അതിജീവനത്തിന് കൈത്താങ്ങാകാന്‍ സാംസ്‌കാരിക കേരളം അണിനിരക്കും

Spread the love

വയനാട് ഉരുള്‍പൊട്ടലില്‍ ദുരന്ത ബാധിതരായി കഴിയുന്നവര്‍ക്ക് അതിജീവനത്തിനായി സാംസ്‌കാരിക കേരളം അണിനിരക്കുമെന്ന് സാംസ്‌കാരിക, യുവജന ക്ഷേമ, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ചൂരല്‍മലയിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സമാനതകളില്ലാത്ത ദുരന്തമാണ് നമുക്ക് നേരിടേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമഗ്രമായ പുനരധിവാസ പ്ലാന്‍ തയാറാക്കി വരികയാണ്.അതില്‍ ഓരോ വകുപ്പുകളും ചെയ്യേണ്ട ചുമതലകള്‍ നിര്‍ണയിക്കുന്നു. നിലവില്‍ മന്ത്രിസഭ ഉപസമിതി മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് രാജ്യത്തിന് തന്നെ മാതൃകയാണ്.
ദുരന്ത ബാധിതരെ കൗണ്‍സിലിംഗിലൂടെ മാനസികമായി ശാക്തീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. അതിജീവനത്തിന്റെ സന്ദേശം പകരുന്ന മികച്ച സാംസ്‌കാരിക പരിപാടികളിലൂടെ ദുരന്ത ബാധിതര്‍ക്കൊപ്പം നില്‍ക്കാന്‍ നിരവധി സാംസ്‌കാരിക സാഹിത്യ പ്രതിഭകള്‍ സര്‍ക്കാരിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
സംഗീതം, നൃത്തം,മാജിക് തുടങ്ങിയ വ്യത്യസ്തമായ കലാരൂപങ്ങളിലൂടെ അതിജീവനത്തിന്റെ പുതുലോകം അവരുടെ ചിന്തകളിലേക്ക് പടര്‍ത്താന്‍ കഴിയും.സാഹചര്യത്തിനനുസരിച്ച് അതിനാവശ്യമായ ക്രമീകരണങ്ങള്‍ സാംസ്‌കാരിക വകുപ്പ് ഒരുക്കും. പുനരധിവാസ ഘട്ടത്തിലും സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം ആവശ്യമുണ്ട്. ഇതിനായി യുവജന ക്ഷേമ ബോര്‍ഡിന്റെ യൂത്ത് ഫോഴ്‌സ് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും സജീവമാകുമെന്ന് മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *