ഇന്ന് വായനാദിനം. വായന എന്ന പ്രക്രിയ മനുഷ്യന്റെ അറിയാനും അറിവുകൾ രേഖപ്പെടുത്താനും പകർന്നുകൊടുക്കാനുമുള്ള അടിസ്ഥാന ചോദനയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുതുലോകം പണിയാനുള്ള വിപ്ലവത്വരയാണ് വായനയുടെ അടിസ്ഥാനം. ലോകത്തെയും വൈവിധ്യമാർന്ന മനുഷ്യസംസ്കാരങ്ങളെയും അടുത്തറിയാൻ വായന നമ്മെ പ്രചോദിപ്പിക്കുന്നു. ഏതിടത്തുമുള്ള ചൂഷണങ്ങളെയും അടിച്ചമർത്തലുകളെയും എതിർക്കാനും മനുഷ്യരുടെ ദുരിതങ്ങളിൽ പങ്കുചേരാനും വായന നമ്മെ പ്രേരിപ്പിക്കുന്നു.
കേരളം കൈവരിച്ച സാമൂഹിക മുന്നേറ്റത്തിന്റെ മുഖമുദ്രയായ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പിഎൻ പണിക്കരുടെ ഓർമദിനമാണിത്. കേരളത്തിന്റെ അഭൂതപൂർവമായ വളർച്ചയിൽ ഗ്രന്ഥശാലാ പ്രസ്ഥാനവും സാക്ഷരതാ യജ്ഞവും വഹിച്ച പങ്ക് അടയാളപ്പെടുത്തിക്കൊണ്ടാണ് ഈ വായനാദിനം കടന്നുപോകുന്നത്. ഈ പുരോഗതിയെ ഊർജസ്വലമായി മുന്നോട്ടുകൊണ്ടുപോകാൻ കൂടുതൽ ആഴത്തിൽ വേരോടിയ ഒരു വായനാസംസ്കാരം വളർത്തിയെടുക്കാനാകണം.
വിവരസാങ്കേതിക വിദ്യയുടെ ഈ വിപ്ലവ കാലത്ത് വായനയുടെ രീതിയും സങ്കേതങ്ങളും ഒരുപാട് മാറിയിരിക്കുന്നു. സ്മാർട്ട്ഫോണുകൾ, കമ്പ്യൂട്ടർ, ഇ-ബുക്ക്, എഐ തുടങ്ങി ഈ രംഗത്തുണ്ടായ അഭൂതപൂർവമായ മാറ്റങ്ങൾ വായനയെ പുതിയ മാനങ്ങളിലേക്ക് ഉയർത്തിയിരിക്കുന്നു. പുതിയ കാലത്തെ വായനാരീതികളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. അറിവിനെ മാറ്റത്തിന്റെ ആയുധമാക്കാൻ ഇനിയും നമുക്ക് സാധിക്കട്ടെ. അതിന് ഈ വായനാദിനം ഊർജമാകും.