണം ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തതാവാമെന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോളേജിലെ എസ്.എഫ്.ഐ ഭാരവാഹികളടക്കം എട്ടുപേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. കേസിൽ പ്രതികളാവർ വിദ്യാർത്ഥികളാണെങ്കിലും ഒരു ദയയും അർഹിക്കാത്ത കൊടും ചതിയാണ് ഇവർ ചെയ്തത്. സിദ്ധാർത്ഥ് മൂന്നുദിവസം തുടർച്ചയായി നേരിടേണ്ടിവന്ന മർദ്ദനങ്ങളെത്തുടർന്ന് തീരെ അവശ നിലയിലായി ഹോസ്റ്റൽ മുറിയിൽ കിടന്നിട്ടും കോളേജ് ഡീനോ ഉത്തരവാദപ്പെട്ട മറ്റാരെങ്കിലുമോ വിവരം അറിഞ്ഞില്ലെന്നാണ് പറയുന്നത്. മരണ ശേഷമാണ് കാര്യങ്ങൾ അറിയുന്നത്. ഓരോ കോളേജിലും ആന്റി റാഗിംഗ് സെൽ ഉണ്ടാകേണ്ടതാണ്. പൂക്കോട് വെറ്ററിനറി കോളേജിലും സെൽ പ്രവർത്തിച്ചിരുന്നു. ഇതിലെ അംഗങ്ങളും സിദ്ധാർദന്റെ മരണത്തിന് ഉത്തരവാദികളാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഒരൊറ്റ വിദ്യാർത്ഥി സംഘടന മാത്രമുള്ള കാമ്പസിൽ രാഷ്ട്രീയത്തിന് വലിയ പ്രസക്തിയില്ല. എന്നാൽ ഭീഷണിപ്പെടുത്തി ഭരിക്കുകയെന്ന ഗുണ്ടാതന്ത്രം എസ്.എഫ്.െഎ പുലർത്തുന്നതിനാൽ പലരും ജീവനിൽ ഭയന്നാണ് തൂവെളളക്കൊടി പിടിക്കുന്നത് എന്നത് പരസ്യമായ യാഥാർത്ഥ്യമാണ്.
കലാലയങ്ങളിൽ വളർന്നു വികസിക്കേണ്ടത് സ്നേഹവും സാഹോദര്യവും നല്ല പെരുമാറ്റവുമൊക്കെയാണ്. ഉന്നത ആദർശങ്ങൾ മുദ്രാവാക്യമായി കൊണ്ടുനടക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനമാണ് പൂക്കോട്ട് ഈ കിരാതപ്രവൃത്തികൾക്കു തുനിഞ്ഞിറങ്ങിയതെന്നറിയുമ്പോൾ വല്ലാത്ത നടുക്കവും ആത്മനിന്ദയുമാണു തോന്നുക. സഹപാഠിയെ വകവരുത്തിയാണോ ക്യാമ്പസിൽ പ്രസ്ഥാനത്തെ വളർത്താൻ എന്ന് അവർ സ്വയം ആലോചിക്കേണ്ട സമയമാണിത്. ഇക്കഴിഞ്ഞ 18നാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ സിദ്ധാർത്ഥിന്റെ ജഡം സഹപാഠികൾ കണ്ടെത്തുന്നത്.