സ്വതന്ത്രാഭിപ്രായവും നിലപാടുമുള്ള പുതുതലമുറ വളരണമെന്ന് ആഗ്രഹിച്ച നേതാവാണ് ആര്‍.ശങ്കര്‍ : കെ.സുധാകരന്‍ എംപി

Spread the love

രാഷ്ട്രീയത്തില്‍ സ്വതന്ത്രാഭിപ്രായത്തിനും നിലപാടിനും അതിന്റേതായ സ്ഥാനമുണ്ടെന്നും അത്തരത്തില്‍പുതുതലമുറ പൊതുരംഗത്ത് വളര്‍ന്ന് വരണമെന്നും ആഗ്രഹിച്ച നേതാവായിരുന്നു ആര്‍.ശങ്കറെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പാലക്കാട് ഡിസിസിയില്‍ സംഘടിപ്പിച്ച ആര്‍.ശങ്കര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കളിലൊരാളാണ് ആര്‍.ശങ്കര്‍.സാമുദായിക-രാഷ്ട്രീയ നേതൃത്വ രംഗത്ത് കഴിവും പ്രാഗത്ഭ്യവും തെളിയിച്ചു. മുഖ്യമന്ത്രി പദവി, ധനകാര്യം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ മന്ത്രി, കെപിസിസി അധ്യക്ഷന്‍, എസ്.എന്‍.ഡിപി യോഗം ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ ധീരമായി പ്രവര്‍ത്തിച്ച് ചരിത്രം സൃഷ്ടിച്ചു. വിദ്യാഭ്യാസ പരിഷ്‌ക്കരണം, വ്യവസായവത്ക്കരണം,വൈദ്യുതോല്‍പാദനം തുടങ്ങിയവ ആര്‍.ശങ്കര്‍ എന്ന ഭരണാധികാരിയുടെ ഇച്ഛാശക്തിയുടെയും ദീര്‍ഘവീക്ഷണത്തിന്റെയും ബാക്കിപത്രങ്ങളാണ്.

വിമോചനസമരത്തിലൂടെ പാര്‍ട്ടിക്ക് അദ്ദേഹം പകര്‍ന്നു നല്‍കിയ ഊര്‍ജ്ജവും സംസ്ഥാന അധ്യക്ഷനായിരുന്ന കാലത്ത് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുന്നതില്‍ നടത്തിയ ഇടപെടലുകളും സംഘടനാ ചരിത്രത്തിലെ സുവര്‍ണ്ണരേഖകളാണ്.ജാതീയ അധീശത്വങ്ങള്‍ക്കെതിരെ പോരാടിയ ആര്‍.ശങ്കര്‍ പിന്നാക്ക അവശജന വിഭാഗങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനും നിസ്തുലമായ സേവനം അനുഷ്ഠിച്ചു. ആധുനിക കേരളത്തിന്റെ ഗതിവിഗതികള്‍ രൂപപ്പെടുത്തുന്നതിലും നിയന്ത്രിക്കുന്നതിലും ആര്‍.ശങ്കര്‍ മുഖ്യപങ്കുവഹിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഭരണാധികാരിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്നു ആര്‍.ശങ്കറെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. തലയെടുപ്പോടെ രാഷ്ട്രീയ-സാമുദായിക സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. ശ്രീനാരായണീയ പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ സുത്യര്‍ഹമായ പങ്കുവഹിച്ചു. മുഖ്യമന്ത്രി പദത്തിലിരിക്കെ നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പാക്കി. ഭൂപരിഷ്‌ക്കരണം നിയമം പാസ്സാക്കിയത് അദ്ദേഹത്തിന്റെ സര്‍ക്കാരാണെന്നും വിഡി സതീശന്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍,മുന്‍ മന്ത്രി കെ.സി.ജോസഫ്, കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു, അടൂര്‍ പ്രകാശ് എംപി എന്നിവര്‍ സംസാരിച്ചു. എഐസിസി സെക്രട്ടറി പിവി മോഹന്‍, കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലീബ്, മുന്‍മന്ത്രി ഡൊമനിക് പ്രസന്റേഷന്‍,സി വി ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആര്‍.ശങ്കറിന്റെ ചരമവാര്‍ഷിക ദിനം കോണ്‍ഗ്രസ് വിപുലമായി ആചരിച്ചു.ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായും ആര്‍.ശങ്കര്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍,സാഹിത്യ-സാംസ്‌കാരിക മേഖയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ആര്‍.ശങ്കര്‍ അനുസ്മരണ സമ്മേളനത്തിലും പുഷ്പാര്‍ച്ചനയിലും പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *