ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച് 20.6.2024 ലെ കെപിസിസി എക്സിക്യൂട്ടിവ് യോഗം അംഗീകരിക്കുന്ന പ്രമേയം

Spread the love

         

രാജ്യത്ത് നടന്ന 18-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ ഉജ്ജ്വല മുന്നേറ്റം കാഴ്ചവച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നേട്ടത്തില്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും അഭിമാനിക്കുന്നു. ഇന്ത്യാ മുന്നണിക്ക് നേതൃത്വം നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് നടത്തിയ കഠിനാധ്വാനമാണ് ഇത്തരമൊരു വിധിയെഴുത്തിലേക്ക് രാജ്യത്തെ നയിച്ചത്. പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ച എഐസിസി പ്രസിഡണ്ട് ശ്രീ മല്ലികാര്‍ജുന ഖാര്‍ഗെ, ശ്രീമതി സോണിയാ ഗാന്ധി, ശ്രീ രാഹുല്‍ ഗാന്ധി, ശ്രീമതി പ്രിയങ്ക ഗാന്ധി, സംഘടനാച്ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി ശ്രീ കെസി വേണുഗോപാല്‍ എന്നിവരെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു.

ഒരു ജനാധിപത്യം എന്നതില്‍ നിന്ന് കേവലം ഇലക്ഷന്‍ നടക്കുന്ന ഏകാധിപത്യം എന്ന അവസ്ഥയിലേക്കാണ് നരേന്ദ്രമോദിയും സംഘപരിവാറും പത്ത് വര്‍ഷം കൊണ്ട് രാജ്യത്തെ അധ:പതിപ്പിച്ചത്. എല്ലാത്തരം ജനാധിപത്യ സ്ഥാപനങ്ങളേയും കേന്ദ്ര ഏജന്‍സികളേയും മറ്റ് ഔദ്യോഗിക സംവിധാനങ്ങളേയും സ്വന്തം ചൊല്‍പ്പടിക്ക് നിര്‍ത്തിക്കൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികളെ ബിജെപി വേട്ടയാടിയത്. ജനാധിപത്യത്തെ പണാധിപത്യം കൊണ്ടും കുതിരക്കച്ചവടം കൊണ്ടും നിരന്തരം അട്ടിമറിക്കുന്നത് മോദി ഭരണകാലത്ത് സ്വാഭാവികതയായി മാറി. ‘ഗോദി മീഡിയ’യായി മാറിയ മുഖ്യധാരാ മാധ്യമങ്ങളും വിദ്വേഷ പ്രചരണത്തിന്റെ കൂത്തരങ്ങായി മാറിയ സാമൂഹ്യ മാധ്യമങ്ങളും സംഘ് പരിവാറിനനുകൂലമായി രാജ്യത്ത് കളമൊരുക്കാന്‍ വേണ്ടി വ്യാപകമായി ദുരുപയോഗിക്കപ്പെട്ടു. മോദി സര്‍ക്കാരിന്റെ കുത്തക പ്രീണന നയങ്ങളെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി വിമര്‍ശിച്ചതിന്റെ പകപോക്കുന്നതിനായി രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റംഗത്വം ഇല്ലാതാക്കാന്‍ തരംതാണ ഇടപെടലുകള്‍ നടന്നു. കെട്ടിപ്പൊക്കിയ ആരോപണങ്ങളുടെ പേരില്‍ രണ്ട് മുഖ്യമന്ത്രിമാര്‍ തുറുങ്കിലടക്കപ്പെട്ടു. ജുഡിഷ്യറിയുടേയും ഇലക്ഷന്‍ കമ്മീഷന്റെയും വിശ്വാസ്യത പോലും പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം രാജ്യത്തുണ്ടായി. ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ്സുകളെ പൂര്‍ണ്ണമായി നിര്‍വ്വീര്യമാക്കുന്നതിനായിപ്പോലും തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജന്‍സികള്‍ ദുരുപയോഗിക്കപ്പെട്ടു.

ഇത്തരം എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും ഇന്നുകാണുന്ന വലിയ മുന്നേറ്റം യാഥാര്‍ത്ഥ്യമാക്കിയത്. തെരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ കൃത്യമായ സംഘടനാപരമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് നവോന്മേഷം നല്‍കി. ശ്രീ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 4000ഓളം കിലോമീറ്റര്‍ കാല്‍നടയായി നടത്തിയ ‘ഭാരത് ജോഡോ യാത്ര’ ലോകത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ വിസ്മയമായി മാറി. ദശലക്ഷക്കണക്കിന് മനുഷ്യര്‍ ഒഴുകിയെത്തി അലിഞ്ഞുചേര്‍ന്ന ഈ സ്നേഹപ്രവാഹം വിദ്വേഷത്തിന്റെ കമ്പോളത്തില്‍ മനുഷ്യമനസ്സുകളെ സ്നേഹത്തിന്റെ വില്‍പ്പനശാലകളാക്കി പരിവര്‍ത്തിപ്പിച്ചു. വര്‍ഗീയ കലാപത്തിന്റെ മുറിവുണങ്ങാത്ത മണിപ്പൂരിന്റെ മണ്ണില്‍ നിന്നാരംഭിച്ച് ഉത്തരന്ത്യേയെ ഇളക്കിമറിച്ച ‘ഭാരത് ജോഡോ ന്യായ് യാത്ര’യും രാജ്യത്തെ സാധാരണക്കാരായ മനുഷ്യരെ മോദി ഭരണത്തിന്റെ ജനവിരുദ്ധതക്കെതിരായി കോണ്‍ഗ്രസിനൊപ്പം അണിനിരത്താന്‍ ഉപകരിച്ചു. ഈ രണ്ട് യാത്രകളുടെയും പ്രധാന സംഘാടകത്വം നിര്‍വ്വഹിച്ചത് മലയാളികളുടെ പ്രിയങ്കരനായ എ ഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണെന്നത് ഏറെ അഭിമാനകരമാണ്.

രാജ്യത്തെ ഫാഷിസത്തില്‍ നിന്ന് മോചിപ്പിക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന കോണ്‍ഗ്രസിന്റെ കൃത്യമായ നിലപാടാണ് ‘ഇന്ത്യ’ മുന്നണിയെ യാഥാര്‍ത്ഥ്യമാക്കിയത്. കോണ്‍ഗ്രസിന്റെ നേതൃത്വമംഗീകരിക്കാനും ഒരുമിച്ചുള്ള പോരാട്ടത്തില്‍ പൂര്‍ണ്ണ മനസ്സോടെ കൂടെ നില്‍ക്കാനും വിവേകം കാണിച്ച മുന്നണിയിലെ ഘടകകക്ഷികളെ കെപിസിസി അഭിവാദ്യം ചെയ്യുന്നു. ദേശീയ തലത്തില്‍ മുന്നണിയുടെ ഭാഗമാണെന്ന് പറയുമ്പോഴും കേരളത്തില്‍ കോണ്‍ഗ്രസ് വിരുദ്ധത മുഖമുദ്രയാക്കിയവര്‍ക്ക് ഇനിയെങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുമ്പില്‍ കണ്ണുതുറക്കേണ്ടതായി വരും എന്ന് നാം പ്രത്യാശിക്കുകയാണ്.

ബിജെപി സൃഷ്ടിക്കാനാഗ്രഹിച്ച കപട നറേറ്റീവുകളേയും വിദ്വേഷ പ്രചരണത്തേയും കൃത്യമായ ബദല്‍ പ്രചരണങ്ങളിലൂടെ മറികടക്കാനായി എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. മുമ്പൊരു തെരഞ്ഞെടുപ്പ് കാലത്തും ഇല്ലാത്തവണ്ണം കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാക്കാന്‍ നമുക്ക് കഴിഞ്ഞു. ‘ന്യായ് പത്രിക’യിലെ വാഗ്ദാനങ്ങള്‍ നീതിപൂര്‍വ്വകമായ പുതിയൊരു ഭാരതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി രാജ്യത്തെ ജനങ്ങള്‍ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ച്ചയായി വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി സംസാരിച്ചത് വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, സാമ്പത്തിക അസമത്വം, സ്ത്രീ സുരക്ഷ തുടങ്ങിയ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ്. ഭരണഘടനയിലെ നീതി സങ്കല്‍പ്പങ്ങളെ പ്രവര്‍ത്തി പഥത്തിലെത്തിക്കാനുള്ള തുടര്‍ നടപടികളും നയപരമായ ഇടപെടലുകളും ഇനിയും കോണ്‍ഗ്രസില്‍ നിന്നുണ്ടാവും എന്ന് ജനങ്ങള്‍ക്ക് ഞങ്ങള്‍ ഉറപ്പുനല്‍കുന്നു.

20ല്‍ 18 സീറ്റിലും യുഡിഎഫിനെ വിജയിപ്പിച്ച കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാരേയും കെപിസിസി അഭിവാദ്യം ചെയ്യുന്നു. തുടര്‍ച്ചയായ രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ഇങ്ങനെ വലിയ വിജയമുണ്ടാവുന്നത് യുഡിഎഫിന് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്നു. വിജയിച്ച 18 സീറ്റുകളില്‍ 10 സീറ്റിലും ഒരു ലക്ഷത്തിന് മുകളിലുള്ള ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നേടാനായത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ തൊട്ട് ഫലപ്രഖ്യാപനം വരെ യാതൊരു അസ്വാരസ്യവുമില്ലാതെ ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ യുഡിഎഫിലെ എല്ലാ ഘടകകക്ഷികള്‍ക്കും കഴിഞ്ഞു എന്നത് ഈ വിജയത്തിന് പുറകിലെ പ്രധാന കാരണങ്ങളിലൊന്നാണ്. തെരഞ്ഞെടുപ്പോടു കൂടി യുഡിഎഫ് കൂടുതല്‍ ശക്തിപ്പെടുന്ന രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്.

സംസ്ഥാനത്തെ യുഡിഎഫിന്റെയും വിശേഷിച്ച് കോണ്‍ഗ്രസിന്റേയും വലിയ വിജയത്തിന് അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണക്ക് കെപിസിസി നന്ദിപൂര്‍വ്വം അഭിവാദനങ്ങള്‍ നേരുകയാണ്. നേതൃപരവും സംഘടനാപരവുമായ വലിയ പിന്തുണയാണ് എഐസിസി കേരളത്തിന് നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പുറമേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, രേവന്ത് റെഡ്ഡി, ഡി കെ ശിവകുമാര്‍, പി. ചിദംബരം, സച്ചിന്‍ പൈലറ്റ്, ദീപ ദാസ് മുന്‍ഷി, മുകുള്‍ വാസ്നിക്, കനയ്യ കുമാര്‍, അല്‍ക്ക ലാംബ തുടങ്ങി നിരവധി ദേശീയ നേതാക്കളെ പ്രചരണത്തിനായി കേരളത്തിലെത്തിക്കാന്‍ അഖിലേന്ത്യാ നേതൃത്വത്തിന് കഴിഞ്ഞു. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെ രാജ്യത്തെ മാധ്യമങ്ങള്‍ എക്‌സിറ്റ്പോള്‍ ഫലങ്ങളെന്ന തരത്തില്‍ പുറത്ത് വിട്ട കണക്കുകള്‍ ജനാധിപത്യവിശ്വാസികളുടെ മനോവീര്യം തന്നെ കെടുത്തുന്നതായിരുന്നു. എന്നാല്‍ എക്‌സിറ്റ് പോളുകളെ തള്ളിക്കളഞ്ഞ എഐസിസി നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു. എഐസിസിയുടെ കണക്ക് കൂട്ടലുകള്‍ ശരിവെയ്ക്കുന്നതായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം.കോണ്‍ഗ്രസിന്റെ കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് നല്‍കിയ പരിശീലനവും എഐസിസി വാര്‍റൂമിന്റെ മേല്‍നോട്ടത്തിലുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും എടുത്ത് പറയേണ്ടതാണ്. സംസ്ഥാന ഘടകങ്ങള്‍ക്ക് ഉള്‍പ്പെടെ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയും സമയോചിതമായ ഇടപെടലുകള്‍ നടത്തിയും എഐസിസി നേതൃത്വം സംഘടനയെ തെരഞ്ഞെടുപ്പിലേക്ക് പൂര്‍ണ സജ്ജമാക്കി. ബിജെപിയുടെ കുപ്രചാരണങ്ങളെ സമയാസമയം പ്രതിരോധിക്കാനും ശരിയായ ജനകീയ വിഷയങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാനും എഐസിസിയുടെ സോഷ്യല്‍ മീഡിയ വാര്‍റൂം നടത്തിയ ഇടപെടലുകള്‍ വലിയ വിജയം കണ്ടു. സ്വയം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോഴും ഇക്കാര്യങ്ങളിലെല്ലാം സമയോചിതമായ ഇടപെടലുകള്‍ നടത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനോട് കെപിസിസിയുടെ നന്ദി അറിയിക്കുന്നു. കേരളത്തിന്റെ സംഘടനാ ചുമതല നിര്‍വഹിക്കുന്ന എഐസിസി ഭാരവാഹികളായ ദീപാ ദാസ് മുന്‍ഷി, വിശ്വനാഥ പെരുമാള്‍, പിവി മോഹന്‍ എന്നിവര്‍ക്കും കെപിസിസിയുടെ നിസീമമായ നന്ദി രേഖപ്പെടുത്തുന്നു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും പ്രചാരണ സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെയും ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്റെയും നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ കൂടി നേട്ടമാണ് പാര്‍ട്ടിക്കും മുന്നണിക്കും ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വലിയ വിജയം. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുടെയും നേതാക്കളും പ്രവര്‍ത്തകരും മുന്നണിയുടെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. സംസ്ഥാനത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനദ്രോഹത്തിനെതിരേ ശക്തമായ ജനവികാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രതിപക്ഷത്തിനു സാധിച്ചു. യുവജന വിദ്യാര്‍ത്ഥി മഹിളാ സംഘടനകളും തൊഴിലാളി സംഘടനകളുമടക്കം കോണ്‍ഗ്രസിന്റെ എല്ലാ വിഭാഗം പോഷക സംഘടനകളും സര്‍ക്കാരിനെതിരേ നടത്തിയ ത്യാഗപൂര്‍ണമായ പ്രക്ഷോഭങ്ങളും പ്രചാരണങ്ങളുമാണ് ഈ ജനവികാരത്തെ സാധ്യമാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ പുതിയ തലമുറയും ഈ പോരാട്ടത്തിനൊപ്പം നിന്നു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ജനദ്രോഹ സര്‍ക്കാരുകള്‍ക്കെതിരേ ഇനിയും ഇന്നാട്ടിലെ സാധാരണക്കാരെ അണിനിരത്തുക എന്നതാണ് ഈ ജനവിധിയിലൂടെ കോണ്‍ഗ്രസില്‍ അര്‍പ്പിതമായിരിക്കുന്ന ഉത്തരവാദിത്തം എന്ന് കെപിസിസി തിരിച്ചറിയുന്നു. തൃശൂരിലും ആലത്തൂരിലും ഉണ്ടായ അപ്രതീക്ഷിത പരാജയങ്ങളെക്കുറിച്ച് സത്യസന്ധമായ പരിശോധനയും തിരുത്തലുകളും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കേരളത്തിനു ഞങ്ങള്‍ ഉറപ്പുനല്കുന്നു.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎമ്മും എല്‍ഡിഎഫും നടത്തിവരുന്ന ഹീനമായ വര്‍ഗീയ പ്രചാരണങ്ങള്‍ കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. വടകരയില്‍ വ്യാജരേഖകള്‍ സൃഷ്ടിച്ചും പച്ചനുണകള്‍ പടച്ചുവിട്ടും സിപിഎം നടത്തിയ കുപ്രചരണങ്ങള്‍ എല്ലാ സീമകളെയും ലംഘിക്കുന്നതും കേരളത്തിന്റെ മൊത്തത്തിലുള്ള സാമൂഹികാന്തരീക്ഷത്തെ അപകടപ്പെടുത്തുന്നതുമാണ്. ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ഈ തെരഞ്ഞെടുപ്പിന്റെ ദേശീയ പ്രാധാന്യം ഉള്‍ക്കൊള്ളാതെ ഇന്ത്യാമുന്നണി നേതാവുകൂടിയായ രാഹുല്‍ ഗാന്ധിക്കെതിരേ സംഘപരിവാര്‍ ഭാഷയില്‍ നടത്തിയ അധിക്ഷേപങ്ങള്‍ ക്കെതിരായ കേരളത്തിലെ ജനങ്ങളുടെ ചുട്ടമറുപടി കൂടിയാണ് യുഡിഎഫിന്റെ വന്‍വിജയം.

ഈ തെരഞ്ഞെടുപ്പിലെ വിജയം ഞങ്ങളെ കൂടുതല്‍ വിനയാന്വിതരും ഉത്തരവാദിത്തബോധമുള്ളവരുമാക്കുന്നു. ബിജെപിയും സിപിഎമ്മും വോട്ടുബാങ്കുകള്‍ ലക്ഷ്യംവച്ച് നടത്തിവരുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരേ കേരളത്തിന്റെ മതനിരപേക്ഷ മനഃസാക്ഷിയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ബദല്‍ പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടുകൊണ്ടുപോകും. ശ്രീമതി പ്രിയങ്കാഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിലെ യുഡിഎഫിന് കൂടുതല്‍ കരുത്തുപകരുകയാണ്. വയനാട്ടിലും പാലക്കാടും ചേലക്കരയിലും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമായി നിലയുറപ്പിക്കണമെന്ന് കേരളത്തിലെ പ്രബുദ്ധരും മതനിരപേക്ഷവാദികളുമായ ജനങ്ങളോട് കോണ്‍ഗ്രസ് പ്രസ്ഥാനം വിനയപുരസരം അഭ്യര്‍ത്ഥിക്കുന്നു.

അവതാരകന്‍
വിടി ബല്‍റാം, കെപിസിസി വൈസ് പ്രസിഡന്റ്

പിന്തുണയ്ക്കുന്നത്
അഡ്വ കെ ജയന്ത്, കെപിസിസി ജനറല്‍ സെക്രട്ടറി

 

Author

Leave a Reply

Your email address will not be published. Required fields are marked *