ശ്രദ്ധക്ഷണിക്കല്‍.
തീരദേശപരിപാലനനിയമം മൂലം തീരപ്രദേശങ്ങളില്‍ അധിവസിക്കുന്നവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിയമസഭയിൽ രമേശ് ചെന്നിത്തല സർക്കാരിനോടാവശ്യപ്പെട്ടു.
ഇതിനായി തീരദേശ പരിപാലനപ്ലാനില്‍ ഭേദഗതി വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
2011-ലാണ് തീരദേശ പരിപാലന നിയമം നിലവില്‍ വന്നത്. 18.01.2019-ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനത്തെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ കരട് തീരദേശ പരിപാലന പ്ലാന്‍ അപൂര്‍ണ്ണവും കടലോര-ഉള്‍നാടന്‍ തീരങ്ങളില്‍ അധിവസിക്കുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന ആശങ്ക ഉയര്‍ന്നുവന്നിട്ടുണ്ട്. തീരദേശപരിപാലന നിയമത്തില്‍ ഇളവ് നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 18.01.2019-ലാണ് ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇപ്രകാരം ലഭിക്കുന്ന ഇളവുകള്‍ സംസ്ഥാനത്തിന് പൂര്‍ണ്ണമായും ഉപകാരപ്പെടുംവിധം പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാനായി പരിസ്ഥിതി വകുപ്പ് സെക്രട്ടറി ചെയര്‍മാനായി മൂന്നംഗ വിദഗ്ദ്ധ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇൗ സമിതി തയ്യാറാക്കിയ കരട് തീരദേശ പരിപാലന പ്ലാന്‍ തീരദേശവാസികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നുള്ളതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. 2021 ജൂലെെ മാസത്തില്‍ കരട് തീരദേശ പരിപാലന പ്ലാന്‍ സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍ക്ക് നല്‍കുകയുണ്ടായി. എല്ലാ പാര്‍ട്ടികളുടേയും
മത്സ്യത്തൊഴിലാളി സംഘടനകള്‍ അത് ചര്‍ച്ച ചെയ്തതാണ്. ശ്രീ. വി. ദിനകരന്‍, ശ്രീ. ടി. എന്‍. പ്രതാപന്‍, ശ്രീ. ചിത്തരഞ്ജന്‍ അടക്കമുള്ള എല്ലാ പാര്‍ട്ടികളുടേയും മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്തതാണ്. അതിനെ സംബന്ധിച്ചുള്ള വകുപ്പുതല നിര്‍ദ്ദേശങ്ങള്‍ 22.07.2021-ല്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയെങ്കിലും കരട് തീരദേശ പ്ലാന്‍ തയ്യാറാക്കിയ അവസരത്തില്‍ ഇൗ മത്സ്യത്തൊഴിലാളി സംഘടനകളുമായി ഒരു ചര്‍ച്ചയും പിന്നീട് ഉണ്ടായിട്ടില്ല. അങ്ങനെ ചര്‍ച്ച ചെയ്യാതെ രൂപപ്പെടുത്തിയ കരട് തീരദേശ പ്ലാനാണ് പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പബ്ലിക് ഹിയറിംഗ് നടത്തിയത്. ഞങ്ങളുടെ നാട്ടില്‍ നിന്നും ധാരാളം ആളുകള്‍ ഇൗ പബ്ലിക് ഹിയറിംഗില്‍ പങ്കെടുത്തതാണ്. ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളും മത്സ്യത്തൊഴിലാളി സംഘടനകളും ബന്ധപ്പെട്ട മറ്റ് സംഘടനകളും സ്വീകരിച്ചത്. കേരളത്തിലെ 66 തീരദേശ ഗ്രാമങ്ങളെ മാത്രമാണ് കരട് പ്ലാന്‍ പ്രകാരം CRZ-ന്റെ III-ല്‍ നിന്ന് CRZ- II -ന്റെ കാറ്റഗറിയിലേക്ക് മാറ്റിയിട്ടുള്ളത്. സമാന സ്വഭാവത്തിലുള്ള നിരവധി ഗ്രാമപഞ്ചായത്തുകള്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ എന്നിവ ഇൗ പ്ലാനില്‍ ഉള്‍പ്പെട്ടിട്ടില്ല. തീരദേശ പരിപാലന നിയമത്തെത്തുര്‍ന്ന് കാറ്റഗറി 3-ല്‍ ഉള്‍പ്പെടുന്ന തീരദേശ പഞ്ചായത്തുകളിലെ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പ്രത്യേകിച്ച് പറയേണ്ടല്ലോ? വീട് നിര്‍മ്മിക്കാന്‍ കഴിയില്ല, നമ്പര്‍ നല്‍കില്ല, പുതുക്കിയ കടമുറികള്‍ നിര്‍മ്മിക്കാന്‍ കഴിയില്ല, പഴയ കടമുറികള്‍ പൊളിച്ചു നിര്‍മ്മിക്കാന്‍ കഴിയില്ല, പുതുതായി കടമുറികള്‍ നിര്‍മ്മിക്കാന്‍ കഴിയില്ല; പഞ്ചായത്ത് നമ്പര്‍ നല്‍കില്ല. വളരെ ഗുരുതരമായ സാഹചര്യമാണ് തീരദേശ പരിപാലന നിയമം വന്നതിനുശേഷം മത്സ്യത്തൊഴിലാളികളും കയര്‍ തൊഴിലാളികളുമടങ്ങുന്ന തീരദേശത്തെ ജനങ്ങള്‍ നേരിടുന്നത്. CRZ ക്ലിയറന്‍സിനുവേണ്ടി അയയ്ക്കുന്ന അപേക്ഷകളില്‍ ഒന്നില്‍പ്പോലും പരിഹാരമുണ്ടാകുന്നില്ലെന്ന പരാതിയുമുണ്ട്. CRZ ക്ലിയറന്‍സിനുവേണ്ടി കൊടുക്കുന്ന അപേക്ഷകള്‍ കുന്നുകൂടി കിടക്കുകയാണ്. അത് മലയോര മേഖലയിലെ ബഫര്‍ സോണ്‍ തീരുമാനിച്ചപ്പോള്‍ ജനവാസകേന്ദ്രങ്ങളെ ഞങ്ങളെല്ലാവരും ചേര്‍ന്ന് ഒഴിവാക്കിയതാണ്. അതുപോലെ തീരദേശവാസികളുടെ കാര്യത്തിലും അടിയന്തര ശ്രദ്ധയുണ്ടാകണം. സംസ്ഥാനത്തെ 398 തീരദേശ പഞ്ചായത്തുകളുള്ളതില്‍ കേവലം 66 പഞ്ചായത്തുകളെ മാത്രമാണ് CRZ II-ല്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടനാട് താലൂക്കിലെ 13 പഞ്ചായത്തുകളെ ഇൗ ലിസ്റ്റില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കിയിരിക്കുന്നു. സുനാമി മേഖലകളായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പൊന്മന, ആലപ്പാട്, പുറക്കാട്, പുന്നപ്ര നോര്‍ത്ത്, പുന്നപ്ര സൗത്ത് എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടിട്ടില്ല. കടലിനും കായലിനുമിടയില്‍ കിടക്കുന്ന ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പാെഴിയൂര്‍, പനത്തുറ, കോവളം, പൊന്മന, ആലപ്പാട്, ഒറ്റമശ്ശേരി, ഞാറയ്ക്കല്‍, ഇടവനക്കാട്… വളരെ പ്രധാനപ്പട്ട കാര്യമാണ്. ഞാന്‍ വിഷയത്തില്‍ മാത്രം നില്‍ക്കുകയാണ്. ഇടവനക്കാട്, ഇളങ്കുന്നപ്പുഴ, നായരമ്പലം, കുഴിപ്പള്ളി, പള്ളിപ്പുറം കടപ്പുറം, വലിയപറമ്പ് എന്നീ കാേര്‍പ്പറേഷന്‍ വാര്‍ഡുകളെയും പഞ്ചായത്തുകളെയും CRZ- II- ല്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മിക്ക തീരദേശ പഞ്ചായത്തുകളും ജനനിബിഢമാണ്. 66 പഞ്ചായത്തുകളെ മാത്രമാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഏകപക്ഷീയമായ നിലയിലാണിപ്പോള്‍ കരട് പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. ഭൂമിയുടെ ലഭ്യത, ജനസാന്ദ്രത, തീരദേശ പഞ്ചായത്തുകളുടെ വികസിത സ്വഭാവം, പഞ്ചായത്തുകളുടെ നഗര സ്വഭാവം എന്നിവയൊന്നും തന്നെ പരിഗണിച്ചിട്ടില്ല. കേരളത്തിലെ ഏതാണ്ട് എല്ലാ പഞ്ചായത്തുകളും ഇന്ന് നഗര സ്വഭാവത്തിലുള്ളതാണ്. ഒട്ടുമിക്ക പഞ്ചായത്തുകളും നഗരപ്രദേശത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നതാണ്. 2019-ലെ CRZ വിജ്ഞാപനമനുസരിച്ച് പഞ്ചായത്ത് പ്രദേശങ്ങളെ സ്വാഭാവിക സവിശേഷതകള്‍ക്കനുസരിച്ച് തിരിച്ചറിയുന്നതിനും വര്‍ഗ്ഗീകരണം നടത്തുന്നതിനുമുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുള്ളതാണ്. ഇൗ സാഹചര്യത്തില്‍ രണ്ട്, മൂന്ന് സജഷന്‍സ് ആണ് എനിക്ക് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ളത്. 222 കടലോര മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും 115 ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും ഉള്‍ക്കൊള്ളുന്ന മുഴുവന്‍ തീരദേശ പഞ്ചായത്തുകളെയും മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളെയും CRZ II-ല്‍ ഉള്‍പ്പെടുത്തി മാപ്പ് തയ്യാറാക്കുക. സുനാമി മേഖലകളായ ആലപ്പാട്, പൊന്മന, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, പുന്നപ്ര സൗത്ത്, പൂന്നപ്ര നോര്‍ത്ത് പഞ്ചായത്തുകളെ CRZ II ആക്കി മാപ്പ് തയ്യാറാക്കുക. പരമ്പരാഗത കടലോര-ഉള്‍നാടന്‍ തീരദേശവാസികള്‍ക്ക് വികസന നിരോധന മേഖലയിലും ഭവനനിര്‍മ്മാണത്തിലും അനുബന്ധമായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കത്തക്ക നിലയില്‍ പ്ലാന്‍ തയ്യാറാക്കുക. തീരദേശ മേഖല പരിപാലന പ്ലാന്‍ അനുസരിച്ചുള്ള മാപ്പുകളില്‍ കൃത്യമായി ഓരോ പ്രദേശത്തും ലാന്‍ഡ് യൂസേഴ്സ് പ്ലാനുണ്ടാക്കണമെന്ന വിജ്ഞാപനത്തിലെ നിര്‍ദ്ദേശമനുസരിച്ച് പ്ലാന്‍ തയ്യാറാക്കുക.
ദ്വീപുകള്‍ക്കും തുരുത്തുകള്‍ക്കും 20 മീറ്റര്‍ പരിധിയില്‍ ലഭ്യമാക്കുന്ന ഇന്റഗ്രേറ്റഡ് എെലന്റ് മാനേജ്‌മെന്റ് പ്ലാനില്‍ എല്ലാ ഉള്‍നാടന്‍ മത്സ്യഗ്രാമങ്ങളെയും ഉള്‍പ്പെടുത്തി മാപ്പ് തയ്യാറാക്കുക. 2021-ലെ വിജ്ഞാപനമനുസരിച്ച് അനുവാദം കിട്ടാതിരുന്ന യു.എ. നമ്പര്‍ നല്‍കിയിട്ടുള്ള ഭവനങ്ങള്‍ അനുവദിച്ച് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുക. തീരദേശവും തീരശോഷണവും കടലാക്രമണംമൂലം മാറ്റിപാര്‍പ്പിക്കുന്ന തദ്ദേശവാസികള്‍ക്ക് സ്ഥലം അവരുടെ ഉടമസ്ഥതയില്‍ നിലനിര്‍ത്താന്‍ സഹായിക്കുക.
.