ന്യൂയോർക്ക്: കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ മുന്നണികളെ അങ്കലാപ്പിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് കിഴക്കമ്പലം പഞ്ചായത്ത് കേന്ദ്രീകരിച്ച് സ്ഥാപിതമായ ട്വൻറി-20 എന്ന പ്രസ്ഥാനം പിന്നീട് സമീപ പഞ്ചായത്തുകളിലേക്കും പടർന്ന് പന്തലിച്ച് ഇപ്പോൾ കേരളത്തിന്റെ വികാരമായി മാറുന്ന ഒരു രാഷ്ട്രീയ പാർട്ടിയായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ നിലവിലുള്ള ഇടതുപക്ഷ കിരാത ഭരണത്തിൽ മനം മടുത്ത മലയാളികൾ കിഴക്കമ്പലത്തിന്റേയും ചുറ്റുവട്ടവുമുള്ള നാലഞ്ചു പഞ്ചായത്തുകളുടെയും അസൂയാവഹമായ പ്രവർത്തന മികവും പുരോഗതിയും മാറ്റവും കണ്ട് അതേ മാതൃക തങ്ങളുടെ പഞ്ചായത്തുകളിലും സാദ്ധ്യമാക്കണം എന്ന് ആഗ്രഹിച്ച് ഒരു മാറ്റത്തിനായി പ്രതീക്ഷിക്കുകയാണ്. അതേ പ്രതീക്ഷയുടെ മാറ്റൊലികൾ ഉൾക്കൊണ്ട് കേരളം എന്ന തങ്ങളുടെ മാതൃ സംസ്ഥാനത്ത് പുരോഗതി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരാണ് വിദേശ മലയാളികളും അമേരിക്കൻ മലയാളികളും. ആ പ്രതീക്ഷയിലാണ് ട്വൻറി-20-യുടെ സാരഥിയും പ്രസിഡൻറുമായ സാബു എം. ജേക്കബിന് ന്യൂയോർക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ നൂറുകണക്കിന് അമേരിക്കൻ മലയാളികൾ ഒത്തുകൂടി ഊഷ്മള സ്വീകരണം നൽകിയത്.
ക്വീൻസിലുള്ള കേരളാ കൾച്ചറൽ സെന്റർ ഓഫ് നോർത്ത് അമേരിക്കയുടെ (KCANA) പ്രസിഡൻറ് ഫിലിപ്പ് മഠത്തിലിന്റേയും എൽമോണ്ടിലുള്ള കേരളാ സെന്ററിന്റെ പ്രസിഡൻറ് അലക്സ് എസ്തപ്പാന്റെയും മാധ്യമ പ്രവർത്തകനായ മാത്യുക്കുട്ടി ഈശോയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ, ന്യൂയോർക്കിലെ യോങ്കേഴ്‌സ്, ലോങ്ങ് ഐലൻഡ്, റോക്‌ലാൻഡ് കൗണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കൂടാതെ മറ്റ് സംസ്ഥാനങ്ങളിലെ ഫിലാഡൽഫിയ, ചിക്കാഗോ, ഡാളസ് എന്നിവിടങ്ങളിൽ നിന്നും വരെ എത്തിയ മലയാളികൾ ആവേശത്തോടെയാണ് കുടുംബസമേതം എത്തിയ സാബുവിനെ സ്വീകരിക്കാൻ ഒത്തുകൂടിയത്. വന്നവർക്കെല്ലാം കിഴക്കമ്പലത്ത് ട്വൻറി-20-യും സാബുവും ചേർന്ന് നടത്തിയ വികസന പ്രവർത്തനത്തിന്റെ കഥകൾ അറിയുവാൻ ആവേശമായിരുന്നു. അതേ മാതൃകയിലുള്ള വികസനം കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കുന്നതിന് തങ്ങളാലാകുന്ന പിന്തുണ പ്രഖ്യാപിക്കുന്നതിനു കൂടിയാണ് പലരും സന്തോഷത്തോടെ എത്തിയത്.
സാബുവിന്റെ പിതാവ് എം. സി. ജേക്കബ് കിഴക്കമ്പലം എന്ന ഗ്രാമത്തിൽ അര നൂറ്റാണ്ടിനു മുമ്പ് ആരംഭിച്ച അന്നാ അലൂമിനിയം എന്ന കമ്പനിയിൽ നിന്നും കറി പൗഡറുകളുടെ നിർമ്മാണ യൂണിറ്റായ സാറാസ് സ്പൈസസിലൂടെ വളർന്ന് കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുന്നതിന് ഉതകുന്ന രീതിയിൽ ടെക്സ്റ്റൈൽ നിർമ്മാണ സ്ഥാപനമായ കിഴക്കമ്പലം ടെക്‌സ്‌റ്റൈൽസ് എന്ന കിറ്റെക്സ് യൂണിറ്റിൽ വരെ എത്തിയ ചരിത്രം സാബു ചുരുങ്ങിയ സമയം കൊണ്ട് തന്റെ അഭിസംബോധനയിൽ വ്യക്തമാക്കി. പിന്നീട് സാബു എന്ന വ്യവസായ സംരംഭകൻ വളർന്ന് മറ്റ് ബിസിനെസ്സുകളിൽ നിന്നും വ്യത്യസ്തമായി ജനിച്ചു വീഴുമ്പോൾ മുതലുള്ള കൊച്ചു കുട്ടികളുടെ വസ്ത്രനിർമ്മാണ സ്ഥാപനമായ കിറ്റെക്സ് ഗാർമെൻറ്സിലേക്ക് തിരിയുകയും പതിനായിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകുന്ന പ്രസ്ഥാനമായി അതിനെ വളർത്തിയെടുക്കുകയും ചെയ്തു. ഇപ്പോൾ അമേരിക്കയിൽ മുഴുവൻ വിതരണം ചെയ്യുന്ന കുട്ടികൾക്കുള്ള വസ്ത്രങ്ങൾ നിർമ്മിക്കുന്ന 100 ശതമാനവും കയറ്റുമതി ചെയ്യുന്ന സ്ഥാപനമായി കിറ്റെക്സ് ഗൺമെൻറ്സിനെ വളർത്തിയെടുത്തു. സാബുവിന്റെ പിതാവ് എം. സി. ജേക്കബ്ബിന്റെ ആഗ്രഹമായിരുന്ന സ്വന്തം ഗ്രാമ വാസികളുടെ ഉന്നമനത്തിന് എന്തെങ്കിലും ചെയ്യണമെന്ന പദ്ധതി അദ്ദേഹത്തിന്റെ മരണശേഷം നടപ്പിലാക്കണമെന്ന് സാബുവും സഹോദരങ്ങളും തീരുമാനമെടുത്തു.
“എൻറെ പിതാവിന്റെ മരണത്തിനു മുമ്പ് കറുത്ത ഗ്ലാസ്സുകളാൽ അടച്ചിട്ട കാറുകളിൽ പുറംലോകത്തെ ശ്രദ്ധിക്കാതെയും വഴിയിലുള്ളവർക്ക് കാറിനുള്ളിൽ ഇരിക്കുന്നവരെ കാണാൻ സാധിക്കാത്തതുമായ രീതിയിലായിരുന്നു കിഴക്കമ്പലത്തിലൂടെ ഞാൻ സഞ്ചരിച്ചു കൊണ്ടിരുന്നത്. എന്നാൽ പിതാവിന്റെ മരണശേഷം അദ്ദേഹത്തിൻറെ അഭിലാഷം നിർവ്വഹിക്കുന്നതിനായി കിഴക്കമ്പലം നിവാസികളുടെ വികസനത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് ഞാനും സഹോദരൻ ബോബിയും ചേർന്ന് തീരുമാനമെടുത്തു. അതിൻപ്രകാരം കിഴക്കമ്പലത്തുകാരുടെ ആവശ്യം എന്തെന്ന് പഠിച്ച് മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ മൂന്ന് എം.ബി.എ. ബിരുദധാരികളെ ഞങ്ങൾ ഏർപ്പാടാക്കി. അവർ സമർപ്പിച്ച റിപ്പോർട്ട് അക്ഷരാർഥത്തിൽ ഞങ്ങളെ ഞെട്ടിക്കുക തന്നെ ചെയ്തു. കിഴക്കമ്പലം ഗ്രാമത്തിൽ ആറായിരത്തിനടുത്ത് മാത്രം ഉണ്ടായിരുന്ന കുടുംബങ്ങളിൽ ഏതാണ്ട് 260-ഓളം കുടുംബങ്ങൾ വെറും മൺതിട്ട തീർത്തെടുത്ത് ടാർപോളിൻ
ഷീറ്റുകളാൽ മറച്ച് മഴയിൽ ചോർന്നൊലിക്കുന്ന കൂരകളിൽ ആടുമാടുകളോടും കൊച്ചു കുട്ടികളോടും രോഗികളായ മാതാപിതാക്കളോടും ഒത്തു കഴിയുന്നു എന്ന ദയനീയാവസ്ഥ ഹൃദയഭേദകമായിരുന്നു. അതറിഞ്ഞപ്പോൾ ഞങ്ങൾ അത് നേരിൽ കാണുവാൻ അത്തരം കുടുംബങ്ങൾ സ്ഥിതി ചെയ്യുന്ന ഇടങ്ങളിലേക്ക് ഇറങ്ങി ചെന്നു. അവരുടെ അവസ്ഥ നേരിൽ കണ്ടപ്പോൾ ശരിക്കും നെഞ്ചിടറി. അവരെ ഉദ്ധരിക്കുന്നതിന് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസ്സിലുദിച്ചു. പ്രാദേശിക പഞ്ചായത്ത് അധികൃതരോടും രാഷ്ട്രീയ നേതാക്കളോടും ഈ ആവശ്യങ്ങൾ പറഞ്ഞെങ്കിലും അവരാരും അത് ഗൗനിച്ചില്ല. അതുമൂലമാണ് 2012-ൽ കിഴക്കമ്പലം പഞ്ചായത്തിന്റെ സമഗ്രവികസനത്തിന് എന്തെങ്കിലും ചെയ്യണമെന്ന ആശയം മനസ്സിലുദിച്ചതും 2020-ഓടെ വികസനം ലക്‌ഷ്യം വച്ച് നാട്ടുകാരുടെ സഹകരണത്തോടെ ട്വൻറി-20 എന്ന പ്രസ്ഥാനം ഉടലെടുത്തതും. അതോടെ ഞങ്ങൾ രാഷ്ട്രീയ നേതാക്കളുടെ ശത്രുക്കളായി മാറി. പിന്നീടങ്ങോട്ട് അവരുടെ തുടർച്ചയായ പീഡനങ്ങൾക്ക് ഞങ്ങൾ ഇരയായി. മൂന്ന് പ്രാവശ്യം എൻറെ വാഹനത്തിനു നേരെ ബോംബേറുണ്ടായി.” സാബു സ്വന്തം അനുഭവങ്ങൾ എല്ലാവരോടുമായി പങ്കു വച്ചു. പിന്നീടങ്ങോട്ടുള്ള ട്വൻറി-20-യുടെ വളർച്ചയുടെ കഥ ഏവരും കൈയടിയോടെയാണ് സ്വീകരിച്ചത്.
ട്വൻറി-20 ഈ വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചാലക്കുടിയിലും എറണാകുളത്തും സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കുന്നു. 2025-ലെ പഞ്ചായത്ത്-മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ട്വൻറി-20 യൂണിറ്റുകൾ സ്ഥാപിച്ച് മത്സരിക്കണമെന്നാണ് ഉദ്ദേശം. അതിനു ശേഷം ഇനി കേരളത്തിലെ നിയമ സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ച് അടുത്ത പത്തു വർഷത്തിനുള്ളിൽ കേരളത്തെ രക്ഷിച്ചില്ലെങ്കിൽ കേരളത്തിൽ മലയാളികൾ എന്ന ഒരു വിഭാഗത്തെ കിട്ടാനില്ലാത്ത അവസ്ഥ വരുമെന്നാണ് സാബുവിന്റെ പ്രവചനം. അങ്ങനെ ഒരു അവസരം ഉണ്ടാകാതിരിക്കുവാൻ അമേരിക്കൻ മലയാളികളുടെ സമ്മതത്തോടെയും സഹകരണത്തിടെയും മലയാളികൾ ഉള്ള എല്ലാ അമേരിക്കൻ സംസ്ഥാനങ്ങളിലും ട്വൻറി-20 ചാപ്റ്ററുകൾ സ്ഥാപിക്കണമെന്നും ആഗ്രഹമുള്ളതായി സാബു വെളിപ്പെടുത്തി. അതിനു തുടക്കമായി ട്വൻറി-20 ന്യൂയോർക്ക് ചാപ്റ്റർ സാബു ജേക്കബ് ഉദ്ഘാടനം ചെയ്ത. ന്യൂയോർക്ക് ചാപ്റ്റർ കോർഡിനേറ്റർ ആയി ഫിലിപ്പ് മഠത്തിലിനെ സാബു ചുമതല ഏൽപ്പിച്ചു. പിന്നീട് ബൈലോകൾ തയ്യാറാക്കി ചാപ്റ്റർ വികസിപ്പിക്കാമെന്നും സാബു അറിയിച്ചു. യോഗത്തിൽ കേരളാ സെന്റർ പ്രസിഡൻറ് അലക്സ് എസ്തപ്പാൻ അധ്യക്ഷത വഹിക്കുകയും ഫിലിപ്പ് മഠത്തിൽ സ്വാഗതം ആശംസിക്കുകയും ചെയ്തു. വിവിധ വ്യക്തികൾ ആശംസകൾ അർപ്പിച്ച് യോഗത്തിൽ സംസാരിച്ചു.