ഒരു മൃതദേഹം സംസ്‌ക്കരിക്കാന്‍ 75000 രൂപ ചെലവായെന്ന കണക്കില്‍ എന്ത് വിശ്വാസ്യത? – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (17/09/2024)

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ കണക്കുകള്‍ സാമാന്യ യുക്തിക്ക് നിരക്കാത്തത്; ഒരു മൃതദേഹം സംസ്‌ക്കരിക്കാന്‍ 75000 രൂപ ചെലവായെന്ന കണക്കില്‍ എന്ത് വിശ്വാസ്യതയാണുള്ളത്? മെമ്മോറാണ്ടം തയാറാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണം.

———————————————————————————————

കൊച്ചി (നെടുമ്പാശേരി) : വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന സര്‍ക്കാരിന്റെ കണക്കുകള്‍ ദുരുതാശ്വാസത്തിന്റെ വിശ്വാസ്യത തന്നെ തകര്‍ക്കുന്നതാണ്. ഈ കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മെമ്മേറാണ്ടമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇങ്ങനെയാണോ കേന്ദ്ര സര്‍ക്കാരിന് മെമ്മോറാണ്ടം സമര്‍പ്പിക്കുന്നത്? എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് മെമ്മോറാണ്ടം സമര്‍പ്പിക്കേണ്ടത്. ഈ ഈ കണക്കിന് എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങളുമായി ഒരു ബന്ധവുമില്ല. സാമാന്യ യുക്തിക്ക് നിരക്കാത്ത കണക്കുകളാണ് സര്‍ക്കാര്‍ മുന്നോട്ടു വച്ചിരിക്കുന്നത്.

സെക്രട്ടേറിയറ്റിലെ സാമാന്യബുദ്ധിയുള്ള ഒരു ഉദ്യോഗസ്ഥനും ഇത്തരമൊരു കണക്ക് തയാറാക്കുമെന്ന് കരുതുന്നില്ല. ഈ കണക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റാണോ റവന്യൂ വകുപ്പാണോ തയാറാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പരിശോധന നടത്തിയിട്ടുണ്ടോ? ആക്ച്വല്‍സ് ആണ് ഹൈക്കോടതി വിധിയില്‍ വന്നിരിക്കുന്നതെന്നാണ് പറയുന്നത്. ഇത്രയും ആളുകളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ വലിയ തുകയാണ് കണക്കാക്കിയിരിക്കുന്നത്. നിരവധി മൃതശരീരങ്ങള്‍ ബന്ധുക്കള്‍ കൊണ്ടു പോയി സംസ്‌ക്കരിച്ചിട്ടുണ്ട്. ബാക്കിയുള്ള മൃതശരീരങ്ങള്‍ സംസ്‌ക്കരിക്കാന്‍ എം.എല്‍.എയും പഞ്ചായത്തും ഉള്‍പ്പെടെയുള്ളവരാണ് എച്ച്.എം.എല്ലുമായി സംസാരിച്ച് സ്ഥലം കണ്ടെത്തിയത്. കുഴിയെടുക്കാനുള്ള സൗകര്യം സ്ഥലത്തെ എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റാണ് നല്‍കിയത്. മുഴുവന്‍ മൃതദേഹങ്ങളും സംസ്‌ക്കരിച്ചത് സന്നദ്ധ പ്രവര്‍ത്തകരാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെയാണ് ഒരു മൃതദേഹം സംസ്‌ക്കരിക്കാന്‍ സര്‍ക്കാരിന് 75000 രൂപ ചെലവായെന്ന കണക്ക് നല്‍കിയിരിക്കുന്നത്. എന്താണ് ഇതിന്റെ വിശ്വാസ്യത. വോളന്റിയര്‍മാര്‍ക്ക് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷനും സന്നദ്ധ പ്രവര്‍ത്തകരുമാണ് ഭക്ഷണം നല്‍കിയത്. കള്ളക്കണക്ക് എഴുതാതെ ശ്രദ്ധയോടെ നിവേദനം തയാറാക്കി നല്‍കിയിരുന്നെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ന്യായമായ സഹായം വാങ്ങിയെടുക്കാമായിരുന്നു. വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് മെമ്മോറാണ്ടം തയാറാക്കിയിരിക്കുന്നത്. എവിടെയോ ആരോ തയാറാക്കിയ മെമ്മോറാണ്ടമല്ല സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കേണ്ടത്. വിവാദങ്ങളുണ്ടായി സഹായം ലഭിക്കാതെ പോകരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. വയനാട് ദുരിതാശ്വാസത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ സഹായ നിധിയില്‍ പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. അതില്‍ നിന്നും ചെലവഴിക്കുന്ന തുകയുടെ കണക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ വിശ്വാസ്യതയും വര്‍ധിക്കുമായിരുന്നു.

ആളുകള്‍ തലയില്‍ കൈ വയ്ക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ മെമ്മോറാണ്ടം തയാറാക്കിയത്. സാധാരണക്കാരന്റെ യുക്തിക്ക് പോലും നിരക്കാത്ത കണക്ക് എഴുതി വച്ചാല്‍ മെമ്മോറാണ്ടം പരിശോധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുക്കുമോ? ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനര്‍വിചിന്തനത്തിന് തയാറാകണം. 2000 കോടിയുടെയെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനം വയനാട്ടില്‍ നടത്തേണ്ടി വരും. ഇത് ചൂണ്ടിക്കാട്ടി എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ മെമ്മോറാണ്ടമാണ് സംസ്ഥാന സര്‍ക്കാര്‍ തയാറാക്കേണ്ടത്. മെമ്മോറാണ്ടം തയാറാക്കിയത് ആരാണെന്ന് കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കണം.

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷം ധനസഹായം കിട്ടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല. സര്‍ക്കാരിന് ഇല്ലാത്ത പരാതി പ്രതിപക്ഷം എങ്ങനെ ഉന്നയിക്കും. സര്‍ക്കാരിന്റെ തെറ്റുകളും കുറവുകളും ചൂണ്ടിക്കാട്ടാനാണെങ്കില്‍ വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങളുണ്ട്. എന്നാല്‍ നാട്ടില്‍ ദുരന്തം ഉണ്ടാകുമ്പോള്‍ എല്ലാവരും ഒന്നിച്ച് നിന്ന് സഹായിക്കുന്ന പുതിയൊരു സംസ്‌ക്കാരം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷം തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടതും സര്‍ക്കാരുമായി സഹകരിച്ചതും. കേന്ദ്ര സര്‍ക്കാര്‍ പണം തന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് പരാതിയില്ല. ധനസഹായത്തിന് മുന്നോടിയായുള്ള തുക കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ അത് കിട്ടിയിട്ടില്ല. കിട്ടിയില്ലെന്ന പരാതി സംസ്ഥാന സര്‍ക്കാരിനുമില്ല. സര്‍ക്കാരിന് പരാതി ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷം എന്തിനാണ് പരാതി പറയുന്നത്?

ഹൈക്കോടതി വിധിയിലൂടെയാണ് സര്‍ക്കാര്‍ തയാറാക്കിയ മെമ്മോറാണ്ടം പുറത്തു വരുന്നത്. മെമ്മോറാണ്ടം മാധ്യമങ്ങള്‍ ഉണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ഇങ്ങെയാണ് മെമ്മോറാണ്ടം തയാറാക്കുന്നതെങ്കില്‍ അതില്‍ നിരവധി പാളിച്ചകളുണ്ട്.

ഓണത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിക്കാത്തിനാല്‍ നിരവധി പേരാണ് കഷ്ടപ്പെടുന്നത്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ സംസ്ഥാന സര്‍ക്കാരിന്റെയും റെയില്‍വെയുടെയും ഭാഗത്ത് നിന്നുണ്ടാകണം.

Author

Leave a Reply

Your email address will not be published. Required fields are marked *