നിശ്ചയദാര്‍ഢ്യമുള്ള ഭരണാധികാരിയായിരുന്ന വക്കം പുരുഷോത്തമന്‍ ജനഹൃദയങ്ങളില്‍ ജീവിച്ച കരുത്തനായ നേതാവായിരുന്നുയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കെപിസിസി ആസ്ഥാനത്ത് നടന്ന വക്കം പുരുഷോത്തമന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
അടിസ്ഥാന ജനങ്ങളുടെ ക്ഷേമത്തിനായി വക്കം പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ പോലും നടപ്പാക്കാതിരുന്ന കര്‍ഷകത്തൊഴിലാളി ക്ഷേമ നിധി കൊണ്ടുവന്നത് വക്കം പുരുഷോത്തമന്റെ ഭരണ മികവിന് തെളിവാണ്. അദ്ദേഹത്തിന്റെ പേരില്‍ തലസ്ഥാന നഗരിയില്‍ ഒരു സ്മരാകം നിര്‍മ്മിക്കണ്ടേത് അനിവാര്യമാണ്.
സ്പിക്കര്‍ എന്ന നിലയില്‍ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് സഭാനടപടികള്‍ നിയന്ത്രിക്കുന്നതില്‍ വക്കത്തിന് തന്റേതായ ശൈലിയുണ്ടായിരുന്നു. ഇന്നത്തെ ഭരണാധികാരികള്‍ക്ക് പ്രതിപക്ഷ ബഹുമാനം പോലുമില്ല. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങളില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് മുന്‍ നിരയില്‍ സീറ്റ് നല്‍കാതിരുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തോടുള്ള അവഹേളനമാണ്. ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ പ്രതികരിച്ച രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ആ പദവിയുടെ മഹത്വം കളഞ്ഞെന്നും ഉപരാഷ്ട്രപതിയുടെ നടപടി ജനാധിപത്യത്തിന് കളങ്കമാണെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണ്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ജി.സുബോധന്‍ സ്വാഗതം പറഞ്ഞു. കെ.മോഹന്‍കുമാര്‍,ശരത്ചന്ദ്ര പ്രസാദ്, നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.