കേന്ദ്രബജിലെ അവഗണനയ്‌ക്കെതിരെ ഒറ്റക്കെട്ടായ ജനകീയ പ്രതിഷേധം വേണം: യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍

Spread the love

കേന്ദ്രബജറ്റില്‍ കേരളത്തോട് കാണിച്ച അവഗണനയ്ക്കും അനീതിയ്ക്കും എതിരെ പ്രതിഷേധിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ വൈകുന്നതിന് പിന്നില്‍ രാഷ്ട്രീയ ദുരുദ്ദേശങ്ങള്‍ ഉണ്ടോയെന്ന് സംശയിക്കുന്നതായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍.ബജറ്റിലെ കേന്ദ്ര അവഗണനയ്‌ക്കെതിരെ ഒറ്റക്കെട്ടായ ജനകീയ പ്രതിഷേധം ശക്തമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കാന്‍ ഇനിയും അല്പം പോലും വൈകരുതെന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ മുഖ്യമന്ത്രിയുടെ പാര്‍ട്ടി പ്രതിഷേധ പ്രകടനം നടത്തിയത് ഒഴിച്ചാല്‍ അവര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതിഷേധം ഉണ്ടായിട്ടില്ല. സംസ്ഥാന താല്‍പര്യത്തേക്കാള്‍ മുന്‍ഗണന സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് നല്‍കുന്നതിനാലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഒരു മൃദുസമീപനം ഉണ്ടാകുന്നതെന്നും ഹസന്‍ കുറ്റപ്പെടുത്തി.

സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനമാണ് കേന്ദ്ര ബജറ്റ് സ്വീകരിക്കുന്നതെന്ന് പ്രതികരിച്ച മുഖ്യമന്ത്രി കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ ആവര്‍ത്തിക്കാന്‍ യോജിച്ച ശ്രമം നടത്തണമെന്ന് പ്രഖ്യാപിച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും അതിനുള്ള നടപടികളൊന്നും സ്വീകരിക്കുന്നില്ല. ഇതെല്ലാം ഒഴുക്കന്‍ മട്ടിലുള്ള സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമായെ കാണാനാകൂ. ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ഇതിനോടകം നിയമസഭ സമ്മേളനം അടിയന്തരമായി വിളിച്ചു കൂട്ടി കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം കേരളത്തിലെ മുഴുവന്‍ എംപിമാരെയും അണിനിരത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും നേരില്‍കണ്ട് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഇടെപടലുകള്‍ നടത്തുമായിരുന്നു. എന്നാലതിന് ഇതുവരെ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും എംഎം ഹസന്‍ കുറ്റപ്പെടുത്തി.
ഇത്രയേറെ അവഗണന നേരിട്ട് കേന്ദ്ര ബജറ്റ് കേരളചരിത്രത്തില്‍ ആദ്യമാണ്. 24000 കോടിയുടെ സാമ്പത്തിക പാക്കേജ് പരിഗണിക്കുക പോലും ചെയ്തില്ല .വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ആവശ്യപ്പെട്ട 5000 കോടിയുടെ പാക്കേജും അവഗണിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമെടുപ്പിന് സംസ്ഥാനത്തിന്റെ വിഹിതമായ 6000 കോടി രൂപയും അനുവദിച്ചില്ല.കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ സംസ്ഥാനം ചെലവാക്കിയ 3686 കോടി രൂപ കിട്ടുമോ എന്ന പ്രതീക്ഷ പോലുമില്ല . റെയില്‍വേ വികസനം കീറാമുട്ടിയായി ഇപ്പോഴും കേരളത്തില്‍ തുടരുകയാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

Author

Leave a Reply

Your email address will not be published. Required fields are marked *