പി.എസ്.സി കോഴ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന്‍- വാക്കൗട്ട് പ്രസംഗം- വാര്‍ത്താസമ്മേളനം.
പി.എസ്.സി അംഗമായി നിയമനം വാഗ്ദാനം ചെയ്ത് സി.പി.എം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം, കോഴിക്കോട് സ്വദേശിനിയായ ഡോക്ടറില്‍ നിന്നും 22 ലക്ഷം കൈപ്പറ്റിയെന്ന ആരോപണം ഉയര്‍ന്നിരിക്കുകയാണ്. 60 ലക്ഷം ആവശ്യപ്പെട്ടതില്‍ 22 ലക്ഷം കൈപ്പറ്റിയെന്നാണ് ആരോപണം. പൊതുമരാമത്ത് മന്ത്രിയുടെയും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെയും ജില്ലയില്‍ നിന്നുള്ള ചില എം.എല്‍.എമാരുടെയും പേര് പറഞ്ഞാണ് യുവ നേതാവ് പണം കൈപ്പറ്റിയതെന്നാണ് ആരോപണം ഉയന്നിരിക്കുന്നത്.
ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ പ്രവര്‍ത്തനങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഗുരുതര ആരോപണം ഉയര്‍ന്നു വന്നിട്ടും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല.
സാധാരണയായി മന്ത്രിമാരുടെയും എം.എല്‍.എമാരുടെ പേരില്‍ ചിലപ്പോള്‍ കണ്ടിട്ടുപോലും ഇല്ലാത്ത ആളുകള്‍ തട്ടിപ്പ് നടത്താറുണ്ട്. എന്നാല്‍ എല്ലാവരുടെയും സന്തതസഹചാരിയായ ആളാണ് ഇവിടെ തട്ടിപ്പ് നടത്തിയിരിക്കുന്നത്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇത്തരമൊരു കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി തന്നെ പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂരിലേതു പോലെ കോഴിക്കോടും ഒരു കോക്കസ് ഉണ്ടെന്നതാണ് ഇതിന്റെ അര്‍ത്ഥം.
പി.എസ്.സി അംഗത്തിന്റെ നിയമനം ലേലത്തില്‍ വയ്ക്കുകയാണോയെന്ന് മുഖ്യമന്ത്രി മറുപടി നല്‍കണം. നേരത്തെയും സമാനമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്. മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ബിജു ആബേല്‍ ജേക്കബിന്റെ ടെലഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. പി.എസ്.സി അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് എന്‍.സി.പി ലക്ഷക്കണക്കിന് രൂപ വാങ്ങിയിട്ടുണ്ടെന്നാണ് ആരോപണം. ജനതാദള്‍ എസിലും കോഴ ആരോപണം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി നേതാക്കളാണ് നേതൃത്വത്തിന് പരാതി നല്‍കിയത്. അവര്‍ക്ക് കിട്ടിയ ആ പോസ്റ്റില്‍ നിയമനം നടത്താതെ ലേലത്തിന് വച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ തുക കൊടുക്കുന്നവര്‍ക്ക് അത് ലഭിക്കും. ഐ.എന്‍.എല്ലിനെതിരെയും സമാനമായ ആക്ഷേപമുണ്ടായി. എത്ര പി.എസ്.സി അംഗങ്ങളെയാണ് നിങ്ങള്‍ ലേലത്തിന് വച്ചിരിക്കുന്നത്.
‘മുമ്പേ ഗമിക്കുന്ന ഗോവ് തന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം’എന്നതു പോലെ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി പി.എസ്.സി അംഗത്തെ ലേലത്തിന് വച്ചാല്‍ മറ്റ് ഘടകകക്ഷികളെല്ലാം അതുതന്നെ ചെയ്യില്ലേ? പണം നല്‍കി അംഗമായ ആളുകള്‍ പി.എസ്.സിയില്‍ വന്നാല്‍ അവര്‍ നടത്തുന്ന ഇന്റര്‍വ്യൂവിന് എന്ത് വിശ്വാസ്യതയാണുള്ളത്? പബ്ലിക് സര്‍വീസ് കമ്മിഷനെ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ പ്രതീക്ഷയോടെ കാണുന്ന കാലത്ത് പി.എസ്.സി അംഗങ്ങളെ ലേലത്തിന് വയ്ക്കുന്നത് സംസ്ഥാനത്തിന് തന്നെ അപമാനകരമാണ്.
ഇത് നിങ്ങളുടെ പാര്‍ട്ടിയിലെ ആഭ്യന്തര കാര്യമൊന്നുമല്ല. അതായിരുന്നെങ്കില്‍ ഞങ്ങള്‍ ഇടപെടാന്‍ വരില്ല. പക്ഷെ ഇതിനെ നിങ്ങള്‍ നിങ്ങളുടെ പാര്‍ട്ടിയിലെ ആഭ്യന്തര കാര്യം പോലെയാണ് കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടി പൊലീസ് സ്റ്റേഷനും കോടതിയും ആയാല്‍ പോര. മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും കിട്ടിയ പരാതി എന്തുകൊണ്ടാണ് പൊലീസിന് കൊടുക്കാത്തത്. നിങ്ങളുടെ പേര് പറഞ്ഞ് കബളിപ്പിച്ച് കാശ് വാങ്ങിയെന്ന പരാതി കയ്യില്‍ കിട്ടിയിട്ടും പൊലീസിന് നല്‍കാതെ പരണത്ത് വച്ചത് എന്തിനാണ്? ഇതൊരു ഗൗരവതരമായ കുറ്റമല്ലെ? ഇക്കാര്യത്തില്‍ അടിയന്തിരമായി എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം നടത്തണം.
വാക്കൗട്ട് പ്രസംഗം
പി.എസ്.സിയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു ആരപണം ഇല്ലെങ്കില്‍ എന്തിനാണ് പൊലീസ് ഡോക്ടര്‍ ദമ്പതികളുടെ മൊഴിയെടുത്തത്? ഇങ്ങനെ ഒരു സംഭവം ഇല്ലെങ്കില്‍ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ എന്തിനാണ് ഈ ആരോപണം പാര്‍ട്ടിയും സര്‍ക്കാരും അന്വേഷിക്കുമെന്ന് പറഞ്ഞത്?
വാങ്ങിയ പണം തിരിച്ചു നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് നിങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. നിങ്ങള്‍ ഗുരുതരമായ കുറ്റമാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയാണ് പി.എസ്.സിയെ കരിവാരിത്തേച്ച് വിശ്യാസ്യത ഇല്ലാക്കുന്നത്. കാശ് വാങ്ങിയ പാര്‍ട്ടിക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നു.
നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനം
പി.എസ്.സി അംഗങ്ങളുടെ നിയമനം സി.പി.എമ്മും ഘടകകക്ഷികളും ചേര്‍ന്ന് ലേലത്തിന് വച്ചിരിക്കുകയാണ്. നിയമനം കേരളത്തിന് അപമാനകരമായ നിലയിലേക്ക് എത്തിയിരിക്കുകയാണ്. പൊതുമരാമത്ത് മന്ത്രിയെയും സി.പി.എം ജില്ലാ സെക്രട്ടറിയെയും ചൂണ്ടിക്കാട്ടി പ്രാദേശിക നേതാവ് ഡോക്ടര്‍ ദമ്പതികളില്‍ നിന്നും 60 ലക്ഷം രൂപയുടെ കരാര്‍ ഉറപ്പിച്ച് 22 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി. ഈ സംഭവം സി.പി.എമ്മിന്റെ ശ്രദ്ധയില്‍പ്പെട്ട് ഒരു മാസത്തില്‍ അധികമായിട്ടും പാര്‍ട്ടി തന്നെ പൊലീസ് സ്റ്റേഷനായും കോടതിയായും കൈകാര്യം ചെയ്യുകയാണ്.
60 ലക്ഷം രൂപ കൈക്കൂലി നല്‍കി പി.എസ്.സി അംഗമാകുന്ന ആള്‍ ഈ പണം മുതലാക്കാന്‍ എന്തൊക്കെയായിരിക്കും ചെയ്യാന്‍ പോകുന്നത്. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ വിശ്വാസ്യത പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. എല്‍.ഡി.എഫിലെ ഘടകകക്ഷികളും മോശക്കാരല്ല. കോഴ വാങ്ങിയാണ് പി.എസ്.സി അംഗത്തെ നിയമിച്ചതെന്ന് എന്‍.സി.പി നേതാക്കള്‍ തന്നെ പുറത്ത് പറഞ്ഞിട്ടുണ്ട്. ഒരു കൊല്ലത്തില്‍ അധികമായി ലേലത്തുക ഉറപ്പിക്കാനാകാതെ ജനതാദളും പി.എസ്.സി അംഗത്തിന്റെ നിയമനം ലേലത്തിന് വച്ചിരിക്കുകയാണ്. പണം വാങ്ങിയെന്ന ആരോപണം ഐ.എന്‍.എല്ലിലും ഉയര്‍ന്നിട്ടുണ്ട്. എന്നിട്ടും ഇങ്ങനെ ഒരു സംഭവമെ ഇല്ലെന്ന മട്ടിലുള്ള മുഖ്യമന്ത്രിയുടെ മറുപടി അദ്ഭുതപ്പെടുത്തുന്നതാണ്. പി.എസ്.സിക്ക് ഒരു കുഴപ്പവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെയെങ്കില്‍ പൊലീസ് വിവരശേഖരണം നടത്തിയത് എന്തിനായിരുന്നു? ആരോപണം പാര്‍ട്ടിയും സര്‍ക്കാരും പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത് എന്തിനു വേണ്ടിയായിരുന്നു? ഈ ആരോപണം ഒതുക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുമ്പോള്‍ വീണ്ടും സംശയം വര്‍ധിക്കുകയാണ്. നേതൃത്വം അറിഞ്ഞു കൊണ്ട് നടന്ന ഇടപാടാണ് ഇതെന്ന് സംശയിക്കേണ്ട രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. പലരെയും രക്ഷിക്കാനുള്ള തത്രപ്പാടിനിടയിലാണ് കോഴ വിവാദം ഒളിപ്പിച്ചു വയ്ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് പാര്‍ട്ടിയില്‍ അങ്ങാടിപ്പാട്ടാണ്.
കോഴിക്കോട്ടെ പാര്‍ട്ടിയില്‍ ഒരു കോക്കസ് ഉണ്ടെന്നാണ് പൊതുമരാമത്ത് മന്ത്രി നല്‍കിയ പരാതിയില്‍ പറയുന്നത്. അധോലോക സംഘമാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നാണ് കണ്ണൂരില്‍ പാര്‍ട്ടി വിട്ടവര്‍ പറഞ്ഞത്. ജീര്‍ണത ബാധിച്ച, കച്ചവടം നടത്തുന്ന, സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും കളങ്കപ്പെടുത്തുന്നവരായി സി.പി.എം മാറിയിരിക്കുകയാണ്. സി.പി.എം ചെയ്യുന്നതു തന്നെയാണ് ഘടകകക്ഷികളും ചെയ്യുന്നത്. പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പാര്‍ട്ടി പൊലീസ് സ്റ്റേഷനും കോടതിയും ആകുന്നത് അംഗീകരിക്കാനാകില്ല. ഈ ആരോപണം അന്വേഷിച്ച് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. അല്ലെങ്കില്‍ പ്രതിപക്ഷം സമരത്തിലേക്ക് പോകും.
പരാതി കിട്ടിയിട്ടും ഒളിപ്പിച്ചു വച്ച മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. എന്‍.സി.പി അംഗത്തെ നിയമനിച്ചതിനു ശേഷമാണ് എ.കെ. ശശീന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ശബ്ദരേഖ പുറത്തുവന്നത്. പൊതുമരാമത്ത് മന്ത്രിയുടെ അതേ ലേക്കല്‍ കമ്മിറ്റിയിലുള്ള പ്രദേശിക നേതാവിനെ കുറിച്ചാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. സി.പി.എമ്മും ഘടകകക്ഷികളുമാണ് പി.എസ്.സിയെ അപകീര്‍ത്തിപ്പെടുത്തുന്നത്. മാധ്യമങ്ങളില്‍ വരുന്നതിന് മുന്‍പ് തന്നെ ഇതേക്കുറിച്ച് പാര്‍ട്ടിക്ക് അറിയാമായിരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെയാണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. സ്വര്‍ണം പൊട്ടിക്കല്‍, മയക്കുമരുന്ന്, കള്ളക്കടത്ത്, കൊലപാതകം ഉള്‍പ്പെടെ എല്ലാ വൃത്തികേടുകളും കണ്ണൂരിലുണ്ട്. കണ്ണൂരും കോഴിക്കോടും തമ്മില്‍ വലിയ വ്യത്യാസമില്ല. വരും ദിവസങ്ങളില്‍ ഇതിനേക്കാള്‍ ഞെട്ടിക്കുന്ന കാര്യങ്ങള്‍ പുറത്ത് വരും.
തിരഞ്ഞെടുപ്പില്‍ തോറ്റതോടെ പരസ്പരം പഴിചാരി ഇതുവരെ നടത്തിയ കച്ചവടങ്ങളൊക്കെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കച്ചവടമാണ് ജില്ലാ, സംസ്ഥാന തലങ്ങളില്‍ നടക്കുന്നത്. അത്രയും ജീര്‍ണതയാണ് സി.പി.എമ്മിനെ ബാധിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ കോക്കസിന്റെ ഭാഗമാണ്.
ആയിരം കോടി നഷ്ടപ്പെട്ടിട്ടും കര്‍ഷകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉച്ചക്കഞ്ഞി വിതരണത്തിനും നല്‍കാന്‍ പണമില്ല. കേരളീയം ആഘോഷിക്കാന്‍ പണമുണ്ട്. അതിനാണ് ജനങ്ങള്‍ തിരിച്ചടി നല്‍കിയത്. തെറ്റു തിരുത്താതെ ഇങ്ങനെ തന്നെ മുന്നോട്ട് പോയാല്‍ മതി.