ഒക്ടോബർ 15നാണ് ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചത്. കൽപ്പാത്തി രഥോത്സവത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റണമെന്ന് കോൺഗ്രസ് അന്നുതന്നെ ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമ്പോൾ സ്വാഭാവികമായും കണക്കിലെടുക്കേണ്ട പ്രാദേശിക ഉത്സവങ്ങൾ ഉൾപ്പെടെയുള്ളവ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്ന് കണക്കിലെടുക്കാതിരുന്നതെന്ന് മനസ്സിലാവുന്നില്ല. സംസ്ഥാന ഗവൺമെന്റ് ഇത് സംബന്ധിച്ച് റിപ്പോർട്ട് കൊടുക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് പരിശോധിക്കുകയും ചെയ്യേണ്ടിയിരുന്നു. ഇത് കൃത്യമായി നടന്നില്ലെന്ന് വേണം അനുമാനിക്കാൻ. തീയതിയിലുള്ള ഈ മാറ്റം തെരഞ്ഞെടുപ്പിനെ ബാധിക്കണമെന്ന് കണക്കാക്കിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇത്തരം വ്യക്തതയില്ലാത്ത തീരുമാനങ്ങൾ വരുന്നത്. എങ്കിലും ഇതൊന്നും തെരഞ്ഞെടുപ്പിനെ യാതൊരു തരത്തിലും ബാധിക്കാൻ പോകുന്നില്ല. ജനങ്ങൾ കൃത്യമായി തന്നെ വിധിയെഴുതും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയെയും വിശ്വാസ്യതയെയും ഇത്തരം പ്രവർത്തനങ്ങൾ സംശയത്തിന്റെ നിഴലിൽ നിർത്തുമെന്നത് ഉറപ്പ്.
തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഇത്തരം മാറ്റങ്ങൾ തീയതിയിൽ വരുത്തുന്നത് ക്രമീകരണങ്ങളെ എല്ലാം ബാധിക്കുമെങ്കിലും കൽപ്പാത്തി രഥോത്സവം എത്രയും മികവോടെ നടക്കണമെന്നാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും താൽപര്യം.
കൊടകരയിൽ ഇത്രയും ഗൗരവതരമായ ഹവാല ഇടപാട് നടന്നിട്ടും എന്തുകൊണ്ട് വിഷയത്തിൽ ഇഡി ഇടപെടുന്നില്ല? കൃത്യമായ എഫ്ഐആർ ഉണ്ടായിട്ടും ഈ കേസിൽ അന്വേഷണം നടത്തുന്നതിൽ നിന്ന് ഇഡിയെ തടയുന്നത് എന്താണ് ?