വിലക്കയറ്റത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഭക്ഷ്യ മന്ത്രി പറയുന്നത് റേഷന്‍ കടയില്‍ അരി വിതരണത്തെ കുറിച്ച് – പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Spread the love

പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം (26/06/2024).

വിലക്കയറ്റത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഭക്ഷ്യ മന്ത്രി പറയുന്നത് റേഷന്‍ കടയില്‍ അരി വിതരണത്തെ കുറിച്ച്; സപ്ലൈകോയുടെ അന്‍പതാം വര്‍ഷത്തില്‍ ആ സ്ഥാപനത്തിന്റെ അന്തകരായി മാറിയ സര്‍ക്കാരെന്ന് ചരിത്രം നിങ്ങളെ രേഖപ്പെടുത്തും; വിലക്കയറ്റം പിടിച്ചു നിര്‍ത്തേണ്ട സ്ഥാപനങ്ങളെ തകര്‍ത്തു; പാവങ്ങളല്ല, മറ്റുപലതുമാണ് ഈ സര്‍ക്കാരിന്റെ മുന്‍ഗണനകള്‍.

……………………………………………………………………………………….

കേരളത്തില്‍ പച്ചക്കറി, പഴവര്‍ഗങ്ങള്‍, മുട്ട, ഇറച്ചി, പലവ്യജ്ഞനങ്ങള്‍ എന്നിവയ്ക്ക് 50 മുതല്‍ 200 ശതമാനം വരെ വിലക്കയറ്റമുണ്ടായെന്നാണ് റോജി എം. ജോണ്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പൊതുവിതരണ സംവിധാനത്തിലൂടെ അരി വിതരണം ചെയ്യുന്നതിനെ കുറിച്ചാണ് മന്ത്രി മറുപടി നല്‍കിയത്. മന്ത്രി നല്‍കിയ മറുപടിയുടെ 75 ശതമാനവും റേഷന്‍ കടകളിലൂടെ അരി വിതരണം ചെയ്യുന്നതിനെ കുറിച്ചാണ് സംസാരിച്ചത്. അതല്ല വിഷയം. മറുപടി ഇല്ലാത്തതു കൊണ്ടാണ് പൊതുവിതരണത്തെ കുറിച്ച് മന്ത്രി പറഞ്ഞത്.

ഇത്രയും രൂക്ഷമായ വിലക്കയറ്റം സംസ്ഥാനത്ത് ഉണ്ടായെന്നത് യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യത്തില്‍ എന്തു നടപടി സര്‍ക്കാര്‍ സ്വീകരിച്ചതെന്നതാണ് ചോദ്യം. വിലക്കയറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് മന്ത്രി ആദ്യം മറുപടി നല്‍കിയത്. വില കയറിയതൊന്നും നിങ്ങള്‍ അറിഞ്ഞില്ലേ? പൊതുവിപണിയില്‍ നിന്നാണ് ഞങ്ങള്‍ വിലവിവരം ശേഖരിച്ചത്. എന്നിട്ടും മന്ത്രിയും സര്‍ക്കാരും വില കൂടിയത് അറിഞ്ഞില്ലേ? ചീഫ് സെക്രട്ടറിയുടെയും കൃഷി മന്ത്രിയുടെയുമൊക്കെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിട്ട് എന്ത് നടപടിയെടുത്തു? ഹോട്ടികോര്‍പിലെ പല പച്ചക്കറികളുടെയും വില പൊതുമാര്‍ക്കറ്റിലെ വിലയെക്കാള്‍ കൂടുതലാണ്. വട്ടവടയിലെ പച്ചക്കറിക്കാരുടെ ഉത്പന്നങ്ങള്‍ ഹോട്ടികോര്‍പ് ഇപ്പോള്‍ സംഭരിക്കുന്നുണ്ടോ? കഴിഞ്ഞ ഓണക്കാലത്ത് പച്ചക്കറി സംഭരിച്ച ഇനത്തില്‍ 50 ലക്ഷം രൂപയാണ് നല്‍കാനുള്ളത്. അതുകൊണ്ട് വില കുറച്ച് ഇടനിലക്കാര്‍ വഴി കര്‍ഷകര്‍ പച്ചക്കറി വിറ്റഴിക്കുകയാണ്. സര്‍ക്കാര്‍ വിപണി ഇടപെടല്‍ നടത്തുമ്പോഴാണ് വില കുറയുന്നത്. കൃത്രിമ വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് വിപണി ഇടപെടല്‍ നടത്തുന്നത്.

50-ാം വാര്‍ഷികം ആഘോഷിക്കുന്ന സപ്ലൈകോയുടെ ചരിത്രമാണ് മന്ത്രി പറയുന്നത്. മാറി മാറി വന്ന സര്‍ക്കാരുകളെല്ലാം സപ്ലൈകോയെ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. 13 അവശ്യ സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കി സപ്ലൈകോ വിതരണം ചെയ്താല്‍ ഒരു പരിധി വരെ വിലക്കയറ്റം പിടിച്ചു നിര്‍ത്താം. 2011-23 ല്‍ സബ്‌സിഡി സാധനങ്ങള്‍ വാങ്ങിയ വകയില്‍ സപ്ലൈകോയ്ക്ക് ഗ്രാന്റായി സര്‍ക്കാര്‍ ഒരു രൂപ പോലും നല്‍കിയില്ല. ആ വര്‍ഷം 1427 കോടി രൂപയാണ് ചെലവഴിച്ചത്. സര്‍ക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് 586 കോടിയുടെ നഷ്ടമാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. അതുകൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷം 1427 കോടി ചെലവഴിച്ച സപ്ലൈകോ ഈ വര്‍ഷം ചെലവഴിച്ചത് 565 കോടി രൂപ മാത്രമാണ്.

ക്രിസ്മസ് കാലത്ത് സമൂഹമാധ്യമങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നല്ലൊരു ട്രോള്‍ വന്നു; ഒന്ന് ബിവറേജസിന്റെ ഔട്ട്‌ലെറ്റ്. എല്ലാം നിറഞ്ഞ കുപ്പികള്‍. എക്‌സൈസ് മന്ത്രിക്ക് അഭിമാനിക്കാം. നേരെ താഴെയുള്ള മാവേലി സ്റ്റോറിന്റെ അലമാരയില്‍ ഒരു സാധനങ്ങളുമില്ല. വിപണി ഇടപെടല്‍ നടത്തി വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്ന സപ്ലൈകോ എന്ന സംസ്ഥാനത്തിന്റെ അഭിമാനകരമായ സ്ഥാപനത്തിന്റെ ഇടപെടല്‍ നിങ്ങള്‍ ഇല്ലാതാക്കി. സപ്ലൈകോയുടെ അന്‍പതാം വര്‍ഷത്തില്‍ ആ സ്ഥാപനത്തിന്റെ അന്തകരായി മാറിയ സര്‍ക്കാര്‍ എന്നാണ് നിങ്ങള്‍ ചരിത്രത്തില്‍ അറിയപ്പെടാന്‍ പോകുന്നത്. 4000 കോടിയോളം രൂപയാണ് സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ളത്.

ഇന്‍ഫ്‌ളേഷന്‍ സാധാരണയായി കേരളത്തില്‍ കുറവാണ്. പക്ഷെ അപ്രതീക്ഷിതമായി ദേശീയ ശരാശരിയേക്കാള്‍ കേരളത്തില്‍ ഇന്‍ഫേളേഷന്‍ കൂടി. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയേപ്പോലും ബാധിക്കുന്ന തരത്തില്‍ അപകടകരമാകും. ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറഞ്ഞു. പതിനായിരക്കണക്കിന് കോടിയാണ് കരാറുകാര്‍ക്ക് നല്‍കാനുള്ളത്. പെന്‍ഷന്‍ ഇനത്തിലും പതിനായിരത്തോളം കോടി. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളും ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ നല്‍കാനുണ്ട്. ജനങ്ങളുടെ കയ്യില്‍ പണം ഇല്ലാതാകുമ്പോള്‍ അവരുടെ വാങ്ങല്‍ ശേഷി കുറയും. ഇന്‍ഫ്‌ളേഷനും പച്ചേസിങ് പവറും കുറയുന്നത് ധനമേഖലയില്‍ തിരിച്ചടിയുണ്ടാക്കും. വിലക്കയറ്റത്തെ തുടര്‍ന്ന് ഒരു ചെറിയ കുടുംബത്തിന്റെ പ്രതിമാസ ചെലവ് 5000 രൂപയ്ക്ക് മേല്‍ അധികമായി ഉയര്‍ന്നിട്ടുണ്ട്. വിലക്കയറ്റത്തിന്റെ തുടര്‍ച്ചയാണ് ദാരിദ്രം. നാല് തരത്തില്‍ ദാരിദ്രമുണ്ടാകും. അതില്‍ അദ്യത്തേത് Insular poverty; തീര മേഖലയിലെ പ്രത്യേക ഭൂപ്രദേശത്തോ ഉണ്ടാകുന്ന ദാരിദ്രമാണിത്. തളര്‍ന്നു കിടക്കുന്നതു പോലുള്ള ആളുകള്‍ക്ക് വരുമാനം ഇല്ലാതെ വരുമ്പോള്‍ Case povetry വരും. സാധാരണ വരുമാനമുള്ള ഒരു കുടുംബത്തില്‍ കാന്‍സര്‍ പോലുള്ള ഏതെങ്കിലും മാരക രോഗങ്ങളോ അപ്രതീക്ഷിതമായി വിദ്യാഭ്യാസ ചെലവോ ഉണ്ടായാല്‍ ഉണ്ടാകുന്നതാണ് Invisible poverty. കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഉണ്ടാകുന്ന Climate povetry നമുക്കും ബാധകമാണ്. ഈ നാല് തരത്തിലുള്ള ദാരിദ്രത്തെയും നമ്മള്‍ പരിഗണിച്ചേ മതിയാകൂ.

നാട്ടിലുണ്ടാകുന്ന രൂക്ഷമായ വിലക്കയറ്റവും പര്‍ച്ചേസിങ് പവര്‍ ഇല്ലാതാകുന്നതും വെല്‍ഫെയര്‍ സ്റ്റേറ്റ് നല്‍കേണ്ട ആനുകൂല്യങ്ങള്‍ സാധാരണക്കാര്‍ക്ക് നല്‍കാതിരിക്കുന്നതുമായ സാഹചര്യം അതീവ ഗുരുതരമാണ്. ഈ പ്രശ്‌നങ്ങളാണ് കേരളത്തിലെ പാവങ്ങള്‍ നേരിടുന്നത്. ഇതിനെ ലാഘവത്തത്തോടെയല്ല സര്‍ക്കാര്‍ കാണേണ്ടത്. വിലക്കയറ്റത്തെ കുറിച്ച് ചോദിച്ചക്കുമ്പോള്‍ അരിയെക്കുറിച്ചല്ല മറുപടി നല്‍കേണ്ടത്. അരി എത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്നാണോ മറുപടി നല്‍കേണ്ടത്.

ധനപ്രതിസന്ധി സംസ്ഥാനത്തെ എത്ര വര്‍ഷം പിന്നോട്ട് കൊണ്ടു പോകുമെന്ന യാഥാര്‍ത്ഥ്യം ധനകാര്യമന്ത്രി മനസിലാക്കണം. സപ്ലൈകോയും ഹോട്ടികോര്‍പ്പും തകര്‍ന്നു, കാര്‍ഷിക മേഖലയിലും പട്ടികജാതി പട്ടികവര്‍ഗ പ്രദേശങ്ങളിലും ഉണ്ടാകുന്ന ഗുരുതരമായ സ്ഥിതിയ്ക്കിടെ കൂനിന്‍ മേല്‍ കുരു പോലെയാണ് വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ വിലനിലാവാരം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് വിവരം ലഭിക്കും. വിലക്കയറ്റം എന്തുകൊണ്ട് ഉണ്ടായെന്ന് അന്വേഷിക്കാനുള്ള സംവിധാനം വേണം. നിങ്ങളുടെ സര്‍ക്കാരിന് അങ്ങനെ ഒരു സംവിധാനം ഇല്ല. നിങ്ങളുടെ മുന്‍ഗണനകള്‍ ഇതൊന്നുമല്ല. പാവങ്ങളൊന്നും നിങ്ങളുടെ മുന്‍ഗണനയിലില്ല. തെറ്റു തിരുത്താന്‍ പോകുന്നു എന്ന് പറയുന്ന നിങ്ങള്‍ ഇതൊക്കെയാണ് തിരുത്തേണ്ടത്. സംസ്ഥാനത്തുണ്ടായ രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നു.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *