മണ്ണുത്തി: പ്രദേശവാസികളിൽ ജീവിതശൈലീ രോഗനിർണയവും പരിപാലനവും ഉറപ്പുവരുത്തുന്ന ഹൃദ്യം പദ്ധതിക്ക് തുടക്കമിട്ട് ഇസാഫ് ഹെൽത്ത് കെയർ. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ എം ഡിയും സിഇഒ യുമായ കെ. പോൾ തോമസിന്റെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇസാഫ് ഫൗണ്ടേഷനും പ്രചോദൻ ഡെവലപ്മെന്റ് സർവീസും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ മണ്ണുത്തി മേഖലയിലുള്ള ജനങ്ങൾക്ക് കൃത്യമായ ഇടവേളകളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. പ്രമേഹം, രക്തസമ്മർദ്ദം, ജനറൽ മെഡിസിൻ, ഫിസിയോതെറാപ്പി
കൺസൽട്ടേഷൻ, മരുന്ന് വിതരണം എന്നിവയാണ് ക്യാമ്പിലൂടെ ലഭ്യമാക്കുക.
ആശുപത്രി ചെലവുകൾ വർധിക്കുന്ന ഇക്കാലത്ത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകൾ ഹൃദ്യം പദ്ധതിയിലൂടെ നൽകാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സിഇഒ യുമായ കെ. പോൾ തോമസ് പറഞ്ഞു. “പലവിധ ജോലിത്തിരക്കിനിടയിൽ ആരോഗ്യ കാര്യങ്ങളിൽ കൃത്യമായ ശ്രദ്ധ പുലർത്താൻ കഴിയാത്തവർക്ക് ഇസാഫ് ഹെൽത്ത് കെയറിന്റെ ഹൃദ്യം പദ്ധതി ഏറെ ഗുണകരമാകും.”- അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൃദ്യം പദ്ധതിക്ക് തുടക്കമിട്ട് മണ്ണുത്തിയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നൂറോളം ആളുകൾ പങ്കെടുത്തു. കൗൺസിലർ രേഷ്മ ഹേമജ്, ഇസാഫ് ഹെൽത്ത് കെയർ ഡയറക്ടർ ഡോ. ജേക്കബ് സാമുവേൽ, മണ്ണുത്തി ജനകീയ കൂട്ടായ്മ ചെയർമാൻ ഭാസ്കരൻ കെ. മാധവൻ, പൗരാവലി ചെയർമാൻ മുത്തു എം. കെ, മണ്ണുത്തി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബാബു സി. എ, എന്നിവർ സംസാരിച്ചു.
Photo Caption; ജീവിതശൈലീ രോഗങ്ങൾക്ക് സമഗ്ര ആരോഗ്യ സുരക്ഷ നൽകുന്ന ഇസാഫ് ഹെൽത്ത് കെയറിന്റെ ഹൃദ്യം- സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയ മൊബൈൽ മെഡിക്കൽ സെന്റർ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സിഇഒ യുമായ കെ. പോൾ തോമസ് ഉദ്‌ഘാടനം ചെയ്യുന്നു.
Ajith V Raveendran