ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചത് (19/04/2024)’
രാഹുല്‍ ഗാന്ധിയെ അപഹസിക്കാന്‍ ബി.ജെ.പി പറയുന്ന വാക്കുകള്‍ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു. കെ.കെ ശൈലജയ്ക്ക് എതിരെ കോവിഡ് കാല കൊള്ളയെന്ന ആരോപണം ഉന്നയിച്ചത് കൃത്യമായ തെളിവുകളോടെ; കോവിഡ് കാലത്തെ അഴിമതി മരണ വീട്ടിലെ പോക്കറ്റടി പോലെ; ഇരുപതില്‍ ഇരുപതും യു.ഡി.എഫ് ജയിക്കും; സി.പി.എം സഹായത്തോടെ ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത് യു.ഡി.എഫ് അനുവദിക്കില്ല.
——————————————————————————————————————————————————————————–
ആലപ്പുഴ : ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപതില്‍ ഇരുപത് സീറ്റിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തുച്ഛമായ വോട്ടുകള്‍ക്ക് നഷ്ടമായ ആലപ്പുഴയില്‍ ഇത്തവണ കെ.സി വേണുഗോപാല്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും.
ദേശീയതലത്തിലും കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിക്കും അനുകൂലമായ നിശബ്ദ തരംഗമുണ്ട്. ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവരും ബി.ജെ.പി ഇനിയും അധികാരത്തില്‍ എത്തരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. ജനാധിപത്യ വിരുദ്ധതയും വര്‍ഗീയതയും ഇനിയും ആവര്‍ത്തപ്പെടാന്‍ പാടില്ലെന്ന് ബോധ്യമുള്ള ജനത ബി.ജെ.പിക്കെതിരെ വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷ.
കേരളത്തില്‍ ബി.ജെ.പിയുടെ മൗത്ത്പീസായാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 35 ദിവസവും എഴുതി തയാറാക്കി കൊണ്ടു വന്ന ഒരേ കാര്യം തന്നെയാണ് പത്രസമ്മേളനത്തില്‍ പറയുന്നതും യോഗങ്ങളില്‍ പ്രസംഗിക്കുന്നതും. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയുമാണ് മുഖ്യമന്ത്രി
ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം നയിക്കുന്നതും ഇന്ത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്നതും രാഹുല്‍ ഗാന്ധിയാണ്. തീര്‍ത്താല്‍ തീരാത്ത പ്രതികാരത്തോടെ മോദി ഭരണകൂടം എതിര്‍ക്കുന്ന രാഹുല്‍ ഗാന്ധിയെയാണ് മുഖ്യമന്ത്രി പിണറായി വിജയനും എതിര്‍ക്കുന്നത്. ഭയമാണ് പിണറായി വിജയനെ ഭരിക്കുന്നത്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അവിഹിതമായ ബാന്ധവത്തിനെതിരെ ജനങ്ങള്‍ അതിശക്തമായി തിരഞ്ഞെടുപ്പില്‍ പ്രതികരിക്കും.
19 സീറ്റില്‍ മത്സരിക്കുന്ന സി.പി.എമ്മാണ് മോദി ഭരണകൂടത്തെ താഴെയിറക്കുമെന്ന് പറയുന്നതും പ്രകടനപത്രി ഇറക്കുന്നതും. 19 സീറ്റില്‍ മാത്രം മത്സരിക്കുന്നവര്‍ ഇന്ത്യയില്‍ അധികാരത്തില്‍ എത്തുമെന്ന് പറയുന്നത് തന്നെ ജനങ്ങളെ കബളിപ്പിക്കലാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ അതിശക്തമായ ജനരോഷവും പ്രതിഷേധവും അമര്‍ഷവുമുണ്ട്. 55 ലക്ഷം പേര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷനും 45 ലക്ഷം പേര്‍ക്ക് ക്ഷേമനിധി പെന്‍ഷനും ഉള്‍പ്പെടെ ഒരു കോടി ജനങ്ങള്‍ക്ക് പെന്ഷന് നിഷേധിച്ച സര്‍ക്കാരാണ് പിണറായിയുടേത്. മാവോലി സ്റ്റോറുകളില്‍ സാധനങ്ങളോ ആശുപത്രികളില്‍ മരുന്നോ ഇല്ലാത്ത അവസ്ഥയാണ്. കരാറുകാര്‍ക്ക് പണം നല്കാത്തതിനാല് വികസന പ്രവര്‍ത്തനങ്ങളും സ്തംഭനാവസ്ഥയിലാണ്. കേരളത്തെ രൂക്ഷമായ ധനപ്രതിസന്ധിയിലാക്കിയിട്ടും അഴിമതിക്ക് മാത്രം ഒരു കുറവുമില്ല. ഈ സാഹചര്യത്തില്‍ യു.ഡി.എഫിന് വന്‍വിജയം നേടാനാകും.
പിണറായി വിജയന് എന്തിനാണ് എന്നെ വിമര്‍ശിക്കുന്നതെന്നും താങ്കള്‍ എന്തുകൊണ്ടാണ് മോദിയെയും ബി.ജെ.പിയെയും വിമര്‍ശിക്കാത്തതെന്നുമാണ് രോഹുല്‍ ഗാന്ധി ചോദിച്ചത്. മോദിയെ വിമര്‍ശിക്കുന്ന എല്ലാ ഭരണകൂടങ്ങളെയും വേട്ടയാടുകയാണ്. രണ്ടു മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. എന്നിട്ടും താങ്കള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ ഒരു നോട്ടീസ് പോലും കിട്ടിയിട്ടില്ലല്ലോയെന്നുമാണ് രാഹുല്‍ ഗാന്ഝി ചോദിച്ചത്. ഇത് ശരിയല്ലേ? പ്രിന്‍സിപ്പല്‍ സെക്രട്ടറി ലൈഫ് മിഷന് കോഴയില്‍ ജയിലിലായിട്ടും മുഖ്യമന്ത്രിയുടെ മൊഴി പോലും എടുത്തില്ല. ലാവലിന്‍ കേസ് എന്തുകൊണ്ടാണ് 38 തവണ മാറ്റിവച്ചത്? കേന്ദ്ര ഏജന്‍സികള്‍ക്ക് കേരളത്തില്‍ മൃദു സമീപനമാണ്.
രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുന്ന കാമ്പയിന് 2014-ല്‍ തുടങ്ങിയിരുന്നു. ബി.ജെ.പി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് വിളിക്കുന്ന പേര് പിണറായി വിജയനും വിളിക്കട്ടെ. മോദിയുടെ തോളില്‍ കയ്യിട്ട് പിണറായിയും ആ പേര് വിളിക്കട്ടെ. അപ്പോള്‍ ജനങ്ങള്‍ക്ക് മനസിലാകും പിണറായി ആരാണെന്ന്. ബി.ജെ.പിയുടെ മൗത്ത് പീസായ പിണറായിയുടെ ശത്രു രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മാത്രമാണ്. ന്യൂനപക്ഷ വോട്ട് കിട്ടാന്‍ വേണ്ടിയാണ് 35 ദിവസമായി പിണറായി വിജയന് നാടകം കളിക്കുന്നത്. വര്‍ഗീയ ഫാഷിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാനുള്ള ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസ് ഇല്ലെങ്കിലുള്ള അവസ്ഥ എന്തായിരിക്കും? അതൊക്കെ മനസിലാക്കാനുള്ള സാമാന്യബുദ്ധി ജനങ്ങള്‍ക്കുണ്ട്. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമാണ് ജനങ്ങളുടെ പ്രതീക്ഷ. രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്നതില്‍ ബി.ജെ.പി നേതാക്കളെയും കടത്തിവെട്ടാനാണ് പിണറായി വിജയന് ശ്രമിക്കുന്നത്.
ബി.ജെ.പിക്ക് ഇലക്ടറല്‍ ബോണ്ടായി മേഘ എന്‍ജിനീയറിങ് 600 കോടി നല്‍കിയെന്ന് പോസ്റ്റിട്ട തിരുവനന്തപുരം പാലോട് സ്വദേശിക്കെതിരെ മോദിയുടെ സത്പേരിന് കളങ്കമുണ്ടാക്കിയെന്ന് പറഞ്ഞ് കേസെടുത്ത ആളാണ് പിണറായി വിജയന്. പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ചതിന് നല്കിയ 9 പരാതികളില്‍ ഒന്നില്‍ പോലും കേസെടുത്തിട്ടില്ല. ഇന്നലെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ 20 വര്‍ഷം മുന്‍പ് മരിച്ചു പോയ എന്റെ പിതാവിനെ വരെ അപമാനിച്ചുകൊണ്ടുള്ള കമന്റ് ഇട്ടിട്ടുണ്ട്. എന്നിട്ടും ഒരു നടപടിയുമില്ല. മോദിയെ വിമര്‍ശിച്ചതിന് ഷമാ മുഹമ്മദിനെതിരെയും കേസെടുത്തു. മോദിയെ വിമര്‍ശിക്കാന്‍ പാടില്ലെന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
300 കോടിയാണ് കരുവന്നൂരില്‍ നിന്നും കൊള്ളയടിച്ചത്. സൊസൈറ്റിയില്‍ അംഗമല്ലാത്ത സി.പി.എം എങ്ങനെയാണ് അവിടെ അക്കൗണ്ട് തുടങ്ങിയത്? അങ്ങനെയൊരു അക്കൗണ്ട് കരുവന്നൂരിലും ഇന്ത്യന്‍ ബാങ്കിലും ഇല്ലെന്ന് മുഖ്യമന്ത്രി പറയട്ടെ. വെളിപ്പെടുത്താത്ത ഈ അക്കൗണ്ടുകളിലൂടെ കള്ളപ്പണ ഇടപാടാണ് നടന്നത്. 50 കോടി രൂപ നല്കിയാല് പ്രശ്നങ്ങളെല്ലാം നോര്‍മല്‍ ആയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്. പാവപ്പെട്ടവന്റെ പണം കൊള്ളയടിച്ചിട്ടാണ് അവിടെ എല്ലാം നോര്‍മ്മല്‍ ആയെന്ന് പറയുന്നത്. 50 കോടി നല്കിയാല് നോര്‍മ്മല്‍ ആകുമെങ്കില്‍ അത് നല്‍കാത്തത് എന്തുകൊണ്ടാണ്. കൊള്ളയടിച്ചവരെയെല്ലാം സി.പി.എം ഏഴ് വര്‍ഷമായി സംരക്ഷിക്കുകയായിരുന്നു. എന്നിട്ടും സര്‍ക്കാര്‍ പച്ചക്കള്ളമാണ് പറയുന്നത്. തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് കിട്ടുന്നതിന് വേണ്ടി ഇ.ഡിയെ ഉപയോഗിച്ച് സി.പി.എം നേതാക്കളെ വിരട്ടി നിര്‍ത്തിയിരിക്കുകയാണ്. വിരണ്ടു നില്ക്കുന്ന സി.പി.എം നേതാക്കളെ ആശ്വസിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സംസ്ഥാന- ജില്ലാ സിപി.എം നേതാക്കള്‍ക്ക് കരുവന്നൂര്‍ കൊള്ളയില്‍ പങ്കുണ്ട്. കള്ളപ്പണ ഇടപാട് നടന്നെന്ന് രണ്ട് സ്റ്റാറ്റിയൂട്ടറി അതോറിട്ടികള്‍ കണ്ടെത്തിയിട്ടും മാസപ്പടി അന്വേഷണത്തിന് എട്ട് മാസത്തെ സമയം അനുവദിച്ചിരിക്കുന്നത്.
കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിയെ യു.ഡി.എഫ് അനുവദിക്കില്ല. ബി.ജെ.പിക്ക് ഇടമുണ്ടാക്കിക്കൊടുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. മത്സരം നടക്കുന്നത് യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. എല്‍.ഡി.എഫ് സഹായിച്ചാലും അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിയെ യു.ഡി.എഫ് അനുവദിക്കില്ല.
അന്വേഷിക്കാന്‍ ഒന്നുമില്ലെന്നും തെളിവില്ലെന്നുമുള്ള സത്യവാങ്മൂലമാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. പി.വി അന്‍വറിനെ ഉപയോഗിച്ച് ആരോപണം ഉന്നയിപ്പിച്ചത് മുഖ്യമന്ത്രിയാണ്. കെ റെയില്‍ വന്നാല്‍ 2045 ആകുമ്പഴേക്കും കേരളം മുഴുവന്‍ ഐ.ടി വ്യവസായം കൊണ്ട് നിറയുമെന്നും ഹൈദ്രാബാദിലെയും ബെംഗലുരുവിലെയും ഐ.ടി വ്യവസായങ്ങള്‍ തകരും. ഇത് മനസിലാക്കിയ ഐ.ടി കമ്പനികള്‍ കെ.സി വേണുഗോപാലിനെ ബന്ധപ്പെട്ടു. എന്നെ മുഖ്യമന്ത്രിയാക്കുമെന്നും പണം നല്‍കുമെന്നും പറഞ്ഞ കെ.സി വേണുഗോപാല്‍ കെ. റെയില്‍ അട്ടിമറിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. അങ്ങനെ കെ റെയില്‍ അട്ടിമറിച്ചു. അതിന്റെ ഭാഗമായി ബെംഗലുരുവില്‍ നിന്നും 150 കോടി രൂപ മീന്‍ വണ്ടിയില്‍ കയറ്റി ചാവക്കാട് കൊണ്ടു വന്നു. അവിടെ നിന്നും രണ്ട് ആംബുലന്‍സിലാക്കി മറ്റൊരു സ്ഥലത്ത് കൊണ്ടു വന്നെന്നും ആ പണം ബെഗലുരുവില്‍ നിക്ഷേപിച്ചെന്നുമായിരുന്നു ആരോപണം. തിരിച്ച് കൊണ്ടു പോയ വണ്ടി ഏതാണെന്ന് പറഞ്ഞില്ല. പിണറായി വിജയനാണ് ഇതുപോലുള്ള ചീഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഒരാള്‍ക്ക് അനുമതി നല്‍കിയത്. അതുകൊണ്ടാണ് മുഖ്യമന്ത്രിയെ ഓര്‍ത്ത് ചിരിക്കണോ കരയണോ എന്ന് ചോദിച്ചത്.
കോവിഡ് കാലത്ത് കൊള്ള നടത്തിയെന്ന് പ്രതിപക്ഷം ആരോഗ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രിക്കെതിരെ ലോകായുക്തയെ സമീപിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോയി. ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള പര്‍ച്ചേസ് ആയതിനാല്‍ മന്ത്രിയെ പ്രതിയാക്കരുതെന്ന്
ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിയമങ്ങള്‍ പാലിക്കേണ്ടതില്ല എന്ന വാദം തള്ളിക്കൊണ്ടാണ് ലോകയുക്ത അന്വേഷവുമായി മുന്നോട്ടു പോകാന്‍ ഹൈക്കോാടതി ഉത്തരവ് നല്കി. പി പി ഇ കിറ്റ് അഴിമതി സംബന്ധിച്ചു ശൈലജ ടീച്ചര്‍ പറയുന്ന വാദങ്ങള്‍ തികച്ചും വസ്തുതാവിരുദ്ധമാണ് എന്ന് ഇപ്പോഴത്തെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ ഉത്തരം നല്‍കിയിട്ടുണ്ട്.
അടിയന്തര സാഹചര്യത്തില്‍ പി.പി.ഇ കിറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് മഹാരാഷ്ട്ര ആസ്ഥാനമായ സാന്‍ ഫാര്‍മ എന്ന സ്ഥാപനത്തില്‍ നിന്നും 2020 മാര്‍ച്ച് 29 ന് 1550 രൂപ നിരക്കില്‍ പി.പി.ഇ കിറ്റ് വാങ്ങിയത് എന്നാണ് ശൈലജ ടീച്ചര്‍ പറയുന്നത്. സാന്‍ഫാര്‍മയില്‍ നിന്നും വാങ്ങാന്‍ തീരുമാനിച്ച അതേദിവസം കേറോന്‍( 456 രൂപ), ന്യൂ കെയര്‍ ഹൈജീന്‍ പ്രോഡക്ട് (472.50 രൂപ ), ബയോമെഡിക്സ് (483 രൂപ ) എന്നീ സ്ഥപനങ്ങളില്‍ നിന്നും പി.പി.ഇ കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചു. ഇതെല്ലം 500 രൂപയില്‍ താഴെയായിരുന്നു. എന്നിട്ടാണ് സാന്‍ഫാര്‍മയില്‍ നിന്നും 1550 രൂപ നിരക്കില്‍ വാങ്ങിയത്. ഇതാണ് അഴിമതി. ഏഴ് രൂപയ്ക്ക് കിട്ടുന്ന ഗ്ലൗസ് 14 രൂപയ്ക്ക് കഴക്കൂട്ടത്തെ പച്ചക്കറി കമ്പനിയില്‍ നിന്നും വാങ്ങി. പച്ചയ്ക്കുള്ള അഴിമതിയാണ് നടത്തിയത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. 1032 കോടിയുടെ അഴിമതിയാണ് നടത്തിയത്. മരണവീട്ടില്‍ നിന്നും പോക്കറ്റടിക്കുന്നതു പോലെയാണ് കോവിഡ് കാലത്ത് പോക്കറ്റടിച്ചത്. 28000 കോവിഡ് മരണങ്ങളാണ് ഒളിപ്പിച്ചുവച്ചത്. എന്നിട്ടാണ് ലോകത്ത് ഒന്നാം സ്ഥാനത്താണെന്ന് പറഞ്ഞത്. ഇത് ചോദ്യം ചെയ്ത മനോരമയിലെ മാധ്യമ പ്രവര്‍ത്തക നിഷ പുരുഷോത്തമനെതിരെ സൈബര്‍ ആക്രമണം നടത്തി. അവരുടെ മൂന്ന് തലമുറകളെയാണ് ആക്ഷേപിച്ചത്. എന്നിട്ടും ഇവരാരും ഒന്നും മിണ്ടിയില്ല.