ഫൊക്കാനയിലെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക: ലീല മാരേട്ട്

Spread the love

ഫൊക്കാനയുടെ കണ്‍വന്‍ഷന്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ അതിനോടുകൂടി 2024- 26 വര്‍ഷത്തെക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്ഷനും നടക്കുന്നു. വാശിയേറിയ മത്സരത്തില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് നിലവിലുള്ളത്. ഇലക്ഷന്‍ വളരെ സുതാര്യവും നിഷ്പക്ഷവുമായി നടത്തുവാന്‍ ഇലക്ഷന്‍ കമ്മിറ്റിയോട് അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞ പ്രാവശ്യം ഇലക്ഷന്‍ ഹാള്‍വേയില്‍ നടത്തിയതുപോലെ നടത്താതിരിക്കുക.

2018 -ല്‍ ഞാന്‍ ഫൊക്കാന പ്രസിഡന്റായി മത്സരിക്കുമ്പോള്‍ ഫൊക്കാനയുടെ ബോര്‍ഡ് ഓഫ് പ്രസിഡന്റ് സ്ഥാനം രാജിവെയ്പിച്ചിട്ടാണ് പ്രസിഡന്റായി മത്സരിക്കാന്‍ അനുവദിച്ചത്. ഇപ്രാവശ്യം വേറെ ഒരു ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം സ്ഥാനം രാജിവയ്ക്കാതെ ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്നു. അന്ന് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് ഇന്നും ഇലക്ഷന്‍ കമ്മിറ്റിയില്‍ അംഗമാണ്. ബോര്‍ഡ് ഓഫ് ട്രസ്റ്റിയാണ് ഇലക്ഷന്‍ നടത്തുന്നത്. conflict of interest ഇപ്പോള്‍ ബാധകമല്ലേ? എന്തുകൊണ്ട് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയോട് ബോര്‍ഡ് ഓഫ് ട്രസ്റ്റി സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടാത്തത്? എനിക്ക് രണ്ട് വര്‍ഷം കൂടെയുണ്ടായിരുന്ന ബോര്‍ഡ് സ്ഥാനം നഷ്ടമായി.

ഞാന്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ്. 2010-ല്‍ ന്യൂയോര്‍ക്കില്‍ കണ്‍വന്‍ഷന്‍ കഴിഞ്ഞു. പിന്നെ പതിനഞ്ച് വര്‍ഷം കഴിഞ്ഞേ ന്യൂയോര്‍ക്കില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥി മത്സരക്കാന്‍ പറ്റുകയുള്ളൂ എന്നു പറഞ്ഞ് എന്നെ മാറ്റിനിര്‍ത്തി. ഇപ്പോള്‍ വാഷിംഗ്ടണില്‍ നിന്നും പ്രസിഡന്റ് നിലവിലിരിക്കെ, പിന്നെയും വാഷിംഗ്ടണില്‍ നിന്നു തന്നെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വരുന്നത് എങ്ങനെ സപ്പോര്‍ട്ട് ചെയ്യും. ഫൊക്കാനയുടെ നിയമം ഓരോ വ്യക്തികള്‍ക്കും മാറിമാറിയാണോ വരുന്നത്.

കഴിഞ്ഞ പ്രാവശ്യം 2022-ല്‍ ഫൊക്കാന നേതാക്കള്‍ പുഞ്ചക്കോണം അച്ചന്റെ മധ്യസ്ഥതയില്‍ പ്രസിഡന്റ് ഇലക്ട് എന്നു പറഞ്ഞ് എഗ്രിമെന്റ് ഒപ്പിട്ട് ഞാന്‍ ഫുള്‍ പാനല്‍ ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ വേറെ ഒരു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്ന് ജയിപ്പിച്ചു.

ഇപ്രാവശ്യം ഞാന്‍ ഒറ്റയ്ക്ക് നിന്ന് മത്സരിക്കുന്നു. മൂന്നു പ്രാവശ്യം പാനലുമായി മത്സരിച്ച ഒരു വ്യക്തിയാണ് കഴിഞ്ഞ 20 വര്‍ഷമായി നിരന്തരം ഫൊക്കാനയുടെ എല്ലാ പൊസിഷന്‍സും എടുത്ത് സംഘടനയ്ക്കുവേണ്ടി സമയവും അധ്വാനവും കൊടുത്ത വ്യക്തിയെന്ന നിലയ്ക്ക് ഒറ്റയ്ക്ക് മത്സരിക്കുന്നു. രണ്ട് പാനലില്‍ നിന്ന് മത്സരിച്ച് വരുന്നവരുടെ കൂടെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ സന്നദ്ധയാണ്. ഗിമിക് പോളുകള്‍ നടത്തി ഓരോ സ്ഥാനാര്‍ത്ഥികളും മുന്നോട്ട് എന്നു കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക. ഞാന്‍ ഒറ്റയ്ക്ക് തന്നെ നിന്ന് ഇലക്ഷനെ നേരിടും. പിന്‍മാറും എന്ന വ്യാജ പ്രചാരണങ്ങള്‍ നടത്താതിരിക്കുക. ചതിയും വഞ്ചനയും മാറ്റി നിര്‍ത്തി, മോഹന വാഗ്ദാനങ്ങളില്‍പ്പെടാതെ, സംഘടനയ്ക്ക് ആത്മാര്‍ത്ഥമായി ദീര്‍ഘനാള്‍ സേവനം നല്‍കിയ സ്ഥനാര്‍ത്ഥിക്ക് മുന്‍ഗണന നല്‍കുക എന്ന് ഡെലിഗേറ്റ്‌സിനോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *