നവം 7ന് വൈകീട്ട് 5ന് ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ്ബില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍, സയ്യിദ് അഖ്തര്‍ മിര്‍സ, സിനിമാതാരങ്ങളായ ഷീല, ജലജ, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും
നവംബര്‍ 14 വരെ നടക്കുന്ന ശില്‍പ്പശാല വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 67 പേര്‍ പങ്കെടുക്കുന്നു, യുഎസ്, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 20 ആര്‍ക്കൈവിസ്റ്റുകള്‍, കണ്‍സര്‍വേറ്റേഴ്‌സ് തുടങ്ങിയവര്‍ ശില്‍പ്പശാല നയിക്കും
ശില്‍പശാല പ്രധാനമെന്ന് വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസി, കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍
തിരുവനന്തപുരം: ഒമ്പതാമത് ഫിലിം പ്രിസര്‍വേഷന്‍ & റിസ്റ്റോറേഷന്‍ വര്‍ക്ക്ഷോപ്പ് ഇന്ത്യ 2024 (FPRWI 2024) നവംബര്‍ 7 മുതല്‍ 14 വരെ തിരുവനന്തപുരത്ത് നടക്കും. ലോകപ്രസിദ്ധ ഫിലിം ആര്‍ക്കൈവിസ്റ്റും റിസ്‌റ്റോററും സംവിധായകനുമായ ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂരിന്റെ നേതൃത്വത്തില്‍ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ (എഫ്എച്ച്എഫ്) ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ആര്‍ക്കൈവ്‌സുമായി (എഫ്‌ഐഎഎഫ്) സഹകരിച്ചാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. നവം 7ന് വൈകീട്ട് 5ന് ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ്ബില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍, സിനിമാതാരങ്ങളായ ഷീല, ജലജ, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങില്‍ സിനിമാചരിത്രകാരന്‍ എസ് തിയോടര്‍ ഭാസ്‌കരനെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കും. തുടര്‍ന്ന് നവംബര്‍ 14 വരെ കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ മള്‍ട്ടി പര്‍പ്പസ് കള്‍ച്ചറല്‍ കോംപ്ലക്സിലാണ് ശില്‍പശാല നടക്കുക.
സിനിമ, വീഡിയോ, ഓഡിയോ, ഡിജിറ്റല്‍ പ്രിസര്‍വേഷന്‍, ഫിലിം കണ്‍സര്‍വേഷന്‍ ആന്‍ഡ് റിസ്റ്റോറേഷന്‍, ഡിജിറ്റൈസേഷന്‍, ഡിസാസ്റ്റര്‍ റിക്കവറി, കാറ്റലോഗിംഗ്, പേപ്പര്‍, ഫോട്ടോഗ്രാഫ് കണ്‍സര്‍വേഷന്‍, പ്രോഗ്രാമിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും പരിശീലന സെഷനുകളുമുള്‍പ്പെടുന്നതാണ് ശില്പശാല. ക്ലാസുകള്‍ക്ക് ശേഷം റീസ്റ്റോര്‍ ചെയ്ത ലോകസിനിമകളുടെ പ്രദര്‍ശനമുണ്ടായിരിക്കും. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്, ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, L’Immagine Ritrovata, Bologna, Institute National de l’Audiovisuel, Fondation Jérôme Seydoux – Pathé and Cineteca Portuguesa തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ക്ളാസ്സുകള്‍ നയിക്കും.
2015 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ശില്‍പശാലകളില്‍ 400-ലധികം പേര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.
തുടക്കക്കാരായ ഫിലിം ആര്‍ക്കൈവ് ജീവനക്കാര്‍, ആര്‍ക്കൈവിംഗിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഓഡിയോ-വിഷ്വല്‍ പ്രൊഫഷണലുകള്‍, മീഡിയയും അനുബന്ധ വിഷയങ്ങളും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, ഓഡിയോ-വിഷ്വല്‍ ആര്‍ക്കൈവിംഗില്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ തുടങ്ങിയ 67 പേരാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഇവരില്‍ 30 പേര്‍ കേരളത്തില്‍ നിന്നും ബാക്കിയുള്ളവര്‍ കേരളത്തിനും ഇന്ത്യയ്ക്കും പുറത്തു നിന്നുള്ളവരുമാണ്. ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, യുകെ, റുമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം ശ്രീലങ്കയില്‍ നിന്നുള്ള 12 അംഗ സംഘവുമുണ്ട്.
ആര്‍ക്കൈവിസ്റ്റുകളുടെ ഒരു സൈന്യം ആവശ്യം: കമല്‍ ഹാസന്‍
അതുല്യവും അനിവാര്യവുമാണ് ഈ പരിശീലന സംരംഭമെന്ന് നടനും എഫ്എച്ച്എഫിന്റെ ഉപദേശകനുമായ കമല്‍ഹാസന്‍ പറഞ്ഞു. ‘ലോകത്തിന് നമ്മുടെ ചലച്ചിത്ര പൈതൃകത്തിന്റെ വലിയൊരു ശേഖരം നഷ്ടപ്പെട്ടു പോയി. നമ്മുടെ സിനിമാ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനും ഇന്നത്തെയും നാളത്തേയും സിനിമകളെ സംരക്ഷിക്കാനും നമുക്ക് ആര്‍ക്കൈവിസ്റ്റുകളുടെ ഒരു സൈന്യം ആവശ്യമാണ്, ”അദ്ദേഹം ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂരിന്റെ നേതൃത്വത്തില്‍ റിസ്റ്റോര്‍ ചെയ്ത അരവിന്ദന്റെ കുമ്മാട്ടി കണ്ട് ലോകോത്തര സംവിധായകനായ സ്‌കോര്‍സെസി കുറച്ചു നാള്‍ മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ ചൊരിഞ്ഞ പ്രശംസാവചനങ്ങള്‍ വൈറലായിരുന്നു.
ഫിലിം ഫൗണ്ടേഷന്റെ സ്ഥാപകനും ചെയര്‍മാനുമായ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസി ശില്പശാലക്ക് കേരളം ആതിഥേയത്വം വഹിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു. ‘അടൂര്‍ ഗോപാലകൃഷ്ണന്റെയും അരവിന്ദന്റെയും സൃഷ്ടികള്‍ ഉള്‍പ്പെടുന്ന സിനിമാ പാരമ്പര്യമുള്ള കേരളത്തില്‍ നിന്നാണ് ഞാന്‍ കണ്ട ഏറ്റവും ശ്രദ്ധേയമായ ചില ചിത്രങ്ങള്‍ പുറത്തുവന്നത്,’ അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള സിനിമകളുടെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനും പ്രചാരണത്തിനും വേണ്ടി സ്ഥാപിച്ച ഫിലിം ഫൗണ്ടേഷന്റെ ഒരു വിഭാഗമായ വേള്‍ഡ് സിനിമാ പ്രോജക്റ്റ് അടുത്തിടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ അരവിന്ദന്റെ കുമ്മാട്ടി, തമ്പ് എന്നീ ചിത്രങ്ങള്‍ റീസ്റ്റോര്‍ ചെയ്തിരുന്നു.
കേരളത്തില്‍ ശില്പശാല നടത്തുകയെന്നത് വളരെക്കാലമായുള്ള ആഗ്രഹമായിരുന്നെന്ന് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ സ്ഥാപകനും ആര്‍ക്കൈവിസ്റ്റുമായ ശിവേന്ദ്ര സിംഗ് ദുംഗര്‍പൂര്‍ പറഞ്ഞു.
”സിനിമയോടു അഗാധമായ സ്‌നേഹമുള്ള സംസ്ഥാനമാണിത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷനും ഇവിടെയുണ്ട്. പക്ഷേ സങ്കടകരമെന്നു പറയട്ടെ, തങ്ങളുടെ അവിശ്വസനീയമായ ചലച്ചിത്ര പൈതൃകം സംരക്ഷിക്കാന്‍ ഒരു ഫിലിം ആര്‍ക്കൈവ് ഇവിടെയില്ല. അവഗണനയും സംരക്ഷണ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവില്ലായ്മയും കാരണം നിരവധി സിനിമകള്‍ നഷ്ടപ്പെടുകയും മറ്റു പലതും നശിക്കുകയും ചെയ്യുന്നതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ സമ്പന്നമായ ചലച്ചിത്ര പൈതൃകം സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അത് അപ്രത്യക്ഷമാകുമെന്ന അപകടം പതിയിരിക്കുന്നു. മലയാള ചലച്ചിത്ര പൈതൃകം സംരക്ഷിക്കാന്‍ കേരളത്തിന് സ്വന്തമായി ഒരു സംസ്ഥാന ഫിലിം ആര്‍ക്കൈവ് ഉണ്ടായിരിക്കണം, ശില്‍പശാലയിലെ മികച്ച പരിശീലനത്തിലൂടെയും ചലച്ചിത്ര സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ഈ പ്രക്രിയയെ ചലിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര സംരക്ഷണം ഭാവിക്കായി: അമിതാഭ് ബച്ചന്‍
ഫിലിം പ്രിസര്‍വേഷന്‍ ആന്‍ഡ് റിസ്റ്റോറേഷന്‍ ശില്‍പശാല തിരുവനന്തപുരത്ത് നടക്കുന്നത് ഒരു ചലച്ചിത്ര സംരക്ഷണ പ്രസ്ഥാനത്തിന് വിത്ത് പാകലാകുമെന്ന് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ അംബാസഡറും ബോളിവുഡ് ഇതിഹാസവുമായ അമിതാഭ് ബച്ചന്‍ പറഞ്ഞു. ‘അവിശ്വസനീയമാംവിധം സമ്പന്നവും കലാപരവുമായ സിനിമാ പാരമ്പര്യം ഉണ്ടായിരുന്നിട്ടും കേരളത്തിന് അവരുടെ അമൂല്യമായ ചലച്ചിത്ര പാരമ്പര്യം സംരക്ഷിക്കാന്‍ ഒരു ആര്‍ക്കൈവ് ഇല്ല. മലയാള സിനിമ ലോകമെമ്പാടും തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഫിലിം പ്രിസര്‍വേഷന്‍ എന്നത് ഭവിക്കായുള്ള പ്രവര്‍ത്തനമാണെന്ന് ചലച്ചിത്ര പ്രവര്‍ത്തകരും സര്‍ക്കാരും ഓര്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’
ഡിജിറ്റല്‍ ഫിലിമിന്റെ ആയുസ്സ് കാലം തീരുമാനിക്കട്ടെ: അടൂര്‍
പ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു: ”ഒപ്റ്റിക്കല്‍ ഫിലിം ഒരു നൂറ്റാണ്ടിലേറെയും അതിനപ്പുറവും നിയന്ത്രിത ഈര്‍പ്പത്തിലും ചൂടിലും അതിജീവിച്ചതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഡിജിറ്റല്‍ ഫിലിമിന്റെ ദീര്‍ഘായുസ്സ് ദീര്‍ഘകാലത്തെ അനുഭവത്തിലൂടെ പരിശോധിച്ചുറപ്പിച്ചിട്ടില്ല. തങ്ങളുടെ സിനിമകള്‍ക്ക് കൂടുതല്‍ ആയുസ്സ് ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആധുനിക സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് അവയെ ശാസ്ത്രീയമായി സെല്ലുലോയിഡിലേക്ക് മാറ്റണം. ഈ ശില്പശാല അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കെടുക്കുന്നവരെ സജ്ജരാക്കും.
കേരള സര്‍ക്കാര്‍, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലെ ഫ്രഞ്ച് അംബാസഡര്‍മാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഫ്രാന്‍സെയ് ഇന്ത്യ, അഡോബി, ദി ഫിലിം ഫൗണ്ടേഷന്‍സ് വേള്‍ഡ് സിനിമ പ്രൊജക്റ്റ്, പ്രസാദ് കോര്‍പറേഷന്‍, രസ ജയ്പൂര്‍, കൊഡാക്ക്എ ന്നിവയുടെ പിന്തുണയോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
ഫോട്ടോ – തിരുവനന്തപുരത്തു നടക്കുന്ന ശില്‍പ്പശാലയുടെ തീമില്‍ പ്രൊജക്റ്ററുമായി നില്‍ക്കുന്ന എലിപ്പത്തായത്തിലെ ജലജയുടെ കഥാപാത്രം. എലിപ്പത്തായത്തില്‍ എലിപ്പത്തായം പിടിച്ചു നില്‍ക്കുന്ന ജലജയുടെ കഥാപാത്രത്തിന്റെ ദൃശ്യം ഏറെ പ്രശസ്തമാണ്.
Photos of Mr. Dungarpur, etc: https://www.transfernow.net/dl/20241104IPZ2h9pC
https://youtu.be/ODJ3BsbliCI – Kamal Hassan’s quote on workshop
Thank you.
Please find here the link to download the details as requested –
Restoration details are available below – https://www.transfernow.net/dl/20241104IPZ2h9pC
Thamp – https://filmheritagefoundation.co.in/thamp-1978-restoration-project/
Kummatty – https://filmheritagefoundation.co.in/kummatty-1979-restoration-project/
Ghatashraddha – https://filmheritagefoundation.co.in/film-heritage-foundation-and-martin-scorseses-the-film-foundations-world-cinema-project-join-hands-to-restore-girish-kasaravallis-landmark-kannada-film-ghatashraddh/
Other restorations – https://filmheritagefoundation.co.in/preserving-our-film-heritage/restoration/
Reporter : Rammohan Paliyath