ഹൂസ്റ്റൺ: മാർച്ച് 28 നു വ്യാഴാഴ്ച ട്രിനിറ്റി മാർത്തോമാ ദേവലായതിൽ നടക്കുന്ന പെസഹാ വ്യാഴാഴ്ച ശുശ്രൂഷകൾക്ക് മാർത്തോമാ സഭ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോ .ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ മുഖ്യ കാർമികത്വം വഹിക്കും. വൈകുന്നേരം ആറരക്ക് ശുശ്രൂഷകൾ ആരംഭിയ്ക്കും.7 മണിക്ക് വിശുദ്ധ കുർബാന (ഇംഗ്ലീഷ് ) ആരംഭിക്കും.
ഹൃസ്വ സന്ദർശനാർത്ഥം ബുധനാഴ്ച എത്തിയ അഭിവന്ദ്യ തിരുമേനി ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ നടന്ന വിശുദ്ധകുര്ബാനയ്ക്ക് നേതൃത്വം നൽകി. സഭയുടെ പൂർണ അംഗത്വത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി നിരവധി കുട്ടികൾ തിരുമേനിയിൽ നിന്ന് ആദ്യ കുർബാന സ്വീകരിച്ചു. വെള്ളിയാഴ്ച നോർത്ത് ഹൂസ്റ്റണിലുള്ള സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിൽ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകൾക്കും നേതൃത്വം നൽകും.
ജനുവരി മാസം ചുമതലയേറ്റ ശേഷം ഭദ്രാസന എപ്പിസ്കോപ്പ എന്ന നിലയിൽ തിരുമേനിയുടെ ആദ്യ ഹൂസ്റ്റൺ സന്ദർശനമാണിത്. ബുധനാഴ്ച രാവിലെ ഹൂസ്റ്റണിലെ ഹോബി വിമാനത്താവളത്തിൽ എത്തിയ തിരുമേനിയ്ക്ക് റവ. സാം.കെ. ഈശോ, റവ. ഈപ്പൻ വര്ഗീസ്, റവ. സോനു വര്ഗീസ്, റവ.സന്തോഷ് തോമസ്, റവ ജീവൻ ജോൺ. ട്രിനിറ്റി ഇടവക ഭാരവാഹികളായ ടി.എ.. മാത്യു. തോമസ് മാത്യു (ജീമോൻ), ജോർജ് സി പുളിന്തിട്ട, ഷാജൻ ജോർജ്, ജോർജ് ശാമുവേൽ, ജോജി ജേക്കബ്, രാജൻ ഗീവര്ഗീസ്, ഇമ്മാനുവേൽ ഇടവക ഭാരവാഹികളായ മാത്യു.ടി. സ്കറിയ, പി.എം ജേക്കബ്, ജോയ്. എൻ.ശാമുവേൽ, ജോണി എം മാത്യു തുടങ്ങിയവർ ചേർന്ന് ഊഷമള സ്വീകരണം നൽകി
.
അഖില കേരള ബാലജന സഖ്യത്തിലൂടെ ചെറുപ്പത്തിൽ തന്നെ പൊതുരംഗത്ത് സജീവമായിരുന്നു. സൺഡേ സ്കൂൾ സമാജം ജനറൽ സെക്രട്ടറി എന്ന നിലയിൽ മഹത്തായ സേവനം അനുഷ്ഠിച്ചു. സണ്ടേസ്കൂൾ സമാജത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കുട്ടികളുടെ മാരാമൺ’ അദ്ദേഹത്തിൻ്റെ നേതൃപാടവത്തിൻ്റെയും സംഘാടനശേഷിയുടെയും മികച്ച ഉദാഹരണമായിരുന്നു.
സഭകളുടെ ലോക കൗൺസിലായ WCC (World Council of Churches) യുടെ എക്സിക്യൂട്ടീവ്
കമ്മി അംഗമാണ്.
സഭയുടെ സോഷ്യോ പൊളിറ്റിക്കൽ കമ്മീഷൻ ചെയർമാൻ, അംഗം, സിഎംസി ലുധിയാന ഡയറക്ടർ ബോർഡ്, ഷിയാറ്റ്സ് യൂണിവേഴ്സിറ്റി ഡയറക്ടർ ബോർഡ്, ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ ഡൽഹി ഓക്സിലിയറി വൈസ് പ്രസിഡൻ്റ്, ധർമജ്യോതി വിദ്യാപീഠത്തിൻ്റെ ചെയർമാൻ എന്നീ നിലകളിൽ അദ്ദേഹം പ്രശംസനീയമായ നേതൃത്വം നൽകി.
കുട്ടികളുടെയും യുവാക്കളുടെയും സുഹൃത്ത് എന്നതിലുപരി മികച്ച വാഗ്മിയും പണ്ഡിതനുമാണ് തിരുമേനി. കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കുമുള്ള ദൈവത്തിൻ്റെ നിയോഗമായി തിരുമേനി തൻ്റെ ആഹ്വാനം കണക്കാക്കുകയും ദൈവത്തിൻ്റെ കരുണയിലും സഭാംഗങ്ങളുടെ സ്നേഹത്തിലും ശക്തി കണ്ടെത്തുകയും ചെയ്യുന്നു. എളിമയും ചിട്ടയായ ജോലിയും ശ്രദ്ധിക്കുന്നതിനാൽ, ആളുകളെ കൂടുതൽ കൂടുതൽ അറിയാനും അവർക്ക് എന്തെങ്കിലും നന്മ ചെയ്യാനും തിരുമേനി എപ്പോഴും തിരക്കിലാണ്. ഇടവകകളിലെ പ്രവർത്തനങ്ങൾ സജീവമാക്കാൻ തിരുമേനി പ്രത്യേകം ശ്രദ്ധിക്കുന്നു.