മൂന്നു വര്‍ഷത്തിനു ശേഷം കൊടകര കുഴല്‍പ്പണ കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ : പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനം. (03/11/2024).

കൊച്ചി (പറവൂര്‍) : മൂന്നു വര്‍ഷത്തിനു ശേഷമാണ് കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും കത്തയച്ചിരിക്കുന്നത്. 41 കോടി 40 ലക്ഷം രൂപ കുഴപ്പണമായി എത്തിയെന്നാണ് കത്തില്‍ പറയുന്നത്. തിരൂര്‍ സതീഷ് വെളിപ്പെടുത്തിയ ഒന്‍പതര കോടി അതില്‍ ഒരു ഘടകം മാത്രമാണ്. 41 കോടി 40 ലക്ഷം വന്നത് ലഹര്‍ സിങ് സൊറായ എന്ന ആളില്‍ നിന്നാണ്. എത്തിയത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ കയ്യിലേക്കും. രാജസ്ഥാനില്‍ വേരുകളുള്ള കര്‍ണാടകത്തിലെ എം.എല്‍.സിയും ഇപ്പോഴത്തെ രാജ്യസഭാ അംഗവുമായ ബി.ജെ.പിക്ക് പ്രിയപ്പെട്ട ബിസിനസുകാരനാണ് ലഹര്‍സിങ്. കുഴല്‍പ്പണത്തിന്റെ ഒരറ്റത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റും മറ്റേ അറ്റത്ത് വ്യവസായിയും ബി.ജെ.പി നേതാവുമായ ആളും ആയതുകൊണ്ടാണ് ഒരു അന്വേഷണവും ഇല്ലാതെ ഇ.ഡിയും ആദായ നികുതി വകുപ്പും കേസ് പൂഴ്ത്തിയത്.

ഇത്തരം ഒരു സംഭവം ഉണ്ടായിട്ടും പോലും അതിനെ രാഷ്ട്രീയ ആയുധമാക്കാന്‍ പോലും കേരളത്തിലെ സി.പി.എമ്മും പിണറായി വിജയനും തയാറായില്ലെന്നത് വിസ്മയിപ്പിക്കുന്നതാണ്. തെളിവുകളും മൊഴികളും ഉണ്ടായിട്ടും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന നിര്‍ബന്ധം പോലും സംസ്ഥാന സര്‍ക്കാരിനുണ്ടായില്ല. കേരളം മുഴുവന്‍ നടന്ന് ഡി.എന്‍.എ പരിശോധിക്കണമെന്ന് ഉള്‍പ്പെടെ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയെ അപമാനിച്ചു സംസാരിക്കുമ്പോഴും ബി.ജെ.പി നേതാക്കള്‍ക്കെതിരായ കുഴല്‍പ്പണ കേസ് പിണറായി വിജയന്‍ മൂടി വച്ചു. കേരളത്തിലെ സി.പി.എമ്മും കേരളത്തിലെ സി.പി.എമ്മും തമ്മില്‍ ധാരണയുണ്ടാക്കിയാണ് കുഴല്‍പ്പണ കേസില്‍ ഒരു അന്വേഷണവും വേണ്ടെന്നു തീരുമാനിച്ചത്.

ഇപ്പോള്‍ ആരുടെ കണ്ണില്‍ പൊടിയിടാനാണ് പുനരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്? തിരൂര്‍ സതീഷ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ കുറെക്കൂടി വിശാലമായ അര്‍ത്ഥത്തില്‍ അന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും മൂന്നു വര്‍ഷം കഴിഞ്ഞ് പുനരന്വേഷണം പ്രഖ്യാപിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടിയാണ്. എല്ലാം അറിയാവുന്ന കാര്യത്തില്‍ മൂന്ന് വര്‍ഷത്തിനു ശേഷം എന്ത് പുനരന്വേഷണമാണ് നടത്തുന്നത്? പൂരം കലക്കി ആറു മാസത്തിനു ശേഷം ആംബുലന്‍സില്‍ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് പോലെയാണ് ഇതും. ആറു മാസം കഴിഞ്ഞാണോ ആംബുലന്‍സിലാണ് സുരേഷ് ഗോപി വന്നതെന്ന് ഇവരുടെ പൊലീസ് അറിയുന്നത്. മുന്നിലും പിന്നിലും പൊലീസുമായി, മന്ത്രിമാരോട് വരേണ്ടെന്നു പറഞ്ഞ സ്ഥലത്തേക്ക് സുരേഷ് ഗോപി ആംബുലന്‍സില്‍ സിനിമയില്‍ കാണുന്നതു പോലെ എത്തിയത് ലോകം മുഴുവന്‍ മാധ്യമങ്ങളിലൂടെ കണ്ടതല്ലേ. എന്നിട്ട് ആറു മാസത്തിനു ശേഷം കേസെടുത്തത് ആരെ കബളിപ്പിക്കുന്നതിനു വേണ്ടിയാണ്? ആംബുലന്‍സില്‍ രോഗിയല്ല, ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമാണെന്ന് അറിഞ്ഞിട്ടും എസ്‌കോര്‍ട്ടും പൈലറ്റും നല്‍കാന്‍ നിര്‍ദ്ദേശിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമോ?

ഹവാല സംബന്ധിച്ച് പണം എത്തിച്ചയാള്‍ മൊഴി നല്‍കിയിട്ടും അന്വേഷണത്തിന് ഒരു സമ്മര്‍ദ്ദവും കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പണം എത്തിച്ചിട്ടും സംസ്ഥാന പൊലീസ് കേസെടുത്തില്ല. അവസാനം സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ ധാരണയെ തുടര്‍ന്ന് സുരേന്ദ്രന്‍ കുഴല്‍പ്പണ കേസിലെ സാക്ഷിയായി മാറി. ഇതു തന്നെയാണ് മഞ്ചേശ്വരം കോഴ കേസിലും നടന്നത്. ഒരു വര്‍ഷം കൊണ്ട് നല്‍കേണ്ട കുറ്റപത്രമാണ് 17 മാസത്തിന് ശേഷം സമര്‍പ്പിച്ചത്. എന്നിട്ടും കാലതാമസം വരുത്തിയതിനുള്ള അപേക്ഷ പോലും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചില്ല. സുരേന്ദ്രനെ കേസില്‍ നിന്നും ഒഴിവാക്കാനുള്ള സൗകര്യമാണ് രണ്ടു കേസുകളിലും ചെയ്തു കൊടുത്തത്. സി.പി.എം- ബി.ജെ.പി അവിഹിത ബാന്ധവത്തെ കുറിച്ച് പ്രതിപക്ഷം പറഞ്ഞതൊക്കെ ഇപ്പോള്‍ ശരിയായി. ദേശീയ തലത്തിലും ധാരണ ഉണ്ടായതു കൊണ്ടാണ് കേന്ദ്ര ഏജന്‍സികളും അന്വേഷിക്കാതിരുന്നത്. രണ്ടു പാര്‍ട്ടികളും രണ്ടു സര്‍ക്കാരുകളും ചേര്‍ന്ന് കുഴല്‍പ്പണ കേസ് മൂടിവച്ചു. അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് ഒരു കത്തു പോലും നല്‍കിയില്ല. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിലോ പൊതുയോഗത്തിലോ ചോദിച്ചിട്ടു പോലുമില്ല.

ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയാണ് മുഖ്യമന്ത്രിയോട് ഒറ്റ തന്തയ്ക്ക് പിറന്നതാണെങ്കില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് വെല്ലുവിളിച്ചത്. എന്നിട്ടും പ്രതിപക്ഷമല്ലാതെ സി.പി.എമ്മിലെ ആരെങ്കിലും അതിനെ ചോദ്യം ചെയ്‌തോ? ഭയന്നാണ് പിണറായി ഭരിക്കുന്നത്. വി.ഡി സതീശന്‍ കാപട്യക്കാരനാണെന്നും കുഴപ്പക്കാരനാണെന്നും നിയമസഭയില്‍ പറഞ്ഞ പിണറായി വിജയന്‍ അതില്‍ ഒരു വാക്കെങ്കിലും തന്തയ്ക്കു വിളിച്ച സുരേഷ് ഗോപിക്കെതിരെ പറഞ്ഞോ? അതിനുള്ള ധൈര്യം പിണറായി വിജയനില്ല. ഒരു രാഷ്ട്രീയക്കാരനും ഒരാള്‍ക്കെതിരെയും അങ്ങനെ പറയാന്‍ പാടില്ല. അതുകൊണ്ടാണ് പൊലീസിന് പരാതി നല്‍കിയത്. ഞങ്ങള്‍ക്ക് വിഷമം ഉണ്ടായിട്ടും ഒരു സി.പി.എമ്മുകാരനും ഒരു വിഷമവും ഇല്ല. മരുമകന്‍ എന്തോ പറഞ്ഞെന്നു തോന്നുന്നു. അദ്ദേഹത്തിന് മാത്രമെ വിഷമമുള്ളൂ. എം.വി ഗോവിന്ദന്‍ എവിടെയായിരുന്നു. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു സി.പി.എമ്മുകാരനും പരാതി ഇല്ലെന്നു കണ്ടതിനെ തുടര്‍ന്നാണ് പ്രതിപക്ഷം പ്രതികരിച്ചത്.

കുഴല്‍പ്പണ കേസിലും വി.ഡി സതീശനും സുധാകരനും ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞത് അദ്ദേഹം ടി.വി കാണുകയോ പത്രം വായിക്കുകയോ ചെയ്യാത്തതു കൊണ്ടാണ്. ആദ്യം പ്രതികരിച്ചത് ഞാനാണ്. സ്വന്തം പ്രസ്താവന മാത്രം വായിക്കാതെ ബാക്കിയുള്ളവര്‍ പറയുന്നത് കൂടി കേള്‍ക്കണം. ഗോവിന്ദനൊന്നും ഇതില്‍ ഒരു കാര്യവുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസാണ് എല്ലാം നിയന്ത്രിക്കുന്നത്. അതുകൊണ്ടു തന്നെ ഗോവിന്ദന് മറുപടി പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

കോണ്‍ഗ്രസില്‍ കുഴപ്പമെന്നാണ് മാധ്യമങ്ങള്‍ പറഞ്ഞത്. കോണ്‍ഗ്രസില്‍ ഒരു കുഴപ്പവുമില്ല. സി.പി.എമ്മിലും ബി.ജെ.പിയിലുമാണ് പ്രശ്‌നം. ബി.ജെ.പിയില്‍ ശോഭ സുരേന്ദ്രനെ ഒഴിവാക്കുന്നതിനു വേണ്ടിയുള്ള കോക്കസിന് പിണറായി വിജയന്റെ പിന്തുണയുണ്ടെന്നാണ് ശോഭ സുരേന്ദ്രന്‍ ആരോപണം. വനിതാ നേതാവിനെ പാര്‍ട്ടിയില്‍ നിര്‍ത്താന്‍ സമ്മതിക്കുന്നില്ലെന്നാണ് അവര്‍ പറയുന്നത്. ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്ത് പാലക്കാട് സ്ഥാപിച്ച ബോര്‍ഡ് മറു വിഭാഗം കത്തിച്ചു കളഞ്ഞു. സി.പി.എം സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയതിന് എതിരെ കൊഴിഞ്ഞാമ്പാറയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നൂറു പേര്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചു. ഇതൊക്കെ മാധ്യമങ്ങളും ശ്രദ്ധിക്കണം.

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നവര്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. പാലക്കാട് സി.പി.എം മൂന്നാം സ്ഥാനത്ത് വരുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടാണ് ബി.ജെ.പിയെ സഹായിക്കുന്നതിന് വേണ്ടിയാണ് പണം നല്‍കിയും പ്രീണിപ്പിച്ചും കോണ്‍ഗ്രസില്‍ നിന്നും ആളെ പിടിക്കാന്‍ സി.പി.എം ശ്രമിക്കുന്നത്. പുതിയ സ്ഥാനാര്‍ത്ഥി കൂടി വന്നതോടെ സി.പി.എം മത്സരരംഗത്ത് പോലും ഇല്ലാത്ത അവസ്ഥയാണ്. എന്നിട്ടും കോണ്‍ഗ്രസില്‍ അനൈക്യമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതിലൂടെ സി.പി.എം ബി.ജെ.പിയെയാണ് സഹായിക്കുന്നത്. ഇതൊക്കെ മനസിലാക്കാനുള്ള ബോധ്യം ജനങ്ങള്‍ക്കുണ്ട്.

മൂന്ന് മണ്ഡലങ്ങളിലും ഒന്നാം സ്ഥാനത്താണ് യു.ഡി.എഫ്. ഒരു കാലത്തും ഇല്ലാത്ത തരത്തില്‍ മുന്നൊരുക്കം നടത്തി ചിട്ടയായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് നടക്കുന്നത്. അത് മാധ്യമങ്ങള്‍ക്കും എതിരാളികള്‍ക്കും നന്നായി അറിയാം. തൃക്കാക്കരയില്‍ ഒരാള്‍ പോയിട്ടും പി.ടി തോമസിന്റെ ഇരട്ടി ഭൂരിപക്ഷത്തിന് വിജയിച്ചു. പുതുപ്പള്ളിയില്‍ ഒരാള്‍ പോകുമെന്ന് പറഞ്ഞിട്ടും ഉമ്മന്‍ ചാണ്ടിയുടെ മൂന്ന് ഇരട്ടി ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. കോണ്‍ഗ്രസിനെ ആര്‍ക്കും ഒരു പോറല്‍ പോലും ഏല്‍പ്പിക്കാനാകില്ല. ശക്തമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് എല്ലാവരും ചേര്‍ന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. ചുമതലകള്‍ എല്ലാ നേതാക്കളും നിറവേറ്റുന്നുണ്ട്. അതില്‍ പൂര്‍ണ തൃപ്തിയുണ്ട്. സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് എതിരായി വിശദമായ പ്രചരണമാണ് യു.ഡി.എഫ് നടത്തുന്നത്. സര്‍ക്കാരിന് എതിരെ ശക്തമായ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ബൂത്തുകളില്‍ മൂന്ന് റൗണ്ട് എത്തിയ ഞങ്ങളുടെ പ്രവര്‍ത്തകരും രാഷ്ട്രീയത്തിന് അതീതമായ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ വികാരമുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതിനൊപ്പം ബി.ജെ.പിയുടെ വര്‍ഗീയതയ്ക്ക് എതിരെയും മതേതര കേരളം തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നല്‍കും.

Author

Leave a Reply

Your email address will not be published. Required fields are marked *