സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞ മറ്റൊരു വാക്ക് കൂടി പാലിച്ചു : മന്ത്രി വീണാ ജോര്‍ജ്

Spread the love

33 ഹോമിയോ ഡിസ്‌പെന്‍സറികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് പറഞ്ഞ മറ്റൊരു വാക്ക് കൂടി പാലിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോമിയോ ഡിസ്‌പെന്‍സറികള്‍ ഇല്ലാത്ത 35 പഞ്ചായത്തുകളിലും 5 മുന്‍സിപ്പാലിറ്റികളിലും കൂടി ഡിസ്‌പെന്‍സറികള്‍ അനുവദിച്ചാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്. ഇതിനായി 40 ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികയും സൃഷ്ടിച്ചു. നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടുകൂടി ഈ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്നതാണ്. ഈ 40 ഡിസ്‌പെന്‍സറികളിലാണ് 33 എണ്ണം പ്രവര്‍ത്തനസജ്ജമായത്. ബാക്കിയുള്ളവ കൂടി ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നത്. ഇതിനായി പ്രയത്‌നിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമായ പുതിയ 33 ഹോമിയോ ഡിസ്‌പെന്‍സറികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആയുഷ് മേഖലയ്ക്ക് സവിശേഷമായ പ്രാധാന്യം നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ആയുര്‍വേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിലേക്കായി പുതുതായി 116 തസ്തികകള്‍ കൂടി സൃഷ്ടിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 532.51 കോടി രൂപയാണ് ആയുഷ് മേഖലയുടെ വികസനത്തിനായി അനുവദിച്ചത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടി വര്‍ധനവാണ് നടത്തിയത്. ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു. 150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭ്യമായി. ഇത്രയും സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിക്കുന്നത് രാജ്യത്ത് ആദ്യമായാണ്. ആയുഷ് മേഖലയില്‍ ഇ-ഹോസ്പിറ്റല്‍ സംവിധാനം നടപ്പിലാക്കി. 510 ആയുഷ് ഡിസ്‌പെന്‍സറികളെ കൂടി ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തി. ഇതോടെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ ആകെ 600 ആയി. ഇവിടങ്ങളില്‍ യോഗ ഇന്‍സ്‌ട്രെക്ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കി.

അട്ടപ്പാടി, കൊട്ടാരക്കര, അടൂര്‍ എന്നിവിടങ്ങളില്‍ ആയുഷ് ഇന്റര്‍ഗ്രേറ്റഡ് ആശുപത്രികള്‍ സജ്ജമാക്കി വരുന്നു. കണ്ണൂരിലെ രാജ്യാന്തര ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാകും. ഈ പദ്ധതിയുടെ ആദ്യഘട്ടമായ ഗവേഷണ ആശുപത്രി, മാനുസ്‌ക്രിപ്റ്റ് സെന്റര്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരുന്നു. കേരളത്തിന് പുറത്തു നിന്നും പരമാവധി ആളുകളെ ചികിത്സയ്ക്കും വെല്‍നസിനുമായി എത്തിക്കാനുള്ള സൗകര്യമൊരുക്കും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.

പാലക്കാട് ജില്ലയിലെ അകത്തേത്തറ, കൊടുമ്പ, വടകരപ്പതി, പെരുമാട്ടി, പട്ടഞ്ചേരി, കുമരംപുത്തൂര്‍, വെള്ളിനേഴി, വിളയൂര്‍, അയിരൂര്‍, ഷൊര്‍ണൂര്‍, കപ്പൂര്‍, പൂക്കോട്ടുകാവ്, നെല്ലായ, തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ്, വല്ലച്ചിറ, വാടാനപ്പള്ളി, എറണാകുളം ജില്ലയിലെ ഏലൂര്‍, കളമശേരി, കാട്ടൂര്‍, മലപ്പുറം ജില്ലയിലെ മുതുവല്ലൂര്‍, പെരുവള്ളൂര്‍, തേഞ്ഞിപ്പാലം, മുന്നിയൂര്‍, വേങ്ങര, കണ്ണമംഗലം, വെട്ടത്തൂര്‍, മേലാറ്റൂര്‍, മങ്കട, കീഴാറ്റാര്‍, കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത്, തുറയൂര്‍, ചോറോട്, കായണ്ണ എന്നീ ഹോമിയോ ഡിസ്‌പെന്‍സറികളാണ് ഉദ്ഘാടനം നടത്തിയത്.

മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ്, ഡോ. ആര്‍. ബിന്ദു, കെ. കൃഷ്ണന്‍ കുട്ടി, അതത് ഡിസ്‌പെന്‍സറികള്‍ സ്ഥിതി ചെയ്യുന്ന മണ്ഡലങ്ങളിലെ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം.എന്‍. വിജയാംബിക എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *