മാഗ്‌ 2024 മാതാപിതൃദിനാഘോഷം: ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ഒരു സമഗ്ര സമന്വയം – അജു വാരിക്കാട്

Spread the love

സ്റ്റാഫോർഡ്, TX : സ്റ്റാഫോർഡിലെ കേരള ഹൗസിൽ ജൂൺ 15, 2024 വൈകിട്ട് 6:30 മുതൽ 9:00 വരെ നടന്ന MAGH 2024 മാതാപിതൃദിനാഘോഷം (പേരൻ്റസ് ഡേ) ഏറെ സവിശേഷതകൾ കൊണ്ട് വേറിട്ടു നിന്നു. കുവൈറ്റിൽ നടന്ന അഗ്നിബാധയിൽ ജീവൻ പൊലിഞ്ഞ മലയാളി സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ആരംഭിച്ച മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിൻ്റെ 2024ലെ പേരൻ്റസ് ഡേ ഹൃദയസ്പർശിയായ പരിപാടിയായി മാറി.

MAGH ജോയിൻറ് സെക്രട്ടറി ശ്രീമതി. പൊടിയമ്മ പിള്ളയുടെ സ്വാഗത പ്രസംഗത്തോടെ സാംസ്കാരിക പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രസിഡൻഷ്യൽ അഡ്രസ് ശ്രീ. മാത്യൂസ് മുണ്ടക്കൽ നിർവഹിച്ചു. അവതാരകയായി ശ്രീമതി. അൻസി സാമുവേൽ പരിപാടിയുടെ നിയന്ത്രണം ഏറ്റെടുത്തു.

പ്രാർത്ഥനാ ഗീതം ശ്രീ. സാജി പുല്ലാട്ട് ആലപിച്ച് പരിപാടികൾക്ക് തുടക്കമിട്ടു. പ്രധാനാതിഥിയായ സ്റ്റാഫോർഡ് സിറ്റി മേയർ ശ്രീ. കെൻ മാത്യു മാതാപിതൃദിന സന്ദേശം നൽകി, പുതിയ തലമുറയെ വളർത്തി രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കളുടെ പങ്ക് വളരെ വിലയേറിയതാണ് എന്ന് അദ്ദേഹം പ്രസംഗത്തിൽ പങ്കുവച്ചു.

മുൻ ട്രസ്റ്റി ബോർഡ് ചെയർമാനും നിലവിലെ ട്രസ്റ്റി ബോർഡ് അംഗമായ ശ്രീ. ജോസഫ് ജെയിംസ്, ശ്രീമതി. പൊന്നുപിള്ള, MAGH ബിൽഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. സശീധരൻ നായർ എന്നിവർ അനുമോദന സന്ദേശങ്ങൾ നൽകി. ചടങ്ങിൽ പങ്കെടുത്ത എല്ലാ മാതാപിതാക്കളെയും ആദരിക്കുന്നതിനായി പൂക്കൾ നൽകി.

തുടർന്ന് നടത്തിയ കലാപരിപാടികൾ സമൂഹത്തിലെ പ്രതിഭയുടെ ഒരു നിഴലാട്ടമായി മാറി. ശ്രീമതി. സിസ്സിമോൾ രാജേഷ്, ശ്രീ. ആന്റു അങ്കമാലി, ശ്രീമതി. അൻസി സാമുവേൽ, ശ്രീ. മേവിൻ ജോൺ, ശ്രീ. ആൻഡ്രൂസ് ജോസഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ശ്രീ. മൈസൂർ തമ്പി, ശ്രീ. സശീധരൻ നായർ എന്നിവർ സ്റ്റാൻഡ്-അപ്പ് കോമഡി അവതരിപ്പിച്ചു, സദസ്സിനെ ആനന്ദത്തിലാക്കി. കുട്ടികളുടെ നൃത്തം സത്യയും സരംഗും ചേർന്ന് അവതരിപ്പിച്ചു.

പാസിങ് ദി പാർസൽ എന്ന രസകരമായ ഗെയിമിൽ എല്ലാ മാതാപിതാക്കളെയും പങ്കെടുപ്പിച്ചു നടത്തിയത് വേറിട്ട ഒരു അനുഭവമായി. ശ്രീ. മാത്യൂസ് ചാണ്ടപിള്ളയുടെ നന്ദി പ്രസംഗം കൊണ്ട് പരിപാടി സമാപിച്ചു. കടന്നുവന്ന എല്ലാവർക്കും രുചികരമായ ഭക്ഷണവും ഒരുക്കിയിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *