രാജ്യത്ത് ബിജെപിക്കെതിരെ അടിയൊഴുക്ക് ശക്തം : മല്ലികാർജുൻ ഖാർഗെ

Spread the love

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപിക്കെതിരായ അതിശക്തമായ അടിയൊഴുക്കുണ്ടെന്നും അത് ഇന്ത്യാ മുന്നണിക്ക് അനുകൂലമായി മാറിയിട്ടുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെ. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഈ അടിയൊഴുക്ക് തിരിച്ചറിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വർഗീയ-വിദ്വേഷ പ്രസംഗങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി മാധ്യമ സമിതി ഇന്ദിരാഭവനിൽ സംഘടിപ്പിച്ച മുഖാമുഖം പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മക്കളുടെ എണ്ണവും മംഗല്യസൂത്രവുമൊക്കെ പറഞ്ഞാണ് മോദി ഇപ്പോൾ വോട്ടുപിടിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ ആരെ ലക്ഷ്യമിട്ടാണെന്ന് എല്ലാവർക്കും അറിയാം. മുസ്ലിം വിരുദ്ധ പ്രചരണം വോട്ടാക്കി മാറ്റാനാണ് മോദിയുടെ ശ്രമം. രാജ്യത്തെ ജനങ്ങളെ മതത്തിന്‍റെ പേരില്‍ വേര്‍തിരിച്ച് കാണാന്‍ പാടില്ല. മുസ്‌ലീങ്ങൾക്കെതിരായ പരാമർശം തെറ്റായ രാഷ്ട്രീയമാണ്. ഒരു മതവിഭാഗത്തില്‍ മാത്രമല്ല കുട്ടികള്‍ കൂടുന്നത്.

ഗ്യാരന്‍റികള്‍ നല്‍കുക എന്നതു മാത്രമാണ് മോദിയുടെ ഗ്യാരന്‍റി. വർഷം തോറും രണ്ടു ലക്ഷം തൊഴിലവസരങ്ങള്‍, അക്കൗണ്ടിൽ 15 ലക്ഷം രൂപ, കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്നെല്ലാമാണ് മുമ്പ് മോദി പറഞ്ഞിരുന്നത്. ഇതെല്ലാം എന്തായെന്ന് ഖാർഗെ ചോദിച്ചു. മോദി ഒരു പെരുംനുണയനാണ്. അദ്ദേഹം നിരന്തരമായി കള്ളം പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. വില കുറഞ്ഞ രാഷ്ട്രീയക്കാരനെപ്പോലെയാണ് മോദി പെരുമാറിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൊഴിലില്ലായ്മയും നാണ്യപ്പെരുപ്പവുമാണ് രാജ്യത്തെ പ്രധാനപ്രശ്നം. എന്നാല്‍ അതേക്കുറിച്ച് മോദി മിണ്ടുന്നതേയില്ല. കോണ്‍ഗ്രസ് നല്‍കുന്ന വാഗ്ദാനങ്ങള്‍ എല്ലാം നടപ്പാക്കുന്ന ഉറപ്പുകളാണ്. കർണാടക, തെലങ്കാന, ഹിമാചല്‍ എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. അവിടെയെല്ലാം അധികാരത്തിൽ വന്നയുടനെ തന്നെ കോൺഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റിയെന്നും ഖാർഗെ പറഞ്ഞു.

പതിവിന് വിപരീതമായി തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതും തെരഞ്ഞെടുപ്പ് നടത്തുന്നതുമെല്ലാം മോദിയാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികളിൽ പരിഹാരമില്ല. മോദിയുടെ തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശബ്ദമാണ്. കേരളത്തിൽ യുഡിഎഫ് ഇരുപതിൽ 20 സീറ്റും ജയിക്കും. യുഡിഎഫിന്റെ സ്ഥാനാർഥികളെല്ലാം മികച്ചവരും പോരാളികളുമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ, തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായ ശശി തരൂർ, അടൂർ പ്രകാശ്, മാധ്യമ സമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ് എന്നിവരും പങ്കെടുത്തു

Author

Leave a Reply

Your email address will not be published. Required fields are marked *