കോട്ടയം മെഡിക്കല്‍ കോളേജില്‍ പതിനാലുകാരിക്ക് അപൂര്‍വ രോഗത്തിനുള്ള ശസ്ത്രക്രിയ വിജയം

Spread the love

ഇനി സാധാരണ ജീവിതം നയിക്കാം.

സാക്രല്‍ എജെനെസിസ് (Sacral Agenesis) കാരണം അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ഏറെ ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂര്‍വ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളേജ്. നട്ടെല്ലിനോട് ചേര്‍ന്നുള്ള ഭാഗത്തെ ശാസ്ത്രക്രിയായതിനാല്‍ പരാജയപ്പെട്ടാല്‍ ശരീരം പൂര്‍ണമായിത്തന്നെ തളര്‍ന്നുപോകാനും മലമൂത്ര വിസര്‍ജനം അറിയാന്‍ പറ്റാത്ത നിലയിലാകാനും സാധ്യതയുണ്ട്. അതിസങ്കീര്‍ണമായ ഈ ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം വിജയകരമാക്കിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

സ്‌കൂള്‍ ആരോഗ്യ പരിശോധനയ്ക്കായി എത്തിയ ആരോഗ്യകേരളം നഴ്‌സ് ലീനാ തോമസാണ് ഇടപെടലാണ് കുട്ടിയുടെ ജീവിതത്തില്‍ വഴിഞ്ഞിരിവായത്. കുട്ടിയുടെ ക്ലബ് ഫൂട്ടിനെകുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിച്ച് പിരിയുമ്പോള്‍ പെട്ടെന്നാണ് കുട്ടി ഡയപ്പെര്‍ ധരിച്ചിരിക്കുന്നത് ശ്രദ്ധിച്ചത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് തന്റെ ജന്മനായുള്ള അസുഖത്തെ കുറിച്ച് നഴ്‌സിനോട് പറയുന്നത്. അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ദിവസവും 5 മുതല്‍ 6 വരെ ഡയപ്പെര്‍ ധരിച്ചാണ് ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്. ഇതുമൂലം ധാരാളം ബുദ്ധിമുട്ടുണ്ടായിരുന്നു.

നട്ടെല്ലിലെ താഴ് ഭാഗത്തെ എല്ല് പൂര്‍ണമായി വളരാത്തതുമൂലം ആ ഭാഗത്തെ നാഡികള്‍ വളര്‍ച്ച പ്രാപിക്കാതെ അവ തൊലിയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്ന ഒരു അപൂര്‍വ്വ അവസ്ഥയാണ് ഈ രോഗം. അഞ്ച് വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ കോട്ടയത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചിരുന്നെങ്കിലും ശസ്ത്രക്രിയ സങ്കീര്‍ണമായതിനാല്‍ ജന്മനായുള്ള ഈ അസുഖത്തിന് പരിഹാരമില്ലെന്ന് കണ്ട് ചികിത്സ ഉപേക്ഷിക്കുകയായിരുന്നു.

പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നഴ്‌സ് ലീനാ തോമസ് ജില്ലാ ആര്‍.ബി.എസ്.കെ കോ ഓര്‍ഡിനേറ്റര്‍ക്ക് സ്‌ക്രീനിംഗ് റിപ്പോര്‍ട്ട് നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ധ ചികിത്സക്കുള്ള തയാറെടുപ്പുകള്‍ ആരംഭിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രികളില്‍ അതിസങ്കീര്‍ണമായ ഈ ശസ്ത്രക്രിയക്ക് കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും ചെലവ് വരും. ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ ആശാ പ്രവര്‍ത്തക ഗീതാമ്മയുടെ പ്രേരണയില്‍ നാട്ടില്‍ നിന്ന് തന്നെ ഒരു സ്‌പോണ്‍സറെ കണ്ടാത്താനും കഴിഞ്ഞതോടെ ചികിത്സ ആരംഭിക്കുകയായി.

2024 ജനുവരിയില്‍ ആരംഭിച്ച പരിശോധനകളെ തുടര്‍ന്ന് മെയ് 24ന് കോട്ടയം മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ ഡോ. ബിജു കൃഷ്ണന്റെ നേതൃത്വത്തില്‍ അസോ. പ്രൊഫസര്‍ ഡോ. ഷാജി മാത്യു, അസി. പ്രൊഫസര്‍ ഡോ. ടിനു രവി എബ്രഹാം എന്നിവരും അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ലത. ജെ തുടങ്ങിയവരടങ്ങുന്ന സംഘമാണ് 7 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *