പാരിസ്ഥിതിക,സാങ്കേതിക പ്രശ്നം പരിഹരിച്ചാല്‍ കെ.റെയില്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമെന്നാണ് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മനം മാറ്റം. അശാസ്ത്രീയമാണ് കെ.റെയില്‍ പദ്ധതിയെന്ന മുന്‍നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ തിരുത്തുന്നത്. ബിജെപിയും സിപിഎമ്മും തമ്മില്‍ ശക്തിപ്പെട്ട അന്തര്‍ധാര ഇപ്പോഴത്തെ മനംമാറ്റത്തിലുണ്ടോയെന്ന് സംശയിക്കുന്നു. പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ദോഷകരമായ കെ.റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം നാടിന്റെ വികസനമല്ല മറിച്ച് പദ്ധതിയില്‍ നിന്നും ലഭിക്കുന്ന കമ്മീഷനാണ്.
പരിസ്ഥിതി പ്രശ്നങ്ങളും കുടിയൊഴിപ്പിക്കുന്ന സാധാരണക്കാരുടെ ദുരിതങ്ങളും തിരിച്ചറിഞ്ഞാണ് ഈ പദ്ധതിക്ക് ബദല്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് യുഡിഎഫ് കെ.റെയിലിനെ എതിര്‍ത്തത്. തുടര്‍ന്നാണ് സര്‍ക്കാരുകള്‍ ഈ പദ്ധതിയില്‍ നിന്ന് അന്ന് പിന്നോട്ട് പോയത്. നിലവിലുള്ള ലൈനിന്റെ വളവുകള്‍ നികത്തുക,സിഗ്‌നലിംഗ് സംവിധാനം ആധുനികവത്കരിക്കുക,പാത ഇരട്ടിപ്പിക്കല്‍ നടപടി വേഗത്തിലാക്കുക തുടങ്ങിയ ബദല്‍ നിര്‍ദ്ദേശങ്ങളാണ് യുഡിഎഫ് മുന്നോട്ട് വെച്ചത്. ഇവ നടപ്പാക്കിയാല്‍ നിലവിലെ ലൈനിലൂടെ അതിവേഗ ട്രെയിന്‍ ഗതാഗതം സാധ്യമാകും. പാത ഇരട്ടിപ്പിക്കലിന് ഭൂമിയേറ്റെടുക്കുന്നതില്‍ അലംഭാവം കാട്ടുന്ന സര്‍ക്കാരാണ് കെ.റെയിലിനായി സമ്മര്‍ദ്ദം ചെലുത്തുന്നത്.
കേരളത്തിന്റെ ദീര്‍ഘകാല സ്വപ്നമായ അങ്കമാലി- എരുമേലി ശബരിപാത നടപ്പാക്കുന്നതിന് മുഖ്യമന്ത്രിക്ക് താത്പര്യമില്ല. അതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ല. അഴിമതിക്ക് കളമൊരുക്കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയും അതിന് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടുകയും ചെയ്താല്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാരുകള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭത്തിന് യുഡിഎഫ് നേതൃത്വം നല്‍കുമെന്നും എംഎം ഹസന്‍ പറഞ്ഞു.