പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ത്ഥന

Spread the love

വര്‍ഗീയതയുടെയും ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ കുഴിച്ചു മൂടി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ സര്‍ക്കാരിനെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിച്ച് ഇന്ത്യയെ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളത്തില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി.ജെ.പിയും മോദിയും നടപ്പാക്കുന്ന ഭിന്നിപ്പിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയം അതിനേക്കാള്‍ തീവ്രവമായി കേരളത്തില്‍ നടപ്പാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മിനും എതിരായ ജനവിധി കൂടിയാകണം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പിന്റെ പരാജയം ഉറപ്പായപ്പോള്‍ പച്ചയ്ക്ക് വര്‍ഗീയത പറയുന്ന അവസ്ഥയിലേക്ക് പ്രധാനമന്ത്രി എത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും നാണിപ്പിക്കുന്ന അധിക്ഷേപമാണ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരെ പിണറായി വിജയനും സി.പി.എമ്മും പ്രചരിപ്പിക്കുന്നത്. വര്‍ഗീയതയ്ക്കും ഫാഷിസത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുന്നതും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രേഹ നയങ്ങള്‍ വിലയിരുത്തപ്പെടുന്നതുമാകണം നാളത്തെ വോട്ടെടുപ്പ്.

കേരളത്തില്‍ എത്തുമ്പോള്‍ ക്രൈസ്തവരെ ചേര്‍ത്ത് പിടിക്കുമെന്ന് പറയുന്നവരുടെ നേതൃത്വത്തില്‍ രാജ്യത്ത് ക്രൈസ്തവ ദേവാലയങ്ങളും ക്രൈസ്തവരും വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. മണിപ്പൂരില്‍ മുന്നൂറോളം പള്ളികളാണ് കത്തിച്ചത്. നൂറു കണക്കിന് പേര്‍ കൊല്ലപ്പെട്ടു. പതിനായിരങ്ങളാണ് പലായനം ചെയ്തത്. എന്നിട്ടും തൃശൂരില്‍ കല്യാണത്തിന് വന്നു പോയ പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ല. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അതേ ശക്തികളാണ് ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ പോലെ ക്രിസ്മസ് കേക്കുമായി വീടുകളിലേക്ക് എത്തുന്നതെന്നും നാം തിരിച്ചറിയണം.

ഒരു കോടി പാവങ്ങള്‍ക്ക് ഏഴ് മാസമായി പെന്‍ഷന്‍ നല്‍കാതെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി ചമഞ്ഞു നടക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും മാവേലി സ്റ്റോറുകളില്‍ സാധനങ്ങളുമില്ല. സ്വകാര്യ ആശുപത്രികള്‍ കാരുണ്യ കാര്‍ഡ് സ്വീകരിക്കുന്നില്ല. പതിനാറായിരം കോടിയാണ് കരാറുകാര്‍ക്ക്

നല്‍കാനുള്ളത്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ളത് നല്‍പ്പതിനായിരം കോടി. ഖജനാവില്‍ പൂച്ച പ്രസവിച്ച് കിടക്കുന്ന സ്ഥിതിയാണ്. ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്നു പറഞ്ഞ് മുഖ്യമന്ത്രി അക്രമത്തെ പ്രോത്സാഹിപ്പിച്ചതാണ് സിദ്ധര്‍ത്ഥിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊന്നു കെട്ടിത്തൂക്കിയ കേസിലെ ഡി.വൈ.എഫ്.ഐക്കാരനെ വെറുതെ വിട്ടു. വാളയാര്‍ കേസ് പ്രതികളെയും വെറുതെ വിട്ടു. റിയാസ് മൗലവിയെ ആര്‍.എസ്.എസുകാര്‍ കഴുത്തറുത്ത് കൊന്ന കേസും വെറുതെ വിട്ടു. പൊലീസും പ്രോസിക്യൂഷനും സി.പി.എമ്മിന് വേണ്ടിയുള്ള സംവിധാനങ്ങളായി മാറി.

കരുവന്നൂരില്‍ പാവങ്ങളുടെ 300 കോടിയാണ് സി.പി.എം തട്ടിയെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ സമീപനങ്ങളൊക്കെ പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ പ്രബുദ്ധരായ സമ്മതിദായകരുടെ മനസിലുണ്ടാകണം. സര്‍ക്കാരിന്റെ ഭരണ പരാജയം മറച്ചു വയ്ക്കാനാണ് പിണറായി വിജയന്‍ പൗരത്വ നിയമത്തില്‍ ഉള്‍പ്പെടെ നുണപ്രചരണം നടത്തിയത്. എന്നാല്‍ പിണറായിയുടെയും സി.പി.എമ്മിന്റെയും കാപട്യം തുറന്നുകാട്ടാന്‍ യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്.

കേരളത്തില്‍ ഇരുപതില്‍ ഇരുപത് സീറ്റും നേടി ഉജ്വല വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ഐക്യജനാധിപത്യ മുന്നണി. അതിശക്തമായ യു.ഡി.എഫ് തരംഗമാണ് സംസ്ഥാനത്തുള്ളത്. രാജ്യത്താകെയും കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിക്കും അനുകൂലമായ തരംഗമുണ്ട്. മിക്ക സംസ്ഥാനങ്ങളിലും അദ്ഭുതകരമായ മാറ്റമുണ്ടാകും. വര്‍ഗീയ ഫാഷിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കണമെന്ന് ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, രാജ്യത്തെ മതേതരവാദികളും ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നുണ്ട്. യു.ഡി.എഫിനും കോണ്‍ഗ്രസിനുമൊപ്പം ഒറ്റക്കെട്ടായി നമുക്കും ആ പോരാട്ടത്തിന്റെഭാഗമാകാം.

Author

Leave a Reply

Your email address will not be published. Required fields are marked *