നിപ: 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്

Spread the love

കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചു.

മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലേയും വൈകുന്നേരവും ഉന്നതതല യോഗം ചേര്‍ന്നു.

നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമാകാനുള്ളതായും മന്ത്രി അറിയിച്ചു.

മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് (സെപ്റ്റംബര്‍ 16) രാവിലേയും വൈകുന്നേരവും ഓണ്‍ലൈനായി നിപ അവലോകന യോഗം ചേര്‍ന്നു. നിപ ജാഗ്രതയെ തുടര്‍ന്ന് മലപ്പുറം സര്‍ക്കാര്‍ അതിഥി മന്ദിര കോമ്പൗണ്ടില്‍ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാം.

മരണപ്പെട്ട 24കാരന്റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണം.

രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. മരണപ്പെട്ട വ്യക്തിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 66 ടീമുകളായി ഫീല്‍ഡ് സര്‍വെ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് മമ്പാട് ഗ്രാമപഞ്ചായത്തിലെ 590 വീടുകളിലും വണ്ടൂരിലെ 447 വീടുകളിലും തിരുവാലിയിലെ 891 വീടുകളിലും അടക്കം ആകെ 1928 വീടുകളില്‍ സര്‍വെ നടത്തി. മമ്പാട് ഗ്രാമപഞ്ചായത്തില്‍ 10, വണ്ടൂരില്‍ 10, തിരുവാലിയില്‍ 29 ആകെ 49 പനി കേസുകള്‍ സര്‍വെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ മമ്പാട് കണ്ടെത്തിയ ഒരു പനി കേസ് മാത്രമാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ട്യൂഷന്‍ സെന്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ടെന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസിന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ റീന, ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *