കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.ടി. പത്മയുടെ നിര്യാണത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല അനുശോചിച്ചു. ദീർഘകാലമായി തനിക്ക് എംടി പത്മയുമായി അടുത്ത ബന്ധമുണ്ടെന്നു ചെന്നിത്തല അനുസ്മരിച്ചു. കോഴിക്കോട് ലോ കോളജിൽ നിയമബിരുദത്തിനു പഠിക്കുേമ്പോൾ കെ.എസ്.യുവിലൂടെയാണ് പത്മ പൊതു രാഷ്ട്രീയ പ്രവർത്തന രംഗത്തെത്തിയത്. അന്നുമുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വനിതാ വിഭാഗം നേതൃരംഗത്ത് ശക്തമായ സാന്നിധ്യമായിരുന്നു. വളരെ സ്തുത്യർഹമായ സേവനമാണ് അവർ കാഴ്ച വച്ചത്.
കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ്, സംസ്ഥാന വൈസ് പ്രസിഡൻറ് എന്നീ നിലകളിലും യൂത്ത് കോൺഗ്രസിലും ദീർഘകാലം പ്രവർത്തിച്ചു. മുതിർന്നപ്പോൾ കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും ഇതര കമ്മിറ്റികളിലും പ്രവർത്തിച്ചു. 1991ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ്-ഗ്രാമ വികസന-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു. രണ്ട് വട്ടം കൊയിലാണ്ടി മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ അംഗമായിരുന്നു.
കോൺഗ്രസ് നേതാവ്, ജനപ്രതിനിധി, മന്ത്രി എന്നീ നിലകളിൽ മലബാറിലെ വനിതകളുടെ ശക്തമായ ശബ്ദമായിരുന്നു പത്മയുടേത്. അവരുടെ വേർപാട് കോൺഗ്രസ് പ്രസ്ഥാനത്തിനു മാത്രമല്ല, വനിതാ ശാക്തീകരണ മുന്നേറ്റങ്ങൾക്കെല്ലാം വലിയ നഷ്ടമാണു വരുത്തിയതെന്നും ചെന്നിത്തല അനുസ്മരിച്ചു.