ലോസ് ആഞ്ചലസ് : വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള ലോസ് ആഞ്ചലസ് സെന്റ് അൽഫോൻസ സീറോ മലബാർ ദേവാലയത്തിൽ വിശുദ്ധയുടെ തിരുനാൾ ജൂലൈ 19 മുതൽ 28 വരെ ഭക്ത്യാദരപൂർവ്വം കൊണ്ടാടുകയാണ്. ജൂലൈ 19 ന് റെവ. ഫാ. ടോമി കരിയിലക്കുളത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും അർപ്പിക്കപ്പെടും. അതിനുശേഷം തിരുനാളിന്റെ കൊടിയേറ്റം. തുടർന്നുള്ള ദിവസങ്ങളിൽ വിശുദ്ധ കുർബാനയും ഉദ്ദിഷ്ടകാര്യങ്ങൾക്കായുള്ള നൊവേനയും ഉണ്ടായിരിക്കുന്നതാണ്.
പ്രധാന തിരുനാളിന്റെ ഒന്നാം ദിവസമായ ജൂലൈ 27ന് റെവ. ഫാ. സോണി സെബാസ്ററ്യൻറെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാനയും, നൊവേനയും അതേത്തുടർന്ന് സ്‌നേഹവിരുന്നും യുവജനങ്ങളുടെ കലാപരിപാടിയും ഉണ്ടായിരിക്കുന്നതാണ്. പിറ്റേന്ന് ജൂലൈ 28 ഞായർ ആണ് പ്രധാന തിരുനാളിന്റെ രണ്ടാം ദിവസം. റെവ. ഫാ. കുര്യാക്കോസ് കുമ്പക്കീൽ ആയിരിക്കും അന്നത്തെ ആഘോഷമായ കുർബാനയുടെയും ലദീഞ്ഞിന്റെയും മുഖ്യകാർമികൻ. തുടർന്നുള്ള വിശുദ്ധ അൽഫോൻസാമ്മയുടെ രൂപവും വഹിച്ചുള്ള പ്രദക്ഷിണം തിരുനാളിന്റെ മുഖ്യാകർഷണമായിരിക്കും. ചെണ്ടമേളവും സ്‌നേഹവിരുന്നും തുടർന്നുണ്ടാകും.
തിരുനാളിൽ പങ്കുചേരാനും വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥം വഴി ദൈവാനുഗ്രഹം കൈക്കൊള്ളാനും ഇടവകാവികാരി റെവ. ഡോ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, ട്രസ്റ്റിമാരായ ഷാജി മറ്റപ്പള്ളി, ജോജോ ജോസ്, തിരുനാൾ കൺവീനർ സേവ്യർ പടയാട്ടി എന്നിവർ എല്ലാവരെയും സാദരം ക്ഷണിക്കുന്നതായി അറിയിച്ചു.
വാര്‍ത്ത: പ്രീത പുതിയകുന്നേല്‍