നിയമസഭ മീഡിയ റൂമില്‍ പ്രതിപക്ഷ നേതാവ് നല്‍കിയ ബൈറ്റ് (11/07/2024).
തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യു.ഡി.എഫിന്റെ കുഞ്ഞാണ്. ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമായാണ് നാളെ അവിടെ കപ്പല്‍ അടുക്കുമ്പോള്‍ ജനങ്ങള്‍ നോക്കിക്കാണുന്നത്. പദ്ധതി കൊണ്ടു വന്നപ്പോള്‍ എന്തെല്ലാം തടസവാദങ്ങളാണ് ഇവരെല്ലാം ഉന്നയിച്ചത്. 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടാണെന്ന് പറഞ്ഞ് അഴിമതി ആരോപണം ഉന്നയിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി. കരാറില്‍ അഴിമതി ഉണ്ടോയെന്ന് കണ്ടെത്താന്‍ പിണറായി സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷനും ക്ലീന്‍ചിറ്റാണ് ഉമ്മന്‍ ചാണ്ടിക്കും യു.ഡി.എഫ് സര്‍ക്കാരിനും നല്‍കിയത്.
ഉദ്ഘാടനത്തിന് ഞങ്ങളെ ക്ഷണിക്കാത്തത് അവരുടെ ഔചിത്യമാണ്. അതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് യു.ഡി.എഫിനും കിട്ടുമെന്ന് ഭയന്നാകും പ്രതിപക്ഷത്തെ ഉദ്ഘാടന ചടങ്ങില്‍ നിന്നും മാറ്റി നിര്‍ത്തിയത്. വിഴിഞ്ഞം തുറമുഖമെന്നു പറഞ്ഞാല്‍ ഉമ്മന്‍ ചാണ്ടിയുടെ മുഖവും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മുഖവുമായിരിക്കും കേരളത്തിലെ ജനങ്ങളുടെ മനസിലുണ്ടാകുക.
പദ്ധതിക്ക് വേണ്ടി 5595 കോടി രൂപ സംസ്ഥാന വിഹിതമായി നല്‍കേണ്ട സ്ഥാനത്ത് എട്ട് വര്‍ഷം കൊണ്ട് 884 കോടി രൂപ മാത്രമാണ് നല്‍കിയിരിക്കുന്നത്. ഈ പദ്ധതിയുമായി സര്‍ക്കാരിന് അഭിമാനിക്കാന്‍ എന്താണുള്ളത്? മെട്രോ റെയിലിനെ എതിരെ സമരം നടത്തിയ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇന്നലെ അവരാണ് മെട്രോ റെയില്‍ കൊണ്ടു വന്നതെന്ന് നിയമസഭയില്‍ പറഞ്ഞത്. പക്ഷെ ജനങ്ങള്‍ക്ക് ഇതെല്ലാം കൃത്യമായി അറിയാം.
വിഴിഞ്ഞം പദ്ധതിയുടെ സ്ഥലം ഏറ്റെടുപ്പും ടെന്‍ഡറിങും ഉള്‍പ്പെടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്. പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഇരകളാരുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ 473 കോടിയുടെ പദ്ധതി ഉണ്ടാക്കി ഉത്തരവ് ഇറക്കിയതും ഉമ്മന്‍ ചാണ്ടി സര്‍ക്കാരായിരുന്നു. എന്നിട്ട് അതില്‍ ഒരു രൂപപോലും ഇവര്‍ ചെലവഴിച്ചിട്ടില്ല. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണ് 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടാണെന്ന് പിണറായി വിജയന്‍ പറഞ്ഞത്. ഇപ്പോഴും അവിടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടാണോ നടക്കുന്നത്? അന്ന് ആ പദ്ധതിയെ തടസപ്പെടുത്താനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. എന്നാല്‍ ആര് എന്ത് പറഞ്ഞാലും വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി.