ഹൂസ്റ്റൺ : ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ ആത്മീയതയുടെയും സാംസകാരിക പൈതൃകത്തിന്റെയും നിലവിളക്കായ് കഴിഞ്ഞ 50 സുവർണ്ണ വർഷങ്ങൾ നിലനിന്നു പോന്ന ടെക്‌സാസിലെ സ്റ്റാഫോർഡിലുള്ള സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ അതിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 1974-ൽ സ്ഥാപിതമായ ഈ പരിശുദ്ധ ദേവാലയം ഗ്രെറ്റർ ഹൂസ്റ്റണിലെ ഇന്ത്യൻ ഓർത്തോഡോക്സ് സമൂഹത്തിനു ആത്മീയ നേതൃത്വവും സാംസ്‌കാരിക പിന്തുണയും നല്കിപ്പോരുന്നു.
ടെക്സാസിലെ സ്റ്റാഫോർഡിലെ 2411 ഫിഫ്ത്ത് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന കത്തീഡ്രൽ ദേവാലയത്തിൽ 2024 സെപ്റ്റംബർ 20 മുതൽ 22 വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന 3 ദിവസം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി സമാപന ആഘോഷങ്ങൾ ഗംഭീരമാക്കുവാൻ അക്ഷീണം പ്രവർത്തിക്കുകയാണ് ആകമാന ഇടവക ജനങ്ങൾ. വെരി റവ. ഗീവർഗീസ് അരൂപാല, കോർ-എപ്പിസ്കോപ്പ (വികാരി എമിരിറ്റസ്), റവ. ഫാ. ഫാ. പി എം ചെറിയാൻ (വികാരി & പ്രസിഡൻ്റ്), വെരി റവ. മാമ്മൻ മാത്യു കോർ-എപ്പിസ്കോപ്പ – അസിസ്റ്റൻ്റ് വികാരി, റവ. രാജേഷ് കെ ജോൺ – അസിസ്റ്റൻ്റ് വികാരി, റവ. ക്രിസ്റ്റഫർ മാത്യു– അസിസ്റ്റൻ്റ് വികാരി സുവർണ്ണ ജൂബിലി കമ്മിറ്റി കൺവീനർമാർ സ്റ്റാഫോർഡ് സിറ്റി മേയർ എന്നിവർ ചേർന്ന് നടത്തിയ ഹൂസ്റ്റ്ണിലെ എല്ലാ മാധ്യമപ്രവർത്തകരും പങ്കെടുത്ത പ്രസ്സ് മീറ്റിൽ വച്ച് ആണ് ഇടവകയുടെ സുപ്രധാന തീരുമാനം അറിയിച്ചത്.
സാമൂഹ്യ സേവനത്തിനുള്ള ഇടവകയുടെ സമർപ്പണത്തിന്റെ തെളിവാണ് കമ്മ്യൂണിറ്റി ഔട്ട്റീച്ച് എന്ന നിലയിൽ സ്റ്റാഫോർഡും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും കുറഞ്ഞത് $ 100,000 സംഭാവന ചെയ്യുവാൻ ഇടവക എടുത്ത തീരുമാനം. ഇത്തരത്തിൽ ഒരു കമ്മ്യൂണിറ്റി ഔട്ട് റീച് പ്രോഗ്രാം ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ മാറ്റ് വർധിപ്പിക്കുന്നു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, മലങ്കര മെത്രാപ്പോലീത്തയുടെയും നിരവധി പൗര പ്രമുഖരുടെയും സാന്നിദ്ധ്യം സെപ്റ്റംബർ 20 മുതൽ 22 വരെയുള്ള ജൂബിലി ആഘോഷങ്ങളുടെ പ്രത്യേകതയാണ്.