പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (09/11/2024)
പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് പറഞ്ഞ എം.വി ഗോവിന്ദന്റെ ഭാര്യ പി.പി ദിവ്യയെ സ്വീകരിക്കാന്‍ പോയത് സി.പി.എമ്മിന്റെ കാപട്യം; പ്രശാന്തന്‍ ആരുടെ ബിനാമിയെന്ന് അന്വേഷിച്ചാല്‍ നിരവധി രഹസ്യങ്ങള്‍ പുറത്തുവരും; വയനാട്ടില്‍ കേടായ അരി വിതരണം ചെയ്തതു സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം; സര്‍ക്കാരിന്റെ തെറ്റ് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും പഞ്ചായത്ത് ഭരണസമിതിയുടെ മേല്‍ കെട്ടിവയ്ക്കുന്നു; സംഘ്പരിവാര്‍ അജണ്ട വഖഫ് ബോര്‍ഡ് വഴി നടപ്പാക്കുന്നതിന് മുഖ്യമന്ത്രി കുടപിടിക്കുന്നു; സര്‍ക്കാര്‍ ഇല്ലായ്മ കേരളത്തിന്റെ ദൗര്‍ഭാഗ്യം.
കൊല്ലപ്പെട്ട എ.ഡി.എമ്മിന്റെ വീട്ടില്‍ പോയി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് സി.പി.എം എന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യയാണ് പി.പി ദിവ്യയെ സ്വീകരിക്കാന്‍ ജയിലില്‍ പോയത്. സി.പി.എമ്മെന്ന പാര്‍ട്ടി തന്നെ തട്ടിപ്പാണ്. പാര്‍ട്ടി നേതാവായ ഭര്‍ത്താവ് പറയുന്നത് ഇരയുടെ കുടുംബത്തിനൊപ്പമെന്ന്; വേട്ടക്കാരിയെ ജയിലില്‍ നിന്നും സ്വീകരിക്കുന്നത് പാര്‍ട്ടി നേതാവായ ഭാര്യ; ഇതാണ് കേരളത്തിലെ സി.പി.എമ്മിന്റെ മുഖം. എന്തൊരു കാപട്യമാണ് സി.പി.എം എന്ന പാര്‍ട്ടി?
പ്രശാന്തന്‍ ആരുടെ ബിനാമിയാണ്? എന്തിനാണ് എം.വി ഗോവിന്ദന്റെ സഹധര്‍മ്മിണി വളരെ വിഷമത്തോടെ ദിവ്യയെ സ്വീകരിക്കാന്‍ ജയിലില്‍ പോയത്? കൈക്കൂലി നല്‍കിയെന്ന് പറഞ്ഞിട്ടും വ്യാജരേഖ ചമച്ചെന്നു ബോധ്യമായിട്ടും എന്തുകൊണ്ടാണ് പ്രശാന്തനെതിരെ കേസെടുക്കാത്തത്? ഒരുപാട് ദുരൂഹതകള്‍ ഉണ്ടാക്കുന്ന പങ്കാണ് പി.പി ദിവ്യയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സി.പി.എമ്മിനുള്ളത്. സി.പി.എം ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാെമാണെന്ന് വ്യക്തമായിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ സ്വീകരിക്കാന്‍ പോയിട്ടാണ് പി.പി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടി എടുത്തെന്ന് പറയുന്നത്. പാര്‍ട്ടി അച്ചടക്ക നടപടി എടുത്ത് തരംതാഴ്ത്തിയ ഒരാളെ സ്വീകരിക്കാന്‍ സി.പി.എം ഉന്നത നേതാക്കള്‍ പോയത് എന്തിനാണ്? പി.പി ദിവ്യയെ സി.പി.എം ഭയപ്പെടുന്നുണ്ടോ? ആരുടേതാണ് പെട്രോള്‍ പമ്പ്? ആരുടെ ബിനാമിയാണ് പ്രശാന്തന്‍ എന്ന് അന്വേഷിച്ചാല്‍ ഒരുപാട് രഹസ്യങ്ങള്‍ പുറത്തുവരും.
കളക്ടറുടെ മൊഴിയാണ് ജാമ്യം നല്‍കാനുള്ള പ്രധാന കാരണം. മുഖ്യമന്ത്രിയെ കളക്ടര്‍ കണ്ടതിനു ശേഷമാണ് കള്ളമൊഴി പറഞ്ഞത്. നവീന്‍ ബാബു അഴിമതിക്കാരനാണോയെന്ന് സംശയം ഉണ്ടാക്കുന്നതാണ് കളക്ടറുടെ മൊഴി. ആദ്യം വ്യാജരേഖ ചമച്ചത് എ.കെ.ജി സെന്ററിലാണ്. എന്നിട്ടും വ്യാജ പരാതി കൊടുത്ത പ്രശാന്തനെതിരെ അന്വേഷണമോ കേസോ ഇല്ല. പ്രശാന്തന്‍ പ്രധാനപ്പെട്ട ചിലരുടെ ബിനാമിയാണ്. അതുകൊണ്ട് തൊടാന്‍ പറ്റില്ല. ദിവ്യ ഒന്നും പുറത്തു പറയാതിരിക്കുന്നതിനു വേണ്ടിയാണ് പാര്‍ട്ടി സെക്രട്ടറിയുടെ സഹധര്‍മ്മിണി നേരിട്ടെത്തി സ്വീകരിച്ചത്. പെട്രോള്‍ പമ്പ് പ്രശാന്തന്റെ അല്ലെന്ന് എല്ലാവര്‍ക്കും അറിയാം. അയാളുടെ പുറകില്‍ ഉന്നതരായ സി.പി.എം നേതാക്കളുണ്ട്.
വയനാട്ടില്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്ത അരി കേടായതു സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. മേപ്പാടി പഞ്ചായത്താണ് ഉത്തരവാദിയെന്നു മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. മേപ്പാടി പഞ്ചായത്ത് ഒരു ഭക്ഷ്യസാധനവും വിതരണം ചെയ്തിട്ടില്ല. റവന്യൂ അതോറിട്ടികള്‍ നല്‍കിയ ഭക്ഷ്യസാധനങ്ങളാണ് പഞ്ചായത്ത് വിതരണം ചെയ്തത്. നവംബര്‍ ഒന്ന് റവന്യൂ വകുപ്പ് വിതരണം ചെയ്ത 815 അരിച്ചാക്കുകളില്‍ 17 എണ്ണം പുഴുക്കുത്തുള്ളതായിരുന്നു. ഒക്ടോബര്‍ 15-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം ബാധകമായി. ഇതോടെ പഞ്ചായത്ത് അംഗങ്ങളോ ഭരണസമിതിയോ ഒരു സാധനങ്ങളും വിതരണം ചെയ്തിട്ടില്ല.
കളക്ടറേറ്റില്‍ നിന്നും എത്തിക്കുന്ന സാധനങ്ങള്‍ ഉദ്യോഗസ്ഥരാണ് വിതരണം ചെയ്യുന്നത്. എന്നിട്ടും എന്തിനാണ് മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നത്? പരിശോധന നടത്താതെയാണ് റവന്യൂ വകുപ്പ് ദുരന്തബാധിതര്‍ക്കുള്ള സാധനങ്ങള്‍ കൊടുത്തയച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം നവംബര്‍ ഒന്നിന് വിതരണം ചെയ്ത സാധനങ്ങള്‍ കേടുവന്നതിന് മേപ്പാടി പഞ്ചായത്ത് എങ്ങനെ ഉത്തരവാദിയാകും. സര്‍ക്കാര്‍ നല്‍കിയ സാധനങ്ങള്‍ അല്ലാതെ മേപ്പാടി പഞ്ചായത്ത് സ്വന്തം നിലയ്ക്ക് ഒരു സാധനവും വാങ്ങിയിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് മറച്ചുവയ്ക്കാന്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഈ തെറ്റ് യു.ഡി.എഫ് പഞ്ചായത്ത് സമിതിയുടെ മേല്‍ കെട്ടിവയ്ക്കുകയാണ്.
ഈ സര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍മാര്‍ തമ്മിലും കൂട്ട അടിയാണ്. പൊലീസിലും ഐ.എ.എസിലുമൊക്കെ കൂട്ട അടിയാണ്. ജയതിലകിന്റെയും പ്രശാന്തിന്റെയും പരസ്പര ആരോപണങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വ്യവസായ ഡയറക്ടര്‍ ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണോ കേരളത്തിലെ മുഖ്യമന്ത്രി? അദ്ദേഹത്തിന് ഭരണത്തില്‍ എന്തെങ്കിലും നിയന്ത്രണമുണ്ടോ? പൊലീസില്‍ ആര്‍.എസ്.എസ് നുഴഞ്ഞു കയറിയെന്ന് ആരോപണം ഉന്നയിച്ചത് സി.പി.ഐ നേതാവ് ആനി രാജയാണ്. ഐ.എ.എസിലും ആര്‍.എസ്.എസ് നുഴഞ്ഞുകയറിയെന്ന വാര്‍ത്ത വന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. ഉത്തര്‍പ്രദേശിലേതു പോലെയാണ് കേരളത്തിലും നടക്കുന്നത്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും അനുമതിയോടെയാണോ ഇതെല്ലാം നടക്കുന്നത്? സര്‍ക്കാര്‍ ഇല്ലായ്മയാണ് ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതാണ് കേരളത്തിന്റെ ദൗര്‍ഭാഗ്യം.
ക്രൈസ്തവ-മുസ്ലീം ഭിന്നത ഉണ്ടാക്കുകയെന്ന സംഘ്പരിവാര്‍ അജണ്ട വഖഫ് ബോര്‍ഡ് വഴി നടപ്പാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുടപിടിച്ചു കൊടുക്കുകയാണ്. കേരളത്തിലെ മുഴുവന്‍ മുസ്ലീസംഘടനകളും അവകാശവാദം ഉന്നയിക്കാത്ത ഭൂമിയിലാണ് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്നത്. ഫറൂഖ് കോളജ് മാനേജ്‌മെന്റും വഖഫ് ഭൂമി അല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞതു പോലെ ഒരു സങ്കീര്‍ണമായ നിയമപ്രശ്‌നവും ഇതിലില്ല. വഖഫ് ഭൂമി അല്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചാല്‍ തന്നെ ഈ പ്രശ്‌നം അവസാനിക്കും. എന്നാല്‍ അതിനു തയാറാകാതെ പല ഭൂമിയും വഖഫ് ആണെന്നു പറയുകയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം പിണറായിയും സി.പി.എമ്മും ന്യൂനപക്ഷ വര്‍ഗീയതയെ വിട്ട് ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇതും.