സാങ്കേതികവിദ്യയിലെ വളർച്ച രാജ്യത്തെ ബിസിനസ് രംഗത്തിനും ഉണർവേകുന്നെന്ന് പഠനം

Spread the love

കൊച്ചി: മാറുന്ന ലോകരാഷ്ട്രീയത്തിനും വ്യാപാരരംഗത്തിനും അനുസരിച്ച് രൂപപ്പെടുന്ന പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ത്യയിലെ ഭൂരിഭാഗം കമ്പനികളും നൂതനസാങ്കേതികവിദ്യകൾ ഏറ്റെടുക്കാൻ താല്പര്യം കാണിക്കുന്നതായി പഠനറിപ്പോർട്ട്. ഡിപി വേൾഡിന്റെ പിന്തുണയോടെ എക്കണോമിസ്റ്റ് ഇമ്പാക്ട് നടത്തിയ പഠനത്തിലാണ് രാജ്യത്തെ ബിസിനസ് രംഗത്തിന് ഉണർവേകുന്ന കണ്ടെത്തലുകൾ. ലോജിസ്റ്റിക്സ് രംഗത്തിന്റെ സൂക്ഷ്മചലനങ്ങളിലേക്കും ആഗോള വ്യാപാരരംഗത്തെ വിദഗ്ധരുടെ വീക്ഷണങ്ങളിലേക്കും വെളിച്ചം വീശുന്നതാണ് പഠനഫലം. സപ്പ്ളൈ ചെയിൻ രംഗത്തെ നൂതനമാറ്റങ്ങൾക്ക് വേദിയായ വർഷമായിരുന്നു 2023 എങ്കിൽ, സാങ്കേതികവിദ്യയുടെ സഹായത്തോടെ ആ ശുഭാപ്തിവിശ്വാസം തുടർന്നുകൊണ്ടുപോകുന്ന വർഷമായിരിക്കും 2024 എന്ന് ട്രേഡ് ഇൻ ട്രാൻസിഷൻ റിപ്പോർട്ടിന്റെ നാലാം പതിപ്പ് വ്യക്തമാക്കുന്നു.

പുത്തൻ സാങ്കേതികവിദ്യകളും വേഗമേറിയ സപ്പ്ളൈ ചെയിനുമാണ് ഇന്ത്യൻ വിപണിയിൽ ശുഭസൂചനകൾ സൃഷ്ടിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ആദ്യം പ്രയോജനപ്പെടുത്തുന്ന കാര്യത്തിൽ ഇന്ത്യൻ കമ്പനികൾ മുന്നിലാണ്. ലോകത്താകെ 54% കമ്പനികൾ വിർച്വൽ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയും പോലെയുള്ള നൂതനസാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താൻ പദ്ധതിയിടുന്നുണ്ട്. എന്നാൽ ഇന്ത്യയ്ക്കുള്ളിൽ 66% കമ്പനികൾ സമീപഭാവിയിൽ തന്നെ ഇത്തരം സാങ്കേതികവിദ്യകൾ അവരുടെ ബിസിനസിൽ ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നിലവിൽ ഈ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നവരും ഇതിലുൾപ്പെടും. പ്രധാനമായും വിപണിക്കുള്ളിലെ വെല്ലുവിളികളെ അതിജീവിക്കാനും പ്രശ്നപരിഹാരത്തിനുമാണ് കൂടുതലായും കമ്പനികൾ ഇവയെ ആശ്രയിക്കുന്നത്. തടസങ്ങൾ നേരത്തെ തിരിച്ചറിയാനും തത്സമയ വിവരങ്ങൾ ലഭിക്കാനും 79% കമ്പനികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ബിഗ് ഡാറ്റ അനാലിറ്റിക്‌സും ഉപയോഗിക്കുകയും ഉപയോഗിക്കാൻ തയാറെടുക്കുകയും ചെയ്യുന്നുവെന്ന കണക്കും ശ്രദ്ധേയമാണ്. ഇക്കാര്യത്തിൽ ലോക ശരാശരിയേക്കാൾ 7% മുന്നിലാണ് ഇന്ത്യ. ചരക്കുനീക്കം തത്സമയം ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും 80% കമ്പനികളും ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (ഐ.ഒ.ടി), റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ എന്നീ സാങ്കേതികതകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ആഗോളശരാശരിയേക്കാൾ 9% മുന്നിലാണ് രാജ്യം അവിടെയും.

ഇക്കൊല്ലത്തെ പഠനം പറയുന്നത്, 41% കമ്പനികളും അടുത്ത മൂന്ന് മാസം വരെയുള്ള മാർക്കറ്റ് ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ തയാറെടുപ്പുകൾ ഇപ്പോഴേ നടത്തിയിട്ടുണ്ടെന്നാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20% ത്തിന്റെ വർധനയാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ടിരട്ടിയോളം കമ്പനികൾ താത്കാലിക സംഭരണരീതി ഉപേക്ഷിച്ചതിന്റെ തെളിവും കൂടിയാണിത്. ചരക്കുകൾ ആവശ്യാനുസരണം മാത്രം സൂക്ഷിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, ഭാവിയിൽ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെ കൂടി കണക്കിലെടുത്ത് കമ്പനികൾ അവരുടെ തന്ത്രം മാറ്റുന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്താം.

കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കിയ പൊതു ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനം കമ്പനികൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന്റെ തെളിവാണിതെന്ന് ഡിപി വേൾഡ് നോർത്ത് അമേരിക്ക ആൻഡ് ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ റിസ്‌വാൻ സൂമർ പറഞ്ഞു. പുത്തൻ സാങ്കേതികവിദ്യകളെ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിൽ ഇന്ത്യൻ കമ്പനികൾ ഒട്ടും മടികാണിക്കുന്നില്ല. ഇന്ത്യയുടെ ഈ കുതിപ്പിൽ ഒരു നിർണായക പങ്കാളിയെന്ന നിലയിൽ ഡിപി വേൾഡും പുതിയ വിപണികൾ തുറക്കുകയാണ്. കമ്പനിയുടെ വിശാലമായ ഫ്രീ ട്രേഡ് വെയർഹൗസിങ് മേഖലകളും കോൾഡ് ചെയിനും റെയിൽ ശൃഖലയും തുറമുഖങ്ങളും ഈ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ചാലകശക്തിയായി പ്രവർത്തിക്കുന്നു.

ഡിപി വേൾഡ് നൽകുന്ന തത്സമയ ട്രാക്കിംഗ്, സംഭരണശാലകളുടെ യന്ത്രവത്കരണം, കടലാസ് രഹിത നടപടിക്രമങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള മാർഗനിർണയം, അന്തരീക്ഷത്തിലേക്ക് വമിക്കുന്ന കാർബൺ ഡയോക്സൈഡിന്റെ നിരീക്ഷണവും നിയന്ത്രണവും, ഫലപ്രദമായ സംഭരണശേഷി എന്നിവ കമ്പനികൾക്ക് ലോജിസ്റ്റിക്‌സിനായി മുടക്കേണ്ടി വരുന്ന സമയവും ചെലവും ഗണ്യമായി കുറയ്ക്കാനും ഒപ്പം ചരക്കുനീക്കം പ്രകൃതിസൗഹൃദപരമാണെന്ന് ഉറപ്പാക്കാനും സഹായിക്കുന്നു.

ചരക്കുനീക്കവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും നടപടിക്രമങ്ങൾ എളുപ്പവും സുതാര്യവുമാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യ ദേശീയ ലോജിസ്റ്റിക്സ് നയവും യൂണിഫൈഡ് ലോജിസ്റ്റിക്സ് ഇന്റർഫേസ് പ്ലാറ്റ്ഫോമും സജ്ജമാക്കിയിട്ടുള്ളത്. ഇതോടൊപ്പം ഫ്രീ ട്രേഡ് വെയർഹൗസിങ് മേഖലകളും റെയിൽവേ നെറ്റ്‌വർക്കും ബഹുമുഖ ലോജിസ്റ്റിക് പാർക്കുകളും വികസിപ്പിക്കുന്നതിലും കേന്ദ്രസർക്കാർ പ്രത്യേക ശ്രദ്ധ നൽകിവരുന്നു. 2025 ഓടെ രാജ്യത്തിൻറെ ജിഡിപിയിൽ ഉല്പാദനരംഗത്തിന്റെ സംഭാവന നിലവിലെ 17.7% ൽ നിന്ന് 25% മാക്കി ഉയർത്താനുള്ള ലക്ഷ്യത്തിന് പ്രോത്സാഹനമേകുന്നതാണ് ഈ നീക്കങ്ങളെല്ലാം.

Akshay

 

Author

Leave a Reply

Your email address will not be published. Required fields are marked *