ഏഴാച്ചേരി രാമചന്ദ്രനേയും ഡോ. നടുവട്ടം ഗോപാലകൃഷ്ണനേയും ആദരിച്ചു.
സഹജീവി സ്നേഹത്തിന്റേയും സാമൂഹിക ജീവിതത്തിന്റേയും സാംസ്കാരിക വിനിമയങ്ങളുടേയുമെല്ലാം അടിത്തറയായ മലയാളഭാഷയെ അഭിവൃദ്ധിപ്പെടുത്താനും സംരക്ഷിക്കാനും ഓരോരുത്തർക്കും കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിന്ധിഘട്ടങ്ങളിൽ ലോകത്തിനാകെ മാതൃകയായ നമ്മുടെ ഐക്യത്തിന്റെ അടിസ്ഥാനം മാതൃഭാഷയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പും വിവര-പൊതുജനസമ്പർക്ക വകുപ്പും സംയുക്തമായി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷാ വാരാഘോഷത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. ഇക്കാലയളവിനുള്ളിൽ ആരോഗ്യ-വിദ്യാഭ്യാസ-ക്ഷേമമേഖലകളിൽ ഉൾപ്പെടെ ലോകത്തിനാകെ മാതൃകയാകുന്ന നിരവധി സംഭാവനകൾ നൽകാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. ലോകമാകെ പടർന്നുപന്തലിച്ച ഒരു വലിയ ജനസമൂഹമായും അങ്ങനെ ലോകത്താകമാനമുള്ള വിവിധ രാജ്യങ്ങളുടെ സാമൂഹിക – സാമ്പത്തിക വികാസങ്ങളിൽ വലിയ സംഭാവന നൽകുന്നവരായും മലയാളികൾ മാറിയിട്ടുണ്ട്. ഇത്തരത്തിൽ ലോകമാകെ വ്യാപിച്ചുകിടക്കുമ്പോഴും കേരളത്തോടും മലയാള ഭാഷയോടും ഒക്കെ വലിയ കരുതലുള്ളവരാണ് മലയാളികൾ.
ചടങ്ങിൽ മലയാളഭാഷാ പരിപോഷണത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ഏഴാച്ചേരി രാമചന്ദ്രനേയും ഡോ. നടുവട്ടം ഗോപാലകൃഷ്ണനേയും കേരള സർക്കാരിനു വേണ്ടി മുഖ്യമന്ത്രി ആദരിച്ചു. സമകാലിക ജനപഥം ഭരണഭാഷാ പതിപ്പിന്റേയും സർക്കാർ കലണ്ടറിന്റേയും പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു. സംസ്ഥാനതല ഭരണഭാഷാ പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.
ചടങ്ങിൽ അദ്ധ്യക്ഷയായിരുന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉദ്യോഗസ്ഥർക്ക് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള സർവകലാശാല മലയാള വിഭാഗം പ്രൊഫ ഡോ സി ആർ പ്രസാദ് മുഖ്യപ്രഭാഷണവും ഏഴാച്ചേരി രാമചന്ദ്രനും ഡോ. നടുവട്ടം ഗോപാലകൃഷ്ണനും പ്രഭാഷണവും നടത്തി. പൊതുഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, വിവര-പൊതുജനസമ്പർക്ക വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ തുടങ്ങിയവർ സംബന്ധിച്ചു.