7 വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വര്‍ണ മെഡലുകള്‍
ഇത്രയേറെ സ്വര്‍ണ മെഡലുകള്‍ നേടുന്നത് ഇതാദ്യം
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 7 വിദ്യാര്‍ത്ഥികള്‍ക്ക് അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ സ്വര്‍ണ മെഡല്‍. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തിയ ഡി.എന്‍.ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ്) 2023ലെ പരീക്ഷയിലാണ് വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടിയത്. ദേശീയ തലത്തില്‍ പ്രമുഖ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ബിരുദം നേടിയവരാണ് ഈ പരീക്ഷയില്‍ പങ്കെടുത്തത്. അതിലാണ് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ രാജ്യത്തെ മികച്ച നേട്ടം കൈവരിച്ചത്. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ അധ്യാപനത്തിലും മികവിന്റെ കേന്ദ്രങ്ങളാണെന്നതിന്റെ സാക്ഷ്യം കൂടിയാണിത്. സ്വര്‍ണ മെഡല്‍ നേടിയ എല്ലാ വിദ്യാര്‍ത്ഥികളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
എന്‍ഡോക്രൈനോളജിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. വി. കാര്‍ത്തിക്, നെഫ്രോളജയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. രഞ്ജിനി രാധാകൃഷ്ണന്‍, ഫോറന്‍സിക് മെഡിസിനില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. രഹ്നാസ് അബ്ദുള്‍ അസീസ്, മൈക്രോബയോളജിയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. ടി.പി. സിതാര നാസര്‍, ന്യൂറോളജിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. അജിത അഗസ്റ്റിന്‍, മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. പി.ഡി. നിതിന്‍, ഇ.എന്‍.ടി. വിഭാഗത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോ. വി.എ. ഹംനാസ് എന്നിവരാണ് സ്വര്‍ണ മെഡല്‍ നേടിയത്.
അന്തര്‍ദേശീയ രംഗത്ത് ഏറെ മൂല്യമുള്ളതാണ് ഈ ബിരുദം. ഒരു സംസ്ഥാനത്ത് ദേശീയ തലത്തില്‍ ഇത്രയേറെ സ്വര്‍ണ മെഡലുകള്‍ അതും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കുന്നത് ഇതാദ്യമായാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മികവാണ് ഇതിലൂടെ വെളിവാകുന്നത്. മേയ് 10ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ച് നടക്കുന്ന കോണ്‍വക്കേഷനില്‍ രാഷ്ട്രപതി സ്വര്‍ണ മെഡലുകള്‍ സമ്മാനിക്കും.