യാത്രക്കാർക്കും ജീവനക്കാർക്കും അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കായി തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിർമ്മിച്ച എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് 24 മണിക്കൂറും പ്രവർത്തിക്കും. കെഎസ്ആർടിസിയും, സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യയും, നിംസ് മെഡിസിറ്റിയും സംയുക്തമായാണ് യൂണിറ്റ് സജ്ജമാക്കിയത്.
കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, സുൽത്താൻ ബത്തേരി, കണ്ണൂർ, കാസർഗോഡ്, നെയ്യാറ്റിൻകര, നെടുമങ്ങാട്, തൃശൂർ ഡിപ്പോകളിലും എമർജൻസി മെഡിക്കൽ കെയർ യൂണിറ്റുകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
കെ.എസ്.ആർ.ടി.സി മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഓട്ടോ ഡ്രൈവർമാർ, വ്യാപാരികൾ തുടങ്ങിയവർക്കും ഇതിന്റെ സൗകര്യം ഉപയോഗിക്കാം. യൂണിറ്റിൽ എപ്പോഴും ഒരു നഴ്‌സിംഗ് ഓഫീസറുടെ സേവനം ലഭ്യമാകും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു യൂണിറ്റ് തുടങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു.
മുഴുവൻ ജീവനക്കാർക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും എല്ലാ വനിതാ ജീവനക്കാർക്കുമായി കാൻസർ സ്‌ക്രീനിങ്ങ് ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. വൃത്തിയുള്ള ബസ് സ്റ്റേഷനുകൾ, ടോയ്‌ലെറ്റുകൾ, ജീവനക്കാരുടെ നല്ല പെരുമാറ്റം തുടങ്ങിയ കാര്യങ്ങൾ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.
കെ.എസ്.ആർ.ടി.സി. സോഷ്യൽ മീഡിയ സെൽ ദൃശ്യാവിഷ്‌കാരം നല്കി ഗായകൻ ജി. വേണുഗോപാൽ ആലപിച്ച കെ.എസ്.ആർ.ടി.സി. ഗാനം പ്രകാശനം ചെയ്തു. ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ച കോഴിക്കോട് യൂണിറ്റിലെ ഡ്രൈവർ ബൈജു ഇരിങ്ങല്ലൂരിനെ മന്ത്രി പുരസ്‌ക്കാരം നല്കി ആദരിച്ചു.
റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസ് നിർദ്ദേശപ്രകാരം തലശ്ശേരി യൂണിറ്റ് നിർമ്മിച്ച ഡബിൾ ബെൽ എന്ന ഹ്രസ്വ ചിത്രത്തിന്റെ റിലീസിംഗും ചടങ്ങിൽ നടന്നു. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെ മന്ത്രി പുരസ്‌കാരം നല്കി ആദരിച്ചു. ചടങ്ങിൽ ഫസ്റ്റ് എയ്ഡ് കിറ്റുകളും വിതരണം ചെയ്തു.