പാര്‍ട്ടിക്കാരായ പൊലീസുകാരെ ഉപയോഗിച്ച് സമരങ്ങളെ നേരിട്ടാലും മുഖ്യമന്ത്രിക്കുണ്ടായ കറുത്ത പാട് മായ്ച്ചു കളയാനാകില്ല – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

പാര്‍ട്ടിക്കാരായ പൊലീസുകാരെ ഉപയോഗിച്ച് സമരങ്ങളെ നേരിട്ടാലും മുഖ്യമന്ത്രിക്കുണ്ടായ കറുത്ത പാട് മായ്ച്ചു കളയാനാകില്ല; അടിച്ചമര്‍ത്താമെന്നാണ് കരുതുന്നതെങ്കില്‍ കേരളം മുഴുവന്‍ ആളിപ്പടരുന്ന സമര പരമ്പരകളുണ്ടാകും; പൂരം കലക്കി തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി ഹിന്ദുക്കളുടെ സംരക്ഷകരല്ല; സി.പി.എമ്മും ബി.ജെ.പിയും ഈനാംപേച്ചിയും മരപ്പട്ടിയും എന്നതു പോലെ.

………………………………………………………………………………………………………..

കൊച്ചി :  മാഫിയകളുടെ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും ക്രൂരമായാണ് പൊലീസ് മര്‍ദ്ദിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, ജില്ലാ പ്രസിഡന്റ് ഷജീര്‍ ഉള്‍പ്പെടെയുള്ളവരുടെ തലയ്ക്കടിക്കുകയായിരുന്നു. നിരവധി ചെറുപ്പക്കാരുടെ കൈ ഒടിഞ്ഞു. ക്രൂരമായ മര്‍ദ്ദനമാണ് അഴിച്ചുവിട്ടിരിക്കുന്നത്. പൊലീസ് വാഹനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെയും ക്രൂരമായി മര്‍ദ്ദിച്ചു. അദ്ദേഹത്തിന്റെ കാലില്‍ പൊലീസ് ബൂട്‌സ് ഉപയോഗിച്ച് ചവിട്ടി. മര്‍ദ്ദനത്തിന്

നേതൃത്വം നല്‍കിയത് മുന്‍ ഡി.വൈ.എഫ്.ഐ നേതാവായ കന്റോണ്‍മെന്റ് എസ്.ഐ ജിജുവാണ്. സി.പി.എം നേതാക്കള്‍ക്കെതിരായ ആരോപണത്തിന്റെ പ്രതികാരമായാണ് യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചത്. നവകേരള സദസിന് എതിരായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച അതേരീതിയിലാണ് ഇപ്പോഴത്തെ മര്‍ദ്ദനവും. ജിജി എന്നയാള്‍ മ്യൂസിയം എസ്.ഐ ആയിരിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് കടന്നു കയറി അക്രമമുണ്ടാക്കിയ ഡി.വൈ.എഫ്.ഐക്കാരെ ജാമ്യത്തില്‍ വിട്ടത്. പാര്‍ട്ടിക്കാരായ പൊലീസുകാരെ ഉപയോഗിച്ചാണ് പിണറായി വിജയന്‍ സമരങ്ങളെ നേരിടുന്നത്. സമരങ്ങളെ അടിച്ചമര്‍ത്താന്‍ പറ്റില്ലെന്ന് നവകേരള സദസില്‍ സര്‍ക്കാര്‍ മനസിലാക്കിയതാണ്. കേരളത്തിലെ ജനം സമരം

ചെയ്യുന്നവര്‍ക്കൊപ്പമായിരുന്നു. സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തി മുന്നോട്ട് പോകാമെന്നാണ് കരുതുന്നതെങ്കില്‍ കേരളം മുഴുവന്‍ ആളിപ്പടരുന്ന സമരപരമ്പരകള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മപ്പെടുത്തുന്നു. നിങ്ങള്‍ക്കുണ്ടായ കറുത്ത പാടുകള്‍ മയ്ച്ചു കളയാന്‍ സാധിക്കില്ല. നിങ്ങള്‍ മാഫിയകളെ സംരക്ഷിക്കുകയാണ്. കൊലപാതവും സ്വര്‍ണക്കള്ളക്കടത്തും സ്വര്‍ണം പൊട്ടിക്കലും അഴിമതിയും ഉള്‍പ്പെടെ എല്ലാവൃത്തികേടുകളും ചെയ്യുന്നത് നിങ്ങളുടെ ഓഫീസ് തന്നെയാണ് നേരിട്ട് ചെയ്യുന്നത്. സി.ബി.ഐ അന്വേഷിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടു പോലും കോഴിക്കോട് സ്വദേശി മാമിയുടെ കൊലപാതകം സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി നടത്തിയ കൊലപാതകമാണ് ഇതെന്ന് ഭരണകക്ഷി എം.എല്‍.എ വെളിപ്പെടുത്തിയ സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ ഓഫീസിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെങ്കില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? നിങ്ങള്‍ക്ക് ഭയമാണ്. ഇപ്പോഴും കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

സ്വര്‍ണക്കള്ളക്കടത്ത് ആരോപണമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയര്‍ന്നിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ബി.ജെ.പിയുമായി അവിഹിത ബന്ധമുണ്ടാക്കിയിരിക്കുകയാണ്. ബി.ജെ.പിയെ തൃശൂരില്‍ വിജയിപ്പിക്കുന്നതിന് വേണ്ടി പൂരം കലക്കി ഹൈന്ദവ വികാരമുണ്ടാക്കി അനുകൂല അന്തരീക്ഷം ഒരുക്കിക്കൊടുത്തു. ബി.ജെ.പി ഹിന്ദുക്കളുടെ സംരക്ഷകരെല്ലെന്ന് ജനം അറിയണം. ഉത്സവം കലക്കിയും സി.പി.എമ്മുമായി ബന്ധമുണ്ടാക്കിയും എങ്ങനെയെങ്കിലും തിരഞ്ഞെടുപ്പ് ജയിക്കാന്‍ ശ്രമിക്കുന്നവരാണ് ബി.ജെ.പി. ന്യൂനപക്ഷ സംരക്ഷകരായി ചമയുന്ന സി.പി.എം പൂരം കലക്കി ബി.ജെ.പിക്ക് ജയിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കിക്കൊടുത്തു. ഈനാംപേച്ചിയും മരപ്പട്ടിയും എന്നതു പോലെ ഇവര്‍ രണ്ടു പേരും കൂടിച്ചേര്‍ന്നാണ് എല്ലാം ചെയ്യുന്നത്. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറ ദെത്താത്രേയ ഹൊസബലയെ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സന്ദര്‍ശിച്ചെന്ന ആരോപണം ഇതുവരെ ആരും നിഷേധിച്ചിട്ടില്ല. ആര്‍.എസ്.എസ് നേതാക്കള്‍ എല്ലാവരെയും കാണുമെന്നാണ് തൃശൂരിലെ ബി.ജെ.പി നേതാവ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. അതേസമയം മുഖ്യമന്ത്രിയോ എ.ഡി.ജി.പിയോ നിഷേധിക്കാന്‍ തയാറായിട്ടില്ല. അപ്പോള്‍ എന്തിനാണ് മുഖ്യമന്ത്രി എ.ഡി.ജി.പിയെ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ അയച്ചത് എന്ന ചോദ്യം നിലനില്‍ക്കുകയാണ്. തൃശൂരില്‍ ജയിപ്പിക്കാം എന്ന ഉറപ്പ് നല്‍കാനാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കാണാന്‍ പോയത്. അതിന്റെ തുടര്‍ച്ചയായാണ് അജിത് കുമാറിന്റെ തന്നെ സാന്നിധ്യത്തില്‍ പൂരം കലക്കിയത്. ജയിക്കാന്‍ വേണ്ടിയും കേസില്‍ നിന്നും രക്ഷപ്പെടാനും എന്തും ചെയ്യാന്‍ മടിക്കാത്ത കൂട്ടരായി ബി.ജെ.പിയും സി.പി.എമ്മും മാറി. ഒരുമിച്ചാണ് ഇവരുടെ യാത്ര. ഭൂരിപക്ഷത്തെയും ന്യൂനപക്ഷങ്ങളെയും ഇവര്‍ കബളിപ്പിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ അത് തിരിച്ചറിയും. മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ വന്നത് ബി.ജെ.പി നേതാവ് സുരേന്ദ്രനാണ്. സുരേന്ദ്രനോട് ഞാന്‍ ചോദ്യമൊന്നും ചോദിച്ചിട്ടില്ല. ഉണ്ടയുണ്ടോ ഇല്ലയോ എന്നതല്ല സത്യമാണോ എന്നതാണ് ചോദ്യം. ആരോപണം ആരും ഇതുവരെ നിഷേധിച്ചിട്ടില്ല. ആദ്യം നിഷേധിക്കട്ടെ.

ഭരണകക്ഷി എം.എല്‍.എ പറഞ്ഞത് തെറ്റാണെങ്കില്‍ അയാള്‍ക്കെതിരെ നടപടി എടുക്കണം. അയാള്‍ പാര്‍ട്ടി സെക്രട്ടറിയെ കാണാന്‍ പോയതിന് ശേഷം മടങ്ങി വന്നപ്പോള്‍ തലേ ദിവസം പറഞ്ഞതല്ല അപ്പോള്‍ പറഞ്ഞത്. സി.പി.എമ്മില്‍ നടക്കുന്നത് കൊട്ടാര വിപ്ലവമാണോ ചായക്കോപ്പയിലെ കൊടുങ്കാറ്റാണോയെന്നതല്ല പ്രതിപക്ഷത്തിന്റെ പ്രശ്‌നം. ഭരണകക്ഷി എം.എല്‍.എ ഗുരുതര ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി ഇതുവരെ വായ തുറന്നില്ലല്ലോ? മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് കാര്യങ്ങള്‍ പറയാന്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? എല്ലാ ദിവസവും പത്രസമ്മേളനം നടത്തിയിരുന്നയാള്‍ അത് പെട്ടന്ന് നിര്‍ത്തിയല്ലോ. ഭരണകക്ഷി എം.എല്‍.എയുടേത് ദുരാരോപണമാണെന്ന് പറയാന്‍ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഇതുവരെ തയാറായിട്ടില്ല. സി.പി.എമ്മില്‍ നടക്കുന്നത് എന്താണെന്നത് ഞങ്ങള്‍ക്ക് വിഷയമല്ല. ഞങ്ങളുടെ വിഷയം ഗുരുതര ആരോപണങ്ങളാണ്. ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കള്ളക്കടത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായി. ഇപ്പോള്‍ സ്വര്‍ണക്കടത്ത് മാത്രമല്ല പൊട്ടിക്കലും കൊലപാതകവുമാണ് ആരോപണം. ഇതൊക്കെ നടക്കുന്നത് കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. എന്നിട്ടും അധികാരത്തില്‍ അള്ളിപ്പിടിച്ച് ഇരിക്കുകയാണ്. ഇറങ്ങിപ്പോകണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *