പ്രതിപക്ഷ നേതാവ് പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം (22/06/2024).
ടി.പി കൊലയാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് കേരളത്തോടുള്ള വെല്ലുവിളി; ക്രിമിനലുകളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറി; തിരിച്ചടിയില്‍ പാഠം പഠിക്കാനോ തെറ്റു തിരുത്താനോ തയാറാകാത്ത സി.പി.എം പോകുന്നത് തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക്; പ്ലസ് വണ്‍ പ്രതിസന്ധിയില്‍ ശക്തമായ സമരം.
……………………………………………………………
അധികാരം ഉപയോഗിച്ച് എന്തും ചെയ്യുമെന്ന സി.പി.എമ്മിന്റെ അഹങ്കാരവും ധിക്കാരവും ഇതുവരെ അവസാനിച്ചിട്ടില്ല. കൊടും കൊലപാതകത്തിലെ പ്രതികള്‍ക്കാണ് സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കുന്നത്. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കരുതെന്ന് ഹെക്കോടതി വിധി പുറപ്പെടുവിച്ചിട്ടും ശിക്ഷാ ഇളവ് നല്‍കാന്‍ ജയില്‍ മേധാവിക്ക് എന്ത് അധികാരമാണുള്ളത്? ക്രൂരമായ കൊലപാതം ചെയ്ത പ്രതികളുടെ പേരുകള്‍ ശിപാര്‍ശ ചെയ്യാന്‍ ജയില്‍ അധികൃതര്‍ക്ക് എന്ത് അധികാരമാണുള്ളത്? എന്തും ചെയ്യാന്‍ മടിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ സി.പി.എമ്മും സര്‍ക്കാരും നല്‍കുന്നത്.
മലബാറിലെ പ്ലസ് വണ്‍ സീറ്റുകള്‍ സംബന്ധിച്ച പ്രശ്‌നം പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചതാണ്. സീറ്റുകള്‍ ബാക്കിയാകുമെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. പിന്നെ എന്തിനാണ് 30 ശതമാനം മാര്‍ജിനല്‍ ഇന്‍ക്രീസ് നല്‍കിയത്? ഒരു ക്ലാസില്‍ ഇപ്പോള്‍ തന്നെ 50 കുട്ടികളുണ്ട്. മാര്‍ജിനല്‍ സീറ്റു കൂടി വര്‍ധിപ്പിച്ചതോടെ ഇത് 75 ആയി ഉയരും. സമ്മേളനത്തില്‍ പ്രസംഗിക്കുന്നതു പോലെ ക്ലാസെടുക്കേണ്ട സ്ഥിതിയാണ്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ നിലവാരമാണ് താഴേയ്ക്ക് പോകുന്നത്. പൊന്നാനി താലൂക്കിലെ പാവപ്പെട്ട കുട്ടിക്ക് ഏറനാട് താലൂക്കിലെ നിലമ്പൂരില്‍ അഡ്മിഷന്‍ കിട്ടിയിട്ട് കാര്യമുണ്ടോ? സ്‌റ്റേറ്റ് യൂണിറ്റാക്കുന്നതിന് പകരം താലൂക്ക് യൂണിറ്റ് ആക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. പത്ത് കിലോമീറ്റര്‍ ദൂരപരിധിയിലെങ്കിലും കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടണ്ടേ? ആദ്യ അലോട്ട്‌മെന്റില്‍ മാത്രം മലപ്പുറത്ത് പതിനേഴായിരം സീറ്റുകളാണ് ബാക്കി വന്നത്. കുട്ടികള്‍ ചേരാത്തതു കൊണ്ടാണ് സീറ്റുകള്‍ ബാക്കിയായത്. മാര്‍ജിനല്‍ ഇന്‍ക്രീസ് നല്‍കുന്നതിന് പകരം ബാച്ചുകളുടെ എണ്ണമാണ് കൂട്ടേണ്ടത്. ഇതിനെതിരെ ശക്തമായ സമരമുണ്ടാകും. സീറ്റുകള്‍ ബാക്കിയുണ്ടെങ്കില്‍ കുട്ടികള്‍ കരയേണ്ട കാര്യമില്ലല്ലോ.