വയനാട് ദുരന്തത്തിൽ കുടുംബത്തെ മുഴുവൻ നഷ്ടമായ ശ്രുതിയ്ക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉരുൾപൊട്ടലിനെ തുടർന്നു മാതാപിതാക്കൾ രണ്ടു പേരും നഷ്ടപ്പെട്ട 6 കുട്ടികളുണ്ട്. ഇവർക്ക് ഒരു കുട്ടിക്ക് 10 ലക്ഷം രൂപ വീതം നൽകും.കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് ഏഴുലക്ഷം രൂപ നൽകാനും ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.
മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട 8 കുട്ടികളൾ ഉണ്ട്. ഇതിൽ ഒരു കുട്ടിക്ക് 5 ലക്ഷം രൂപ എന്ന നിലയിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസവുമായി ബന്ധപ്പെട്ട് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏറ്റവും അനുയോജ്യമാണെന്ന് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത് രണ്ട് സ്ഥലങ്ങളാണ്. ഒന്ന് മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്. രണ്ട്, കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റ്. ഈ രണ്ടിലും മോഡൽ ടൗൺഷിപ്പ് നിർമിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിന്റെ നിയമ വശം പരിശോധിക്കുമെന്നും ആദ്യ ഘട്ടത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.