സംസ്ഥാനസ്‌കൂള്‍ കായികമേളക്ക് ഉജ്ജ്വല സമാപനം: കായിക കേരളത്തിന്റെ പ്രൗഢി തിരിച്ചു പിടിക്കുമെന്ന് മുഖ്യമന്ത്രി

Spread the love

കായികരംഗത്ത് കേരളത്തിനു നഷ്ടപ്പെട്ട പ്രൗഢി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാരെന്ന് എറണാകുളം മഹാരാജാസ് കോളേജിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂൾ കായികമേളയിലൂടെ ഉയർന്നുവരുന്ന താരങ്ങളിൽ പലരും പിന്നീട് കായികരംഗത്ത് നിന്നും അപ്രത്യക്ഷരാകുന്നുണ്ട്. ഒരു കാലത്ത് ഇന്ത്യൻ കായികരംഗത്തിന് ശ്രദ്ധേയ സംഭാവനകൾ നൽകിയ നാടായിരുന്നു കേരളം. വനിതാ ഒളിമ്പ്യന്മാരെയടക്കം സൃഷ്ടിച്ച നാടാണ് നമ്മുടേത്. പിന്നീടെപ്പോഴോ കായികരംഗത്തിന് പിന്നോട്ടുപോക്ക് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പങ്കെടുത്ത കായികതാരങ്ങളുടെ എണ്ണം നോക്കിയാൽ ലോകത്തെ ഏറ്റവും വലിയ കായികമേളകളിലൊന്നാണീ സംസ്ഥാന സ്‌കൂൾ കായികമേള. 2016 ലാണ് കായികമേളയെ ‘കായികോത്സവം’ എന്ന നിലയിലേക്ക് നമ്മൾ പരിവർത്തനപ്പെടുത്തിയത്. ഇത്തവണ മുതലാണ് ഒളിമ്പിക്‌സ് മാതൃകയിൽ കേരള സ്‌കൂൾ കായികമേള’ എന്ന പേരിൽ കായികോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ഈ മാതൃകയിൽ വളരെ സമഗ്രവും വിശാലവുമായ രീതിയിൽ കായികമേള സംഘടിപ്പിക്കുന്നത്. നൂതന സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തി മത്സരവിധി നിർണയത്തിൽ കൃത്യത പുലർത്താൻ മേളയ്ക്ക് കഴിഞ്ഞു-മുഖ്യമന്ത്രി പറഞ്ഞു.
ഇൻക്ലൂസീവ് സ്‌പോർട്‌സ് എന്ന ആശയത്തിലൂടെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കായികമായ കഴിവുകൾ മാറ്റുരയ്ക്കാനുള്ള വേദിയായി. ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിൽ സംഭാവന നൽകാൻ ഇത്തരം ഇടപെടലുകൾക്ക് കഴിയും. സ്‌പോർട്‌സിൽ കഴിവും താൽപര്യവും ശേഷികളും വളർത്തുന്നതിനോടൊപ്പം അക്കാദമിക വളർച്ചക്കാവശ്യമായ അവസരങ്ങളും നൽകേണ്ടതുമുണ്ട്. അതിന്റെ ഭാഗമായി എസ് സി ഇ ആർ ടിയുടെ നേതൃത്വത്തിൽ കേരള സ്‌പോർട്‌സ് സ്‌കൂൾ പാഠ്യപദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. കായിക മേഖലയ്ക്കുവേണ്ട നയപരമായ ഇടപെടലുകളും അടിസ്ഥാനസൗകര്യ വികസനവും നടപ്പാക്കിവരികയാണ്. കിഫ്ബി ഫണ്ട് അടക്കം ഉപയോഗിച്ച് 2,500 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് കായിക മേഖലയിൽ നടപ്പാക്കിവരുന്നത്. ഇതിന്റെ ഭാഗമായി നിരവധി കായിക സമുച്ചയങ്ങളുടെ നിർമ്മാണം നടന്നുവരുന്നു. ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂളിൽ 30 കോടി രൂപയുടെയും കണ്ണൂർ, കുന്നംകുളം സ്‌പോർട്‌സ് ഡിവിഷനുകളിൽ 10 കോടി രൂപയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കായിക വകുപ്പിന്റെ ആസ്ഥാനമന്ദിരമെന്ന നിലയിൽ കായികഭവന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയും ആവിഷ്‌ക്കരിച്ചു നടപ്പാക്കി വരുകയാണ്. കായികരംഗത്തെ മുന്നേറ്റം ലക്ഷ്യംവെച്ച് പുതിയ കായികനയത്തിന് രൂപം നൽകി. അടിസ്ഥാന സൗകര്യവികസനം ലക്ഷ്യം വെച്ചുകൊണ്ട് സ്‌പോർട്‌സ് ഇക്കോണമി മിഷൻ എന്ന പുരോഗമനപരമായ കാഴ്ചപ്പാടും മുന്നോട്ടുവെച്ചു.രാജ്യത്ത് ആദ്യമായി കായിക ഉച്ചകോടി സംഘടിപ്പിക്കുന്ന സംസ്ഥാനമായി കേരളം മാറി. കായിക രംഗത്തേക്ക് 5,050 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാൻ ഇതിലൂടെ കഴിഞ്ഞു. കായിക ഉച്ചകോടിയിലെ ധാരണപ്രകാരം ഖത്തർ ആസ്ഥാനമായ എൻ ബി എഫ് അക്കാദമിയുമായി ചേർന്നുള്ള കായികക്ഷമതാ വികസന പരിപാടിക്ക് തുടക്കമായി. സ്‌പോർട്‌സ് ബിസിനസ് രംഗത്തെ പ്രമുഖരായ ഡെക്കാത്ത്‌ലണുമായി ചേർന്ന് ‘ഒരു സ്‌കൂൾ, ഒരു ഗെയിം’ പദ്ധതി ആരംഭിച്ചു. 80 സ്‌കൂളുകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കിയത്.ഏഴു ജില്ലകളിൽ ഓപ്പൺ ജിം ആരംഭിച്ചു. വിവിധ ജില്ലകളിലായി എട്ടു സ്‌പോർട്‌സ് ലൈഫ് ഫിറ്റ്നസ് സെന്ററുകൾ ആരംഭിച്ചു. കളിക്കളങ്ങളുടെയും സ്റ്റേഡിയങ്ങളുടെയും പരിപാലനത്തിനായി സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ രൂപീകരിച്ചു. അഞ്ചു വർഷം കൊണ്ട് അഞ്ചു ലക്ഷം കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്നതിനുള്ള ഗോൾ പദ്ധതി ആരംഭിച്ചു. ആദ്യഘട്ടത്തിൽ 1,000 കേന്ദ്രങ്ങളിലായി ഒരു ലക്ഷം പേർക്ക് പരിശീലനം നൽകി. വിദഗ്ദ്ധ പരിശീലനത്തിന് 140 നിയോജക മണ്ഡലങ്ങളിൽ ഓരോ കേന്ദ്രം തുടങ്ങി. തെരഞ്ഞെടുത്ത 30 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. അത്‌ലറ്റിക്‌സ് പരിശീലനത്തിന് സ്‌കൂളുകളിൽ സ്പ്രിന്റ് പദ്ധതി ആരംഭിച്ചു. ജൂഡോ പരിശീലനത്തിന് ജൂഡോക്കോ എന്ന പദ്ധതിയും ബോക്‌സിങ്ങ് പരിശീലനത്തിന് പഞ്ച് പദ്ധതിയും സ്‌കൂൾ തലത്തിൽ ആരംഭിച്ചു. ബോക്‌സിങ് പരിശീലനം അഞ്ചു കേന്ദ്രങ്ങളിലും ജൂഡോ 10 കേന്ദ്രങ്ങളിലുമാണ് തുടങ്ങിയത്. ബാസ്‌ക്കറ്റ്‌ബോൾ പരിശീലനത്തിന് ഹൂപ്‌സ് പദ്ധതി തുടങ്ങി. കായിക ഡയറക്ടറേറ്റിന്റെയും സ്‌പോർട്‌സ് കൗൺസിലിന്റെയും നേതൃത്വത്തിൽ മൂന്ന് ഫുട്‌ബോൾ അക്കാദമികൾ ആരംഭിച്ചു. ഇതിൽ രണ്ടെണ്ണം പെൺകുട്ടികൾക്കു വേണ്ടി മാത്രമുള്ളതാണ്. ലോകത്തെ പ്രമുഖ ക്ലബ്ബായ എ.സി. മിലാനുമായി ചേർന്ന് ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂളിൽ ഫുട്‌ബോൾ അക്കാദമി തുടങ്ങി. കഴിഞ്ഞ ഏഴു വർഷത്തിനിടെ സ്‌പോർട്‌സ് ക്വാട്ടയിൽ 710 കായികതാരങ്ങൾക്കാണ് നിയമനം നൽകിയത്. രണ്ട് ഒളിമ്പിക്‌സ് മെഡലുകളുമായി നമ്മുടെ കായികരംഗത്തിന്റെ ഖ്യാതി ലോക കായിക ഭൂപടത്തിലെത്തിച്ച വ്യക്തിയാണ് ഈ കായികോത്സവത്തിന്റെ ബ്രാൻഡ് അംബാസിഡറായ പി.ആർ. ശ്രീജേഷ്. അദ്ദേഹത്തിന്റെ സ്ഥിരോത്സാഹവും അർപ്പണബോധവും നിങ്ങൾക്ക് മാതൃകയും പ്രോത്സാഹനവും ആവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമുയർത്താനും ശാരീരികവും മാനസികവുമായ ആരോഗ്യമുള്ള ജനതയുടെ ആവശ്യകത ചൂണ്ടിക്കാട്ടാനും കായിക മേളകൾക്കാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയ്ക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് എവറോളിങ് ട്രോഫി മുഖ്യമന്ത്രിയിൽ നിന്ന് ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ലാ ടീം ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. കായികതാരങ്ങളുടെ പാരിതോഷിക തുക വർധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. കായികമേളയിൽ നൽകി വരുന്ന ഗ്രേസ് മാർക്ക് സംബന്ധിച്ചും പുനർവിചിന്തനം നടത്തും. കായികാധ്യാപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും മന്ത്രി ഉറപ്പുനൽകി. കേരളത്തിന്റെ കായിക ചരിത്രത്തിൽ വലിയ മാറ്റങ്ങൾക്ക് ഈ മേള തുടക്കം കുറിക്കും. നടത്തിപ്പിലും സംഘാടനത്തിലും മേള വൻ വിജയമായി. നേരത്തെ ഒളിമ്പിക്സ് മാതൃകയിൽ നാല് വർഷത്തിൽ ഒരിക്കൽ സംഘടിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ മേളയുടെ വിജയത്തെ തുടർന്ന് എല്ലാവർഷവും ഇത്തരത്തിൽ മേള സംഘടിപ്പിക്കാൻ ആവശ്യം ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അനുവാദം തേടും. അടുത്ത മേള തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സമാപനച്ചടങ്ങിൽ ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഐ.എം.വിജയൻ, നടൻ വിനായകൻ എന്നിവർ വിശിഷ്ടാതിഥികളായി. മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്, കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, എം.എൽ.എ മാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജിൻ, കെ.എൻ. ഉണ്ണികൃഷ്ണൻ, കെ.ജെ. മാക്സി, ആന്റണി ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ്, സ്പോർട്സ് ഓർഗനൈസർ ഡോ. സി.എസ്. പ്രദീപ്, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ എന്നിവർ പങ്കെടുത്തു. അടുത്തവർഷത്തെ സ്‌കൂൾ കായികമേള നടക്കുന്ന തിരുവനന്തപുരത്തിനു വേണ്ടി നഗരസഭ മേയർ ആര്യ രാജേന്ദ്രൻ കായികപതാക പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും ഏറ്റുവാങ്ങി. സമാപന സമ്മേളനത്തിന് ശേഷം കലാവിരുന്നും അരങ്ങേറി.

 

Author

Leave a Reply

Your email address will not be published. Required fields are marked *