മുതലപ്പൊഴിയില്‍ ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വിധിക്ക് വിട്ടുകൊടുക്കുന്നു – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം (24/06/2024).

മുതലപ്പൊഴിയില്‍ ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വിധിക്ക് വിട്ടുകൊടുക്കുന്നു; അപകടങ്ങള്‍ക്ക് കാരണം ഡ്രെഡ്ജിങ് നടത്താത്തത്; യോഗങ്ങള്‍ ചേര്‍ന്ന് ഉറപ്പുകള്‍ നല്‍കുന്നതല്ലാതെ നടപടികളൊന്നുമില്ല; സര്‍ക്കാര്‍ അദാനിക്കൊപ്പമാണോ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണോ?

…………………………………………………………………………………………………………

കാറ്റെടുത്തും കടലെടുത്തും പോയ ജീവിതങ്ങളെ കുറിച്ചും അവരുടെ സങ്കടങ്ങളെ കുറിച്ചുമാണ് നിയമസഭ ചര്‍ച്ച ചെയ്യുന്നത്. പ്രകൃതിയുമായി ഇഴുകിച്ചേരാത്ത മനുഷ്യ നിര്‍മ്മിതികള്‍ ഭൂപ്രകൃതിക്കും മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും സര്‍വനാശം വരുത്തുന്ന കാഴ്ചയാണ് മുതലപ്പൊഴിയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. എട്ടൊന്‍പത് വര്‍ഷം കൊണ്ട് 120 അപകടങ്ങളും 73 മരണങ്ങളുമാണ് മുതലപ്പൊഴിയിലുണ്ടായത്. എഴുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. നൂറുകണക്കിന് വീടുകള്‍ കടലെടുത്തു. കെട്ടുതാലി പണയപ്പെടുത്തി വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ വള്ളവും വലയും നഷ്ടപ്പെട്ടു.

ntain and a coconut plantation. Goa, India

കുടുംബത്തിലെ നാലു പേരെ നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ പ്രസംഗം കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലുണ്ടായിരുന്നു. ആ കുട്ടിയുടെ വാക്കുകള്‍ ചങ്ക് തുളച്ചു കയറും. ഭരണകൂടത്തോടാണ് ആ പെണ്‍കുട്ടി ചോദിക്കുന്നത്. നിസംഗരും നിസഹായരുമായി നിങ്ങള്‍ ഒന്നും ചെയ്യാതെ നില്‍ക്കുകയാണോയെന്നാണ് അവര്‍ ചോദിക്കുന്നത്. ‘ഞങ്ങളെ എത്ര തവണ നിങ്ങളെല്ലാം ആശ്വസിപ്പിച്ചു. എത്ര തവണ നിങ്ങള്‍ എന്തെല്ലാം ഉറപ്പുകള്‍ തന്നു. അപകടം ഉണ്ടെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് ഞങ്ങള്‍ വീണ്ടും കടലില്‍ പോകുന്നു.’

ഞാന്‍ ഒരു വീട്ടില്‍ ചെന്നപ്പോള്‍ അപ്പനെ കടലെടുത്തു പോയി. പത്തു ദിവസം കഴിഞ്ഞപ്പോള്‍ ഏക മകന്‍ കടലില്‍ പോകാന്‍ തയാറെടുക്കുകയാണ്. ഇല്ലെങ്കില്‍ വീട് പട്ടിണിയാകും. തീരപ്രദേശത്ത് ഐശ്വര്യവും സമൃദ്ധിയുമൊന്നും അല്ലെന്ന് അങ്ങേയ്ക്ക് അറിയാം. കാലാവസ്ഥാ വ്യതിയാനം കൊണ്ടും മത്സ്യ ലഭ്യതയില്ലാത്തതു കൊണ്ടും നിരന്തരമായ കാലാവസ്ഥ മുന്നറിയിപ്പുകള്‍ കൊണ്ടും തീരപ്രദേശം പട്ടിണിയിലാണ്. കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് നല്‍കുന്ന സര്‍ക്കാര്‍ അവര്‍ക്ക് ആശ്വാസ നല്‍കേണ്ടെ?

40 രൂപ മണ്ണെണ്ണയ്ക്ക് വിലയുള്ളപ്പോഴാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 25 രൂപ സബ്‌സിഡി നല്‍കിയത്. ഇപ്പോള്‍ 120 മുതല്‍ 140 വരെയാണ് മണ്ണെണ്ണ വില. അപ്പോഴും 25 രൂപയാണ് സബ്‌സിഡി. വട്ടിപ്പലിശയ്ക്ക് പണമെടുത്താണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത്. യഥാര്‍ത്ഥത്തില്‍ മത്സ്യ ലഭ്യതയുള്ളത് മൂന്ന് മാസം മാത്രമാണ്. ബാക്കി 9 മാസവും പലിശയ്ക്ക് പണം എടുത്ത് ജീവിക്കുന്ന പാവങ്ങളാണ് മത്സ്യത്തൊഴിലാളികള്‍. കടം തീര്‍ക്കാന്‍ വേണ്ടിയാണ് അവര്‍ കടലില്‍ പോകുന്നത്.

നിരവധി വര്‍ഷങ്ങളായി മുന്നിലുള്ള മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാര്‍ സര്‍ക്കാര്‍ നടപടി എടുത്തോ? മന്ത്രി പറഞ്ഞതു പോലെ കടല്‍ മാറിപ്പോകാന്‍ പറയുന്നു മോശയുടെ വടിയോ അലാവുദീന്റെ അദ്ഭുത വിളക്കോ നമ്മുടെ കയ്യിലില്ല. പക്ഷെ എല്ലാ ഭരണാധികാരികളും അറിഞ്ഞിരിക്കേണ്ട ഒരു പ്രര്‍ത്ഥന ബൈബിളിലുണ്ട്. നീ എനിക്ക് നിന്റെ പ്രജകളെ നന്നായി നടത്തിക്കൊണ്ടു പോകാനുള്ള ജ്ഞാനം തരണമെന്നാണ്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ തീര്‍ക്കാനുള്ള അറിവും വഴികളും എനിക്ക് കാട്ടിത്തരണമെന്നതാണ് പ്രാര്‍ത്ഥന. ആ പ്രാര്‍ത്ഥന മനസിലുണ്ടെങ്കില്‍ ഈ പ്രശ്‌നത്തിന് ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും നടപടികള്‍ സ്വീകരിക്കാം. 2023-24 ബജറ്റില്‍ 50 ലക്ഷം രൂപ മുതലപ്പൊഴി മാസ്റ്റര്‍ പ്ലാനിനായി നീക്കിവച്ചിട്ട് ഒരു രൂപയെങ്കിലും ചെലവഴിച്ചോ? തീരദേശ പരിപാലനത്തിനുള്ള 10 ലക്ഷത്തിലും ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല.

മന്ത്രി നിരവധി യോഗങ്ങള്‍ നടത്തി. 31-07-2023 ന് മൂന്ന് മന്ത്രിമാര്‍ നടത്തിയ യോഗത്തില്‍ നല്‍കിയ ഉറപ്പുള്‍ ഇപ്പോഴുമുണ്ട്. പുലിമുട്ടിലെ കല്ലും മണ്ണും നീക്കുമെന്നും ഡ്രെഡ്ജിങ് നടത്താന്‍ സ്ഥിരം സംവിധാനം ഒരുക്കുമെന്നുമായിരുന്നു വാഗ്ദാനം. ഇതൊന്നും ചെയ്തില്ലല്ലോ? ആറ് മീറ്റര്‍ ആഴം വേണ്ടിടത്ത് രണ്ട് മീറ്റര്‍ മാത്രം ആഴമുള്ളതുകൊണ്ടാണ് അവിടെ അപകടം നടക്കുന്നത്. മണ്‍തിട്ടയില്‍ ഇടിച്ചാണ് ബോട്ട് മറിയുന്നത്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തുടങ്ങിയതോടെ വീണ്ടും ആഴം കുറഞ്ഞു. ഡ്രെഡ്ജ് ചെയ്യേണ്ട ഉത്തരവാദിത്തം അദാനി ഗ്രൂപ്പിനാണ്. അത് നടക്കുന്നില്ല. മുങ്ങല്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കുമെന്ന് പറഞ്ഞതും നടപ്പായില്ല. 24 മണിക്കൂര്‍ ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനവും നടപ്പായില്ല. കഴിഞ്ഞ ദിവസം മരിച്ച വിക്ടറിനെ കൊണ്ടു പോകാനും ആംബുലന്‍സ് സൗകര്യമുണ്ടായിരുന്നില്ല. പരിക്കേറ്റ കരയില്‍ എത്തിക്കുമ്പോള്‍ വിക്ടറിന് ജീവനുണ്ടായിരുന്നു. ഒരു പക്ഷെ ആംബുലന്‍സ് ഉണ്ടായിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു. റെസ്‌ക്യൂം ബോട്ട് ആവശ്യപ്പെട്ടപ്പോള്‍ ഒന്നിന് പകരം മൂന്നെണ്ണം നല്‍കാമെന്നു പറഞ്ഞു. എന്നിട്ട് ഒരു ബോട്ടും നല്‍കിയില്ല. CWPRS ഡിസംബറില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പറഞ്ഞു. കരട് റിപ്പോര്‍ട്ടില്‍ പ്രാചീനമായ അറിവുകള്‍ വച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കി. പ്രാചീന അറിവ് ഇക്കാര്യത്തില്‍ വളരെ പ്രധാനമാണ്. ചെന്നൈ ഐ.ഐ.ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പണിത ഹാര്‍ബറിലാണ് ഇപ്പോള്‍ ഈ അപകടങ്ങളൊക്കെ നടക്കുന്നതെന്ന് ഓര്‍ക്കണം. 2018 ലെ വെള്ളപ്പൊക്കത്തില്‍ പറവൂരില്‍ വെള്ളം നിറഞ്ഞപ്പോള്‍ എല്ലാ ഉദ്യോഗസ്ഥരും നാളെ വെള്ളം മാറുമെന്നാണ് പറഞ്ഞത്. എന്നാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞതു പോലെ നാലാമത്തെ ദിവസാണ് വെള്ളം ഇറങ്ങിയത്. ഉദ്യോഗസ്ഥര്‍ പറഞ്ഞതായിരുന്നില്ല ശരി. 22 ലൈഫ് ഗാഡുകളെ നിയോഗിക്കുമെന്ന് പറഞ്ഞതും നടന്നില്ല.

അദാനിയുടെ ആളുകളല്ല ഞങ്ങളെന്നാണ് മന്ത്രി പറഞ്ഞത്. ഡ്രെഡ്ജിങിന് അദാനിയെ ചുമതലപ്പെടുത്തിയെങ്കിലും മണ്ണ് നീക്കം ചെയ്യുന്നതില്‍ അവര്‍ പൂര്‍ണമായും പരാജയപ്പെട്ടു. കടലില്‍ വീണ് കിടക്കുന്ന പാറകള്‍ കൂടി നീക്കം ചെയ്താല്‍ മാത്രമെ ആഴം കൂട്ടാനാകൂ. മൂന്ന് യോഗങ്ങള്‍ സര്‍ക്കാര്‍ നടത്തി. ഡ്രെഡ്ജിങില്‍ അദാനി പരാജയപ്പെട്ടെന്ന് മൂന്ന് യോഗങ്ങളിലും കണ്ടെത്തിയിട്ടും അവര്‍ എന്തിനാണ് ഇളവ് നല്‍കിയത്. ഒന്നുകില്‍ നിശ്ചിത ദിവസത്തിനുള്ളില്‍ ഡ്രെഡ്ജ് ചെയ്യാന്‍ അദാനി ഗ്രൂപ്പിനോട് നിര്‍ദ്ദേശിക്കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ ഡ്രെഡ്ജിങ് നടത്തി അദാനി ഗ്രൂപ്പില്‍ നിന്നും പണം ഈടാക്കണം. എന്നാല്‍ അദാനിക്കെതിരെ ഒന്നും ചെയ്തില്ല. അപ്പോള്‍ നിങ്ങള്‍ ആര്‍ക്കൊപ്പമാണ്? പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കൂടെയാണോ? അവരുടെ സങ്കടങ്ങള്‍ക്കൊപ്പമാണോ ആ ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്.

മന്ത്രിയെക്കാള്‍ കൂടുതല്‍ തവണ മുതലപ്പൊഴിയില്‍ പോയിട്ടുള്ള ആളാണ് ഞാന്‍. അവരുമായി നിരന്തരം ബന്ധപ്പെടുന്നുമുണ്ട്. മണ്‍സൂണ്‍ വന്നപ്പോള്‍ മാത്രമാണ് ഡ്രെഡ്ജറുകള്‍ കൊണ്ടു പോകാനാകാത്ത സാഹചര്യമുണ്ടായത്. അപ്പോള്‍ അല്ലല്ലോ ഡ്രെഡ്ജ് ചെയ്യേണ്ടത്. ജനുവരിയില്‍ ഡ്രെഡ്ജ് ചെയ്യാമായിരുന്നു. എന്നിട്ടും നിങ്ങള്‍ അദാനിക്കൊപ്പം നിന്ന് അവര്‍ പറയുന്നത് മാത്രം കേട്ടു. ഡ്രെഡ്ജിങ് നടത്താത്തതാണ് അപകടങ്ങള്‍ക്ക് കാരണം. ഒരു നടപടിയും സ്വീകരിക്കാതെ മത്സ്യത്തൊഴിലാളികളെ നിങ്ങള്‍ വിധിക്ക് വിട്ടുകൊടുക്കുകയാണ്. ഒരു ഗ്രാമത്തിലെ 73 പേരാണ് മരിച്ചത്. ഒരു ഗ്രാമം ഇല്ലാതാകുകയാണ്. ആ മനുഷ്യര്‍ എങ്ങനെ ജീവിക്കുന്നുവെന്ന് ഓര്‍ത്താല്‍ കിടന്നാല്‍ ഉറക്കം വരാത്ത സങ്കടം നമുക്കുണ്ടാകും. എന്നിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല. മുതലപ്പൊഴി ടൂറിസത്തിന് വേണ്ടി നീക്കി വച്ച സ്ഥലമാണ് അദാനിക്ക് കല്ലിറക്കാന്‍ നല്‍കിയത്. ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാത്ത ആളുകളാണ് അവിടെയുള്ളത്. മരണം ഏത് സമയത്തും മാടിവിളിക്കുമെന്ന് അറിഞ്ഞു കൊണ്ട് അടുപ്പിലെ തീ പുകയ്ക്കാന്‍ വേണ്ടി പോകുന്ന പാവങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാര്‍. ജനങ്ങള്‍ക്ക് സങ്കടങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പക്ഷെ അങ്ങനെയൊരു സര്‍ക്കാരല്ല നിങ്ങളുടേത്. ഒരു നടപടിയും സ്വീകരിക്കാത്ത നിങ്ങള്‍ ഉറപ്പുകള്‍ മാത്രമാണ് നല്‍കുന്നത്. ഈ ഉറപ്പുകള്‍ മരണ സംഖ്യ വര്‍ധിപ്പിക്കുന്നതല്ലാതെ ശാശ്വതമായ ഒരു പരിഹാരവും ഈ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നില്ല.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *