ന്യൂയോർക്ക് : ലോങ്ങ് ഐലൻഡിലെ മുൻനിര സി.പി.എ ആയ എബ്രഹാം ഫിലിപ്പ് ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ന്യൂയോർക്കിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ സെൻറർ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് എബ്രഹാം ഫിലിപ്പിനെ എൻഡോഴ്സ് ചെയ്തിരിക്കുന്നത്. ഫോമാ സ്ഥാപിതമായ വർഷം മുതൽ ഫോമായിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് എബ്രഹാം ഫിലിപ്പ്. ഫോമായുടെ ആരംഭകാലമായ 2008 മുതൽ 2018 വരെ പത്തു വർഷക്കാലം ഫോമായുടെ ഓഡിറ്റർ ആയി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
“വളരെ വിശ്വസ്തതയോടും അർപ്പണ മനോഭാവത്തോടെയും ഏറ്റെടുക്കുന്ന പ്രവർത്തികളെല്ലാം സമയബന്ധിതമായി ചെയ്യാൻ താൽപ്പര്യം കാണിക്കുന്ന വ്യക്തിയാണ് ശ്രീ. എബ്രഹാം ഫിലിപ്പ്. കേരളാ സെന്ററിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായി അദ്ദേഹം ദീർഘകാലമായി സേവനം ചെയ്യുന്നു. അതോടൊപ്പം വർഷങ്ങളായി കേരളാ സെന്ററിന്റെ അക്കൗണ്ടുകൾ മുഴുവൻ കൈകാര്യം ചെയ്യുകയും യഥാ സമയം ഓഡിറ്റ് ചെയ്ത് ഐ.ആർ.എസ്-നു സമർപ്പിക്കുകയും ചെയ്യുന്ന വ്യക്തികൂടിയാണ് എബ്രഹാം. അക്കൗണ്ട് സംബന്ധമായ പ്രസ്തുത സേവനങ്ങളെല്ലാം സൗജന്യമായാണ് അദ്ദേഹം ചെയ്യുന്നത് എന്നതാണ് പ്രത്യേകത. സേവന മനസ്ഥിതിയുള്ള ശ്രീ ഫിലിപ്പ് ഫോമായ്ക്ക് നല്ല ഒരു മുതൽക്കൂട്ടായിരിക്കും എന്നതിനാലാണ് കേരളാ സെൻറർ അദ്ദേഹത്തെ ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്. വോട്ടവകാശമുള്ള എല്ലാ ഫോമാ അംഗങ്ങളും കക്ഷിഭേദമെന്യേ എബ്രഹാം ഫിലിപ്പിന് വോട്ട് ചെയ്ത് അദ്ദേഹത്തെ നാഷണൽ കമ്മറ്റി അംഗമാക്കി ഫോമായ്ക്ക് ഒരു മുതൽക്കൂട്ടാക്കണം എന്ന് അഭ്യർത്ഥിക്കുന്നു” കേരളാ സെൻറർ പ്രസിഡൻറ് അലക്സ് എസ്തപ്പാൻ ന്യൂയോർക്കിൽ പ്രസ്താവിച്ചു.
ന്യൂയോർക്ക് മെട്രോ റീജിയൻറെ ദീർഘ കാല സജീവ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കയ്യഴിഞ്ഞു സഹായിക്കുന്ന വ്യക്തിയുമാണ് എബ്രഹാം ഫിലിപ്പ്. ഫോമായിലൂടെയും മറ്റ് പല സംഘടനകളിലൂടെയും അദ്ദേഹം നേരിട്ടും ജന്മനാട്ടിൽ ധാരാളം കാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായം നൽകിവരുന്നു. ഫോമായിൽ ലഭിക്കുന്ന സാമ്പത്തിക ഫണ്ടുകൾ യഥാവിധി അർഹതപ്പെട്ടവർക്ക് ലഭിക്കുന്നതിനും അനുയോജ്യമായ വിധം ഉപയോഗിച്ച് ഫണ്ടുകളുടെ ദുരുപയോഗം ഇല്ലാതാക്കുന്നതിനും എബ്രഹാം ഫിലിപ്പിന്റെ സേവനം ഫോമായ്ക്ക് അനിവാര്യമാണ്. ഫോമാ ഏതു പ്രോജെക്ടുകൾ മുൻപോട്ടു കൊണ്ടുവന്നാലും അതിന്റെ ആവശ്യകത ശരിയാംവിധം വിശകലനം ചെയ്ത് അതിന്റെ ഗുണഗണങ്ങൾ ഉപഭോക്താവിന് ഉചിതമായി ലഭിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുന്നതിനും നടപ്പിലാക്കുന്നതിനും എബ്രഹാമിനെപ്പോലെ വിദഗ്ധരുടെ സേവനം ഫോമായ്ക്ക് അത്യാവശ്യമാണ്. അതിനാൽ ഫോമായുടെ നല്ല ഭാവിയെ മുൻ നിർത്തി എബ്രഹാം ഫിലിപ്പിനെ ഫോമാ നാഷണൽ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.