ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ആഗോള വിദഗ്ധര്‍ എത്തി, ഫിലിം റിസ്റ്റോറേഷന്‍ അന്താരാഷ്ട്ര ശില്‍പശാലയ്ക്ക് നവം 7 തുടക്കം

Spread the love

ഇന്ത്യന്‍ സിനിമാ ആര്‍ക്കൈവിംഗിന്റെ കുലപതിയായ പി കെ നായരുടെ നാട്ടില്‍ ശില്‍പ്പശാല നടത്തുന്നത് ഏറെ ആഹ്ലാദകരമെന്ന് ശിവേന്ദ്ര സിംഗ്ദുംഗാര്‍പൂര്‍.

മലയാളത്തിലും റിസ്റ്റോര്‍ ചെയ്ത പഴയ സിനിമകള്‍ വീണ്ടും തീയറ്റര്‍ റിലീസിനെത്തുന്ന ഇക്കാലത്ത് ഫിലിം റിസ്റ്റോറിംഗ് പരിശീലനത്തിന് ചരിത്രപരമായ ദൗത്യം നിറവേറ്റാനുണ്ടെന്നും ഇന്ത്യയില്‍ ആധുനിക സിനിമാ റിസ്റ്റോറിംഗിന് തുടക്കം കുറിച്ച ശിവേന്ദ്ര സിംഗ് പറഞ്ഞു.

അരവിന്ദന്‍, കെ ജി ജോര്‍ജ്, ജോണ്‍ എബ്രഹാം, പി കെ നായര്‍, അടൂര്‍ എന്നീ ക്ലാസ്‌റൂമുകള്‍

ശില്‍പ്പശാല വേദി കാണാന്‍ തീം നായിക ജലജ എത്തി

(നവം 7) വൈകീട്ട് 5ന് ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ്ബില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍, സയ്യിദ് അഖ്തര്‍ മിര്‍സ, സിനിമാതാരങ്ങളായ ഷീല, ജലജ, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും

നവംബര്‍ 14 വരെ നടക്കുന്ന ശില്‍പ്പശാല വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 67 പേര്‍ പങ്കെടുക്കുന്നു, യുഎസ്, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 20 ആര്‍ക്കൈവിസ്റ്റുകള്‍, കണ്‍സര്‍വേറ്റേഴ്‌സ് തുടങ്ങിയവര്‍ ശില്‍പ്പശാല നയിക്കും

ശില്‍പശാല പ്രധാനമെന്ന് വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസി, കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍.

————————————————————————————————————-

തിരുവനന്തപുരം: ഒമ്പതാമത് ഫിലിം പ്രിസര്‍വേഷന്‍ & റിസ്റ്റോറേഷന്‍ വര്‍ക്ക്ഷോപ്പ് ഇന്ത്യ 2024ന് (FPRWI 2024) ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. വൈകീട്ട് 5ന് ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ്ബില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍, സിനിമാതാരങ്ങളായ ഷീല, ജലജ, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങില്‍ സിനിമാചരിത്രകാരന്‍ എസ് തിയോടര്‍ ഭാസ്‌കരനെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കും. തുടര്‍ന്ന് നവംബര്‍ 14 വരെ കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ മള്‍ട്ടി പര്‍പ്പസ് കള്‍ച്ചറല്‍ കോംപ്ലക്സിലാണ് ശില്‍പശാല നടക്കുക.

ലോകപ്രസിദ്ധ ഫിലിം ആര്‍ക്കൈവിസ്റ്റും റിസ്‌റ്റോററും സംവിധായകനുമായ ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂരിന്റെ നേതൃത്വത്തില്‍ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ (എഫ്എച്ച്എഫ്) ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ആര്‍ക്കൈവ്‌സുമായി (എഫ്‌ഐഎഎഫ്) സഹകരിച്ചാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. ശില്‍പ്പശാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂര്‍ പറഞ്ഞു. മുഖ്യപ്രഭാഷണ വേദിയ്ക്കു പുറമെ അരവിന്ദന്‍, കെ ജി ജോര്‍ജ്, ജോണ്‍ എബ്രഹാം, പി കെ നായര്‍, അടൂര്‍ എന്നീ പേരുകളിലുള്ള ക്ലാസ്‌റൂമുകളും തയ്യാറായിക്കഴിഞ്ഞു. ഇന്ത്യന്‍ ഫിലിം ആര്‍ക്കൈവിംഗിന്റെ കുലപതിയായ പി കെ നായരുടെ നാട്ടില്‍ ശില്‍പ്പശാല നടത്തുന്നത് ഏറെ ആഹ്ലാദകരമെന്ന് ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂര്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 67 പേര്‍ പങ്കെടുക്കുന്ന ശില്‍പ്പശാലയില്‍ വിവിധ ആര്‍ക്കെവിംഗ്, റിസറ്റോറിംഗ് സങ്കേതങ്ങളില്‍ പരിശീലകരായെത്തുന്ന യുഎസ്, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 20 ആര്‍ക്കൈവിസ്റ്റുകള്‍, കണ്‍സര്‍വേറ്റേഴ്‌സ് തുടങ്ങിയവരും നഗരത്തിലെത്തിത്തുടങ്ങി. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്, ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, L’Immagine Ritrovata, Bologna, Institute National de l’Audiovisuel, Fondation Jérôme Seydoux – Pathé and Cineteca Portuguesa തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് എത്തുന്നത്. ഫിലിം റിസ്റ്റോറിംഗിനുള്ള സവിശേഷ മേശകളും ഉപകരണങ്ങളും മുബൈയില്‍ നിന്നും എത്തി.

ശില്‍പ്പശാലയുടെ തീമില്‍ ഇടം പിടിച്ച എലിപ്പത്തായത്തിലെ നായിക ജലജ ശില്‍പ്പശാലയുടെ ഒരുക്കങ്ങള്‍ കാണാന്‍ ഇന്നലെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ എത്തിയിരുന്നു. എലിപ്പത്തായത്തില്‍ എലിപ്പത്തായവുമായി നിന്നതിനു പകരം ശില്‍പ്പശാലയുടെ പോസ്റ്ററിലും പശ്ചാത്തലത്തിലും ഫിലിം പ്രൊജക്റ്ററുമായി നില്‍ക്കുന്ന തന്നെക്കണ്ട ജലജ കൗതുകം കൂറി. അടുത്തു നിന്ന് ചിത്രങ്ങളെടുത്തു. കുട്ടകളില്‍ മീനിനു പകരം ഫിലിം റോളുകളുമായി ഷീല ജീവന്‍ പകര്‍ന്ന കറുത്തമ്മയുടെ ചിത്രങ്ങളും തൊട്ടടുത്തുണ്ടായിരുന്നു.

മലയാളത്തിലും റിസ്റ്റോര്‍ ചെയ്ത പഴയ സിനിമകള്‍ വീണ്ടും തീയറ്റര്‍ റിലീസിനെത്തുന്ന ഇക്കാലത്ത് ഫിലിം റിസ്റ്റോറിംഗ് പരിശീലനത്തിന് ചരിത്രപരമായ ദൗത്യം നിറവേറ്റാനുണ്ടെന്നും ഇന്ത്യയില്‍ ആധുനിക സിനിമാ റിസ്റ്റോറിംഗിന് തുടക്കം കുറിച്ച ശിവേന്ദ്ര സിംഗ് പറഞ്ഞു. ബാക് റ്റു ദി ബിഗിനിംഗ് എന്ന പേരില്‍ ബച്ചന്‍ സിനിമകളുടെ റിസ്റ്റൊറേഷനോടെയായിരുന്നു തുടക്കം. തുടര്‍ന്ന് ദേവാനന്ദ്, നാഗേശ്വര റാവു തുടങ്ങിയവരുടെ ചിത്രങ്ങളും റിസ്‌റ്റോര്‍ ചെയ്ത് എത്തി. രാജ് കപൂര്‍, ശിവാജി ഗണേശന്‍ തുടങ്ങിയവരുടെ റിസ്റ്റോറിംഗാണ് തുടര്‍ന്ന് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമ, വീഡിയോ, ഓഡിയോ, ഡിജിറ്റല്‍ പ്രിസര്‍വേഷന്‍, ഫിലിം കണ്‍സര്‍വേഷന്‍ ആന്‍ഡ് റിസ്റ്റോറേഷന്‍, ഡിജിറ്റൈസേഷന്‍, ഡിസാസ്റ്റര്‍ റിക്കവറി, കാറ്റലോഗിംഗ്, പേപ്പര്‍, ഫോട്ടോഗ്രാഫ് കണ്‍സര്‍വേഷന്‍, പ്രോഗ്രാമിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും പരിശീലന സെഷനുകളുമുള്‍പ്പെടുന്നതാണ് ശില്പശാല. ക്ലാസുകള്‍ക്ക് ശേഷം റീസ്റ്റോര്‍ ചെയ്ത ലോകസിനിമകളുടെ പ്രദര്‍ശനമുണ്ടായിരിക്കും. ദി ജനറല്‍, മന്ഥന്‍, സെനഗലില്‍ നിന്നുള്ള ക്യാമ്പ് ഡെ തിയറോയെ, ഷാഡോസ് ഓഫ് ഫൊര്‍ഗോട്ടന്‍ ആങ്‌സെസ്‌റ്റേഴ്‌സ്, ഫെല്ലിനിയുടെ വിശ്വവിഖ്യാതമായ എയ്റ്റ് ആന്‍ഡ് ഹാഫി, ലെ സമുറായ് തുടങ്ങി ഈയിടെ റിസ്‌റ്റോര്‍ ചെയ്യപ്പെട്ട ചിത്രങ്ങളാണ് ശ്രീ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്. വിപണിയില്‍ എത്തുന്നതിനു മുമ്പാണ് ഈ ചിത്രങ്ങള്‍ ഇപ്പോള്‍ ശില്‍പ്പശാലയുടെ ഭാഗമായി പ്രദര്‍ശനത്തിനെത്തുന്നത്. ഇവ റിസ്റ്റോര്‍ ചെയ്യുന്നതിന് നേതൃത്വം നല്‍കിയവരില്‍ ലോകപ്രശസ്ത ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസി ഒഴിച്ചുള്ളവരെല്ലാം ശില്‍പ്പശാലയിലെത്തുന്നുണ്ട്.

2015 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ശില്‍പശാലകളില്‍ 400-ലധികം പേര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.

തുടക്കക്കാരായ ഫിലിം ആര്‍ക്കൈവ് ജീവനക്കാര്‍, ആര്‍ക്കൈവിംഗിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഓഡിയോ-വിഷ്വല്‍ പ്രൊഫഷണലുകള്‍, മീഡിയയും അനുബന്ധ വിഷയങ്ങളും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, ഓഡിയോ-വിഷ്വല്‍ ആര്‍ക്കൈവിംഗില്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ തുടങ്ങിയ 67 പേരാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഇവരില്‍ 30 പേര്‍ കേരളത്തില്‍ നിന്നും ബാക്കിയുള്ളവര്‍ കേരളത്തിനും ഇന്ത്യയ്ക്കും പുറത്തു നിന്നുള്ളവരുമാണ്. ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, യുകെ, റുമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം ശ്രീലങ്കയില്‍ നിന്നുള്ള 12 അംഗ സംഘവുമുണ്ട്.

യാഥാര്‍ത്ഥ്യത്തെ ഏറ്റവും കൃത്യമായി അവതരിപ്പിക്കുന്നത് റിസ്‌റ്റോര്‍ ചെയ്ത സിനിമകളാണ്

ഒടിടി ചാനലുകളിലും യുട്യൂബിലും സിനിമകള്‍ കാണാനുള്ളപ്പോള്‍ എന്തിനാണ് ഫിലിം റിസ്റ്റോറിംഗ് എന്നു ചോദിക്കുന്നവരുണ്ടെന്ന് ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂര്‍ പറഞ്ഞു. അവ ഒരിക്കലും തീയറ്ററുകളുടെ വലിയ സ്‌ക്രീനുകളില്‍ പ്രൊജക്റ്റ് ചെയ്യാനാവില്ല. യാഥാര്‍ത്ഥ്യത്തെ ഏറ്റവും കൃത്യമായി അവതരിപ്പിക്കുന്നത് റിസ്‌റ്റോര്‍ ചെയ്ത സിനിമകളാണെന്ന വ്യത്യാസവുമുണ്ട്. റിസ്‌റ്റോര്‍ ചെയ്യപ്പെട്ട പഴയ സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ അതിന്റെ വ്യത്യാസം മനസ്സിലാകും. ഡിജിറ്റലായി എടുത്ത സിനിമകളില്‍ എന്‍ഹാന്‍സ് ചെയ്ത അതിയാഥാര്‍ത്ഥ്യമാണുള്ളത്.

ഫോട്ടോ – 1) വിവിധ ക്ലാസ്‌റൂമുകള്‍

2) തിരുവനന്തപുരത്തു നടക്കുന്ന ശില്‍പ്പശാലയുടെ ഒരുക്കങ്ങള്‍ കാണാന്‍ ശില്‍പ്പശാലയുടെ തീമില്‍ ഇടം പിടിച്ച എലിപ്പത്തായത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച ജലജ എത്തിയപ്പോള്‍.

Rammohan Paliyath

Author

Leave a Reply

Your email address will not be published. Required fields are marked *