വിപിഎസ് ലേക്‌ഷോറിലെ ചികിത്സയിലൂടെ അപൂർവ രോഗത്തിന് വിരാമം.
കൊച്ചി : ജീവിതത്തിൽ കടമ്പകൾ സാധാരണമാണ്. എന്നാൽ ജന്മനാ കൈഫോസ്കോളിയോസിസ് ബാധിച്ച കൊടുങ്ങല്ലൂർ സ്വദേശിനി ഷെറിൻ രാജിൻ്റെ ജീവിതത്തിലെ കടമ്പകളും വെല്ലുവിളികളും അത്ര സാധാരണമായിരുന്നില്ല.
തൊറാസിക് സ്പൈനിന്റെ കശേരുക്കൾ പൂർണമായി രൂപപ്പെടാതെയാണ് ഷെറിൻ ജനിച്ചത്. ഈ അവസ്ഥ നട്ടെല്ലിൽ അസാധാരണമായ ഒരു വളവിന് കാരണമായി. വളരുന്തോറും ഈ വളവ് ഷെറിന്റെ നട്ടെല്ലിൻ്റെ വളർച്ചയെ തടസ്സപ്പെടുത്തുകയും സുഷുമ്നാ നാഡിയെ ഞെരുക്കുന്ന അവസ്ഥയിലേക്കും നയിച്ചു. ഒടുവിൽ കൗമാരപ്രായത്തിന്റെ തുടക്കത്തിൽതന്നെ വീൽചെയറിൽ.
സുഷുമ്നാ നാഡി അതീവ ഗുരുതരമായ അവസ്ഥയിൽ, രണ്ട് കാലുകൾക്കും ബലഹീനത എന്നിവയുമായി ഷെറിൻ വീൽചെയറിനെ ആശ്രയിച്ച് സ്വപ്നങ്ങളും ചികിത്സയുമായി മുന്നോട്ട്.
പഠിച്ച് ഡോക്ടറാകണമെന്നായിരുന്നു പരിമിതികൾക്കിടയിലും ഷെറിന്റെ ആഗ്രഹം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി ആശുപത്രികളിൽ ചികിത്സ തേടിയ ഷെറിൻ 2017 ജൂലൈയിൽ പതിമൂന്നാം വയസ്സിലാണ് വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിൽ എത്തുന്നത്. നട്ടെല്ല് ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ആർ.കൃഷ്ണകുമാറിൻ്റെ വിദഗ്ധ മാർഗനിർദേശപ്രകാരം ഷെറിൻ പുതിയ ചികിത്സ ആരംഭിച്ചു. “രണ്ടു കാലുകളും പൂർണമായി തളരുന്നതിൻ്റെ അവസാന ഘട്ടത്തിലായിരുന്നു ഷെറിൻ. സുഷുമ്നാ നാഡിയുടെ ഞെരുക്കം ഒഴിവാക്കാൻ അടിയന്തിര ശസ്ത്രക്രിയ ആവശ്യമായിരുന്നു. അത് ചെയ്തില്ലായിരുന്നുവെങ്കിൽ ജീവിതകാലം മുഴുവനും വീൽചെയറിൽ കഴിയേണ്ടി വന്നേനെ,” ഡോ. കൃഷ്ണകുമാർ ഏഴ് വർഷം മുമ്പത്തെ ഓർമ പങ്കുവച്ചു.
സുഷുമ്നാ നാഡിയെ ഞെരുക്കുന്ന അസ്ഥി നീക്കം ചെയ്യുന്നതി നോടൊപ്പം, വളവ് നിവർത്തുന്ന സങ്കീർണ്ണമായ കൈഫോസ്കോളിയോസിസ് കറക്ടീവ് ശസ്ത്രക്രിയ
ഡോ. കൃഷ്ണകുമാർ നടത്തി. നൂതന ന്യൂറോ മോണിറ്ററിംഗ് ടെക്നിക്കുകൾ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയിൽ നട്ടെല്ലിൻ്റെ വളവ് നിവർത്താൻ ടൈറ്റാനിയം സ്ക്രൂകളും കോബാൾട്ട്-ക്രോമിയം റോഡും സ്ഥാപിച്ചു. എംആർഐ കംപാറ്റിബിൾ ആയ ഇംപ്ലാൻ്റുകൾ ജീവിതകാലം മുഴുവൻ നിലനിൽക്കും. ഇത് ഷെറിന് ഒടുവിൽ വേദനയില്ലാത്ത ഒരു ജീവിതം നൽകി.
“കൈഫോസ്കോളിയോസിസ്, പ്രത്യേകിച്ച് അതിൻ്റെ ഗുരുതരമായ ഘട്ടങ്ങളിൽ, ഒരു സാധാരണ ജീവിതം നയിക്കാനുള്ള രോഗിയുടെ കഴിവിനെ സാരമായി ബാധിക്കും,” ഡോ. കൃഷ്ണകുമാർ പറഞ്ഞു. “എന്നാൽ ശരിയായ ചികിത്സയിലൂടെ നമുക്ക് അത് ഒഴിവാക്കി പുതുജീവിതം നല്കാൻ കഴിയും. ഷെറിൻ്റെ അവസ്ഥയ്ക്ക് കൃത്യതയും വൈദഗ്ധ്യവും ആവശ്യമായിരുന്നു, സ്വപ്നങ്ങൾ പിന്തുടരാൻ തയ്യാറായി നിൽക്കുന്ന അവളെ ഇന്ന് കാണുന്നത് എല്ലാവര്ക്കും അഭിമാനത്തിൻ്റെ നിമിഷമാണ്”. അദ്ദേഹം കൂട്ടിച്ചേർത്തു.
ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തിന്റെ ബുദ്ധിമുട്ടുകൾ കുറഞ്ഞപ്പോൾ ഷെറിൻ തൻ്റെ ശ്രദ്ധ പഠനത്തിലേക്ക് തിരിച്ചു. ഒടുവിൽ സ്വപ്നം കണ്ടതുപോലെ ഡോക്ടറാകാനുള്ള ഒരുക്കത്തിലാണ് ഷെറിൻ. എംബിബിഎസ് ബിരുദ പഠനം തുടങ്ങാനൊരുങ്ങുകയാണ് ഈ മിടുക്കി.
“ഈ ശസ്‌ത്രക്രിയ എനിക്ക് വീണ്ടും സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം നൽകി,” ഷെറിൻ പറഞ്ഞു. “എനിക്ക് ഒരു ഡോക്ടറാകാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇപ്പോൾ, ഞാൻ എൻ്റെ എംബിബിഎസ് ബിരുദ പഠനം ആരംഭിക്കുകയാണ്, ഡോ. കൃഷ്ണകുമാർ എന്നെ സഹായിച്ചതു പോലെ മറ്റുള്ളവരെ എനിക്കും സഹായിക്കണം” ഷെറിൻ പറഞ്ഞു.
“അത്യാധുനിക ചികിത്സകൾക്കും കാരുണ്യ പരിചരണത്തിനും പേരുകേട്ട വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ എല്ലാ ദിവസവും അത്ഭുതങ്ങൾ സംഭവിക്കുന്ന ഒരിടമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. മെഡിക്കൽ വിദ്യാർത്ഥിനിയായി ഷെറിൻ തൻ്റെ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. വഴിയിൽ തടസ്സങ്ങൾ നേരിടുന്ന എല്ലാവരിലും ഷെറിന്റെ കഥ പ്രത്യാശ പകരും, ”മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ.എച്ച്.രമേഷ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജയേഷ് വി നായർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
photo 1: കൈഫോസ്കോളിയോസിസ് രോഗത്തിൽ നിന്നും മുക്തയായ മെഡിക്കൽ വിദ്യാർത്ഥിയായായ ഷെറിൻ രാജിന് ഡോക്ടർ ആർ കൃഷ്ണ കുമാർ ലേക്‌ഷോർ എം ഡി എസ് കെ അബ്ദുള്ളയുടെ സാന്നിധ്യത്തിൽ സ്തെതസ്കോപ്പ് സമ്മാനമായി നൽകുന്നു.
photo 2 കൈഫോസ്കോളിയോസിസ് രോഗത്തിൽ നിന്നും മുക്തയായി മെഡിക്കൽ വിദ്യാർത്ഥിയായായ ഷെറിൻ രാജിന് ലേക്‌ഷോർ ഹോസ്പിറ്റൽ അധികൃതർ സ്വീകരണം നൽകിയപ്പോൾ. (ഇടതു നിന്ന് ) കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ മാനേജർ അനിൽകുമാർ ടി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജയേഷ് വി നായർ, മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ.എച്ച്.രമേഷ്, ലേക്‌ഷോർ എം ഡി എസ് കെ അബ്ദുള്ള, ഷെറിൻ രാജ്, ഷെറിന്റെ ‘അമ്മ സോളി രാജു എന്നിവർ.
Reporter : Rammohan Paliyath